സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ വെച്ചാണ് ഖുറാന്‍ കത്തിച്ചത്. അതേസമയം സ്വീഡനിലെ ഇറാഖ് എംബസിയ്ക്ക് മുന്നില്‍ വെച്ച് ഖുറാന്‍ കത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി ഇറാഖ് വംശജനായ വ്യക്തി ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. താനൊരു നിരീശ്വരവാദിയാണെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്.
അതേസമയം സംഭവത്തേത്തുടര്‍ന്ന് ഇറാഖിലും വന്‍ പ്രതിഷേധമുണ്ടായി. ഇറാഖിലെ സ്വീഡിഷ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് സ്വീഡനുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. ഖുറാന്‍ കത്തിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒഐസി ജൂലൈ രണ്ടിന് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നുള്ള എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സ്വീഡന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
advertisement
അധികാരികളുടെ സമ്മതത്തോടെ വിശുദ്ധ ഖുറാനെയും ഇസ്ലാമിക മൂല്യങ്ങളെയും പരസ്യമായി അവഹേളിക്കുന്ന ഏതൊരു രാജ്യത്തിന്റെയും പ്രത്യേക പ്രതിനിധി പദവി എടുത്ത് മാറ്റണമെന്ന്’ ഒഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.
സ്വീഡനിൽ ഖുറാന്‍ കത്തിച്ച സംഭവം: അടിയന്തര യോഗം വിളിച്ച് UN മനുഷ്യവകാശ കൗണ്‍സില്‍
സംഘടനയുടെ തീരുമാനം അറിയിച്ച് സ്വീഡിഷ് വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് ഒഐസി പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡെന്‍മാര്‍ക്കില്‍ പരസ്യമായി ഖുറാന്‍ കത്തിച്ചതിലും പ്രതിഷേധം ആളിപ്പടരുകയാണ്. ഇറാഖില്‍ പ്രതിഷേധക്കാര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. ഡാനിഷ് എംബസി സ്ഥിതി ചെയ്യുന്ന ബാഗ്ദാദില്‍ വെച്ച് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കൂടാതെ ബസ്‌റയിലെ ഡെന്‍മാര്‍ക്കിന്റെ അഭയാര്‍ത്ഥി കൗണ്‍സിലിന്റ ഭാഗമായ ചില കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.
അതേസമയം ഖുറാന്‍ കത്തിച്ചതിനെ അപലപിച്ച് ഡെന്‍മാര്‍ക്ക് ഭരണകൂടം രംഗത്തെത്തിയിരുന്നു.
” വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് ലജ്ജാകരമാണ്. മറ്റ് മതങ്ങളോട് അനാദരവ് കാണിക്കുകയും അവരുടെ മതപരമായ ചിഹ്നങ്ങളെ തകര്‍ക്കുകയും ചെയ്യുന്നതിനെ അപലപിക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ വികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണിത്. ഇത് സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കും,” ഡെന്‍മാര്‍ക്ക് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മിക്ക രാജ്യങ്ങളിലും മതനിന്ദയ്‌ക്കെതിരെ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സ്വീഡനിലും ഡെന്‍മാര്‍ക്കിലും ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തിലില്ല. ഈ രാജ്യങ്ങളില്‍ വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടില്ല.
സ്വീഡനിൽ ഖുറാന്‍ കത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിരവധി രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ അപലപിച്ച് സ്വീഡിഷ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിക് പ്രവൃത്തിയാണിതെന്നാണ് സ്വീഡിഷ് സര്‍ക്കാര്‍ പ്രതികരിച്ചത്.