ഇറാഖിലെ സ്വീഡിഷ് എംബസിക്കു പ്രതിഷേധക്കാർ തീയിട്ടു; ആക്രമണം ഖുർആൻ കത്തിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്
- Published by:Anuraj GR
- trending desk
Last Updated:
സ്വീഡനിൽ ഖുറാൻ കത്തിക്കാൻ വീണ്ടും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു
ഇറാഖിലെ ബാഗ്ദാദിലുള്ള സ്വീഡിഷ് എംബസിക്കു നേരെ ആക്രമണം. പ്രതിഷേധക്കാർ എംബസിക്കു തീയിട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്വീഡനിൽ ഖുറാൻ കത്തിക്കാൻ വീണ്ടും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. സംഭവത്തിൽ എംബസിയിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
സംഭവത്തെ അപലപിച്ച ഇറാഖ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇറാഖ് സർക്കാർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്വീഡനിൽ രണ്ടാമതും ഖുറാൻ കത്തിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ഇതു സംബന്ധിച്ച വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതിഷേധക്കാർ സ്വീഡിഷ് എംബസിയുടെ മതിലിൽ ചവിട്ടുന്നതും പതാകകളും അടയാളങ്ങളും കാണിക്കുന്നതും ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. എംബസിയുടെ പുറത്തെ വേലിക്കു മുകളിലൂടെ ആളുകൾ അകത്തേക്ക് കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ, ചിലർ മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിക്കുന്നുമുണ്ട്.
advertisement
ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് സ്വീഡനും രംഗത്തെത്തി. വിയന്ന കൺവെൻഷന്റെ ഗുരുതരമായ ലംഘനമാണ് ഇതെന്നും സ്വീഡൻ പറഞ്ഞു. നയതന്ത്ര പ്രവർത്തനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം എന്നും ഇറാഖിനോട് സ്വീഡിഷ് സർക്കാർ ആവശ്യപ്പെട്ടു.
സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ റാസ്മസ് പലൂദൻ ഖുറാന്റെ പകർപ്പ് കത്തിച്ചതിനെ തുടർന്ന് സ്വീഡനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. സ്വീഡിഷ്-ഡാനിഷ് ആക്ടിവിസ്റ്റായ പലൂദൻ ഇസ്ലാമിനെതിരെയും സ്വീഡനിലെ കുടിയേറ്റത്തിനെതിരെയുമുള്ള നീണ്ട പ്രസംഗത്തിന് ശേഷമാണ് ഖുർആൻ കത്തിച്ചത്. “ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ, നിങ്ങൾ മറ്റെവിടെയെങ്കിലും ജീവിക്കണം,”എന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ ഉൾപ്പെടെയുള്ളവർ പലൂദന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. “ഇത് വലിയ അനാദരവ് ആണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്. എന്നാൽ നിയമപരമായി നോക്കുമ്പോൾ ഈ ചെയ്തതിനെ ന്യായീകരിക്കാനാകില്ല. അനേകർ വിശുദ്ധമായി കരുതുന്ന ഈ ഗ്രന്ഥം കത്തിക്കുന്നത് അതിനോട് അങ്ങേയറ്റം അനാദരവു കാണിക്കുന്ന പ്രവൃത്തിയാണ്. ഇന്ന് സ്റ്റോക്ക്ഹോമിൽ സംഭവിച്ചതിൽ അസ്വസ്ഥരായ എല്ലാ മുസ്ലീങ്ങളോടും ഞാൻ സഹതാപം പ്രകടിപ്പിക്കുന്നു” എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
advertisement
സ്വീഡനില്‍ പരസ്യമായി വിശുദ്ധ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാകിസ്ഥാനിനും പ്രതിഷേധം ശക്തമായിരുന്നു. ആയിരക്കണക്കിന് മുസ്ലീങ്ങൾ രാജ്യത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്വീഡന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. സംഭവത്തില്‍ പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രംഗത്തെത്തിയിരുന്നു. നഗരത്തിലെ പള്ളികള്‍ക്ക് മുന്നിലെത്തി വിശ്വാസികളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സ്വീഡനുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. പാകിസ്ഥാനിലെ വടക്ക്പടിഞ്ഞാറന്‍ മേഖലയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായവും ഖുറാന്‍ കത്തിക്കലില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 21, 2023 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാഖിലെ സ്വീഡിഷ് എംബസിക്കു പ്രതിഷേധക്കാർ തീയിട്ടു; ആക്രമണം ഖുർആൻ കത്തിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്