വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ അബദ്ധത്തിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് ട്രംപിന്റെ വിവാദ പരാമർശങ്ങളുള്ളത്. 'ഞാൻ ഫ്രാൻസിനെ വിളിച്ചു, ആ മാക്രോണിനെ. അവന്റെ ഭാര്യ അവനോട് പെരുമാറുന്നത് വളരെ മോശമായാണ്,' എന്ന് ട്രംപ് പരിഹസിച്ചു.
കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനിടെ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ അദ്ദേഹത്തിന്റെ മുഖത്ത് തള്ളുന്നതായി പ്രചരിച്ച വീഡിയോയെ മുൻനിർത്തിയായിരുന്നു ട്രംപിന്റെ അധിക്ഷേപം.
ഇറാനുമായുള്ള യുദ്ധത്തിൽ ഫ്രാൻസിനോട് സഹായം അഭ്യർത്ഥിച്ചപ്പോൾ മാക്രോൺ നൽകിയ മറുപടിയെ ട്രംപ് ഫ്രഞ്ച് ഉച്ചാരണത്തിൽ അനുകരിച്ചു. 'യുദ്ധം ജയിച്ചുകഴിഞ്ഞാൽ ഞങ്ങൾ സഹായിക്കാം' എന്നാണ് മാക്രോൺ പറഞ്ഞതെന്ന് അദ്ദേഹത്തെ അനുകരിച്ച് ട്രംപ് പറഞ്ഞു. യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യമാണുള്ളതെന്ന് താൻ തിരിച്ചുചോദിച്ചതായും ട്രംപ് അവകാശപ്പെട്ടു.
advertisement
നാറ്റോ സഖ്യം വെറുമൊരു കടലാസ് പുലി മാത്രമാണെന്നും ഒരു വലിയ യുദ്ധം ഉണ്ടായാൽ അവരാരും കൂടെയുണ്ടാകില്ലെന്നും ട്രംപ് പറയുന്നു. യുദ്ധത്തിന് ശേഷം നാറ്റോയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൂചന നൽകി.
ട്രംപിന്റെ പേരെടുത്തു പറയാതെ തന്നെ ജപ്പാൻ സന്ദർശനത്തിനിടെ മാക്രോൺ ഇതിന് മറുപടി നൽകി. അന്താരാഷ്ട്ര നിയമങ്ങളും സ്ഥിരതയുമാണ് പ്രധാനമെന്നും പങ്കാളികളുമായി ആലോചിക്കാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവർ സഖ്യകക്ഷികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളിൽ ഫ്രാൻസുമായി ആലോചന നടത്തിയിട്ടില്ലെന്നും അതിനാൽ ഈ യുദ്ധത്തിന്റെ ഭാഗമാകില്ലെന്നും മാക്രോൺ എൻഎച്ച്കെ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള ഊർജ വിപണിയെ ബാധിക്കുന്നതിൽ മാക്രോൺ ആശങ്ക രേഖപ്പെടുത്തി. ജപ്പാൻ പ്രധാനമന്ത്രി സനാ തകയിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കടൽ വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെടാതെ നോക്കേണ്ടത് ലോകസമാധാനത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് സ്കൂളിൽ അദ്ദേഹത്തിന്റെ അധ്യാപികയായിരുന്നു. ബ്രിജിറ്റിനേക്കാൾ 24 വയസ്സ് ഇളയതാണ് മാക്രോൺ. ഇരുവരുടെയും പ്രായവ്യത്യാസത്തെയും സ്വകാര്യ ജീവിതത്തെയും മുൻനിർത്തി ട്രംപ് മുൻപും വിവാദപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. 2007-ലാണ് 29 കാരൻ മാക്രോണും 54 കാരി ബ്രിജിറ്റും വിവാഹിതരായത്. 2017-ൽ മാക്രോൺ
പ്രസിഡന്റായതോടെ ബ്രിജിറ്റ് ഫ്രാൻസിലെ പ്രഥമ വനിതയായി. ഔദ്യോഗികമായി രാഷ്ട്രീയ ചുമതലകളൊന്നുമില്ലെങ്കിലും ഫ്രഞ്ച് വിദ്യാഭ്യാസ മേഖലയിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങളിലും ഇവർ സജീവമായി ഇടപെടാറുണ്ട്.
