"യുദ്ധമുഖത്ത് ഞങ്ങൾ വളരെ മികച്ച രീതിയിലാണ് മുന്നേറുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം അതിവേഗം തുടച്ചുനീക്കപ്പെടുകയാണ്," ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആണവായുധം കൈക്കലാക്കാനുള്ള പാതയിലായിരുന്നുവെന്നും ഭ്രാന്തൻമാരുടെ കയ്യിൽ ആണവായുധം ഇരിക്കുന്നത് അപകടമാണെന്നും അദ്ദേഹം യുഎസ് നടപടിയെ ന്യായീകരിച്ചു. ശനിയാഴ്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിന് കാരണമായ ഇസ്രായേൽ-അമേരിക്ക സംയുക്ത വ്യോമാക്രമണം ഇനിയും തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
അതിനിടെ, യുദ്ധത്തിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 1,097 കടന്നതായി ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 5000-ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
ഇറാനിലെ മതഭരണകൂടം തകരുകയാണെന്നും അവർ സ്വന്തം രക്തം കൊണ്ട് വില നൽകുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് പറഞ്ഞു. എന്നാൽ ഇറാനിൽ ഭരണമാറ്റമാണോ ട്രംപ് ലക്ഷ്യമിടുന്നത് എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ അവർ തയ്യാറായില്ല. അതേസമയം, ഇറാന്റെ പതനത്തിന് ശേഷം അവിടെ അമേരിക്കയുടെ പങ്ക് എന്തായിരിക്കണം എന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്നും കുർദിഷ് നേതാക്കളുമായി അദ്ദേഹം സംസാരിച്ചതായും ലീവിറ്റ് വെളിപ്പെടുത്തി. ഇറാനിലെ കുർദിഷ് ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന കാര്യം വാഷിംഗ്ടൺ പരിഗണിക്കുന്നതായി വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു.
