മേഖലയിലെ അമേരിക്കൻ, ഇസ്രായേൽ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെന്നും അവർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും ലാരിജാനി അവകാശപ്പെട്ടു. ട്രംപിനെ ഇറാൻ വെറുതെ വിടില്ലെന്നും തങ്ങളുടെ നേതാവിനെ വധിച്ചതിനും ആയിരത്തിലധികം പേരെ കൊലപ്പെടുത്തിയതിനും അദ്ദേഹം മറുപടി പറയേണ്ടി വരുമെന്നും ഔദ്യോഗിക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടിയതുപോലെ ചുരുങ്ങിയ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് അമേരിക്ക കരുതിയതെന്നും എന്നാൽ അവർ പരാജയപ്പെട്ടുവെന്നും ലാരിജാനി കൂട്ടിച്ചേർത്തു.
advertisement
എന്നാൽ അലി ലാരിജാനിയുടെ ഭീഷണികളെ ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ലാരിജാനി ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്ന കാര്യങ്ങൾ താൻ ശ്രദ്ധിക്കുന്നില്ലെന്നും സിബിഎസ് ന്യൂസിനോട് ട്രംപ് പ്രതികരിച്ചു. ഇറാൻ നേരത്തെ തന്നെ പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ട്രംപ് പരിഹസിച്ചു. ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്ന് ആവർത്തിച്ച അദ്ദേഹം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു.
