ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയോ തടയുന്നതിനെയോ ലക്ഷ്യം വെച്ചുള്ള ഇറാൻ്റെ നീക്കങ്ങളെയും യുഎൻ കർശനമായി അപലപിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഊർജ്ജ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ ഈ മേഖലയിലെ സ്ഥിരത തകർക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ബഹ്‌റൈൻ അംബാസഡർ ജനാൽ അൽറോവായ് വ്യക്തമാക്കി.
advertisement
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട അമേരിക്ക-ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ലാത്തതിനെ റഷ്യയും ചൈനയും വിമർശിച്ചു. അന്താരാഷ്ട്ര കാര്യങ്ങളിൽ അറിവില്ലാത്ത ഒരാൾ ഈ പ്രമേയം വായിച്ചാൽ, ഇറാൻ യാതൊരു പ്രകോപനവുമില്ലാതെ അറബ് രാജ്യങ്ങളെ ആക്രമിക്കുകയാണെന്നേ കരുതുകയുള്ളൂ എന്ന് റഷ്യൻ അംബാസഡർ വസിലി നെബെൻസിയ പറഞ്ഞു.
ഫെബ്രുവരി 28-ലെ അമേരിക്ക-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധം ഗൾഫ് മേഖലയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമേരിക്കൻ സൈനിക താവളങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും എനർജി പ്ലാന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്.
ലോകത്തിലെ എണ്ണ-വാതക കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് ഏറ്റെടുത്തതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഖത്തറും സൗദി അറേബ്യയും തങ്ങളുടെ ഉൽപ്പാദനം നിർത്തിവെക്കാൻ നിർബന്ധിതരായി. ഈ പ്രതിസന്ധി മറികടക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര എണ്ണശേഖരം വിപണിയിലിറക്കാൻ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി തീരുമാനിച്ചിട്ടുണ്ട്.
