ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് യുഎസ് ബന്ധമാണ്, പ്രത്യേകിച്ചും ചൈനയുമായി അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ. അതുകൊണ്ടുതന്നെ മറ്റേതൊരു ഉഭയകക്ഷി ഇടപെടലുകളേക്കാളും അമേരിക്കയുമായുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്: സാമ്പത്തികമായും തന്ത്രപരമായും സാമൂഹികമായും. വ്യാപാരം, ഇമിഗ്രേഷൻ നയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ അമേരിക്കൻ പ്രസിഡന്റുമാർക്ക് പലപ്പോഴും ഇന്ത്യയോടുള്ള നിലപാട് നിർവ്വചിക്കാൻ കഴിയും.
ഒരുകാലത്ത് ഇന്ത്യൻ വരേണ്യവർഗം കടുത്ത അമേരിക്കൻ വിരുദ്ധത പുലർത്തിയിരുന്നത് ഇന്ന് പഴങ്കഥയായിരിക്കുന്നു. യുഎസിലെ ഇന്ത്യൻ പ്രവാസികൾ ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പ്രവാസി സമൂഹങ്ങളിൽ ഒന്നാണ്, അവരുടെ രാഷ്ട്രീയ മുൻഗണനകൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും - അവരെല്ലാം അവരുടെ ജന്മഭൂമി അല്ലെങ്കിൽ പിത്രഭൂമിയും അവരുടെ കർമ്മഭൂമിയും തമ്മിലുള്ള അടുത്ത ബന്ധത്തെ അനുകൂലിക്കുന്നു.
advertisement
ജോ ബിഡനും ഡൊണാൾഡ് ട്രംപും ചൈനയിൽ നിന്നുള്ള ഭീഷണി തിരിച്ചറിയുന്നുണ്ടെങ്കിലും അവരുടെ പ്രതികരണം വ്യത്യസ്തമായിരിക്കാം. ട്രംപ് 2.0 ചൈനയെ കൂടുതൽ ആക്രമണാത്മകമായി നേരിടാൻ തയ്യാറാകുമെങ്കിലും, ബിഡെൻ ഇടപഴകൽ നിയന്ത്രിക്കൽ രീതിയായ “കോൺഗേജ്മെൻറ്” നയം പിന്തുടരാൻ സാധ്യതയുണ്ട്.
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ചില സവിശേഷ സാഹചര്യങ്ങൾക്ക് അനുസൃതമായിരിക്കും. തന്ത്രപരമെന്ന നിലയിൽ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ചൈനയുമായി സഹകരണം തുടരാനുള്ള സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു, ചൈനയ്ക്കെതിരെ ആക്രമണാത്മക നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. അദ്ദേഹം ജയിച്ചാൽ അതു ഒന്നുകൂടി ശക്തമാക്കും. എന്നാൽ അനുരഞ്ജനത്തിന്‍റെ പാതയാകും ബിഡന്റെ വഴി. കീഴടങ്ങുന്നതിനും ചൈനീസ് ആധിപത്യം സ്വീകരിക്കുന്നതിനുമുള്ള രീതിയാണ് ബാൻഡ്‌വാഗണിംഗ് (“നിങ്ങൾക്ക് അവരെ തോൽപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അവരോടൊപ്പം ചേരുക!”). അത് ചൈനയ്ക്കെതിരെ സാധ്യമായ തന്ത്രപരമായ ഓപ്ഷനുകളിൽ നിന്ന് അമേരിക്ക സ്വയം ഒഴിവാകുന്നതാണ്. ഇത് ഒരു ദേശസ്നേഹിയായ ഇന്ത്യക്കാരന് അത്ര പെട്ടെന്ന് അംഗീകരിക്കാനാകുന്ന കാര്യമല്ല.
മുൻകാലങ്ങളിൽ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രബന്ധം, വ്യാപാര കരാർ, ആയുധ കരാർ എന്നിവയിൽ ഊന്നിയതായിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യ ഉറ്റുനോക്കുന്നത് ചൈനയോടുള്ള അമേരിക്കൻ സമീപനം എന്തായിരിക്കുമെന്നതാണ്. ഏത് പ്രസിഡന്‍റ് വന്നാലാണ് ചൈനയുമായുള്ള വിഷയങ്ങളിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ ലഭിക്കുക? ഏതായാലും പുതിയ പ്രസിഡന്‍റ് ആരാണെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു നയന്ത്ര വിഷയമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.