കഴിഞ്ഞ വർഷം അവസാനം 50 ശതമാനത്തോളം ഉയർന്നിരുന്ന നികുതി ഭാരമാണ് ഈ കരാറിലൂടെ ഗണ്യമായി കുറയുന്നത്. മുൻപുണ്ടായിരുന്ന 25 ശതമാനം ശിക്ഷാനികുതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതോടെ 25 ശതമാനമായിരുന്ന റെസിപ്രോക്കൽ ടാരിഫ് 18 ശതമാനമായി കുറയും. ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ, ജൈവ രാസവസ്തുക്കൾ, വീട് അലങ്കാര വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ, ചില യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് ഈ ഇളവ് ലഭ്യമാകും.
കൂടാതെ മരുന്നുകൾ, രത്നങ്ങൾ, ഡയമണ്ട്, വിമാന ഭാഗങ്ങൾ എന്നിവയുടെ നികുതി പൂർണ്ണമായും ഒഴിവാക്കുന്നത് വാഷിംഗ്ടൺ പരിഗണിച്ചുവരികയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നേരിട്ടോ അല്ലാതെയോ നിർത്തലാക്കാൻ ഇന്ത്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഒപ്പിട്ട ഉത്തരവിൽ വ്യക്തമാക്കുന്നു. പകരം അമേരിക്കയിൽ നിന്ന് ഊർജ്ജ വിഹിതം വാങ്ങാനും പ്രതിരോധ സഹകരണം അടുത്ത 10 വർഷത്തേക്ക് വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
advertisement
ഈ കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകർക്കും കർഷകർക്കും 30 ട്രില്യൺ ഡോളറിന്റെ യുഎസ് വിപണി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ അമേരിക്കയുമായി സുപ്രധാനമായ ഒരു കരാറിൽ ഇന്ത്യ എത്തിയിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 12:01 മുതൽ പുതുക്കിയ നികുതി നിരക്കുകൾ നിലവിൽ വരും. മാസങ്ങളോളം നീണ്ടുനിന്ന വ്യാപാര തർക്കങ്ങൾക്കും റഷ്യൻ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കും ഈ കരാറിലൂടെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
