ഇതിന് മുൻപ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഭുപടത്തിൽ പാകിസ്ഥന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക് അധീന കശ്മീർ വ്യക്തമായി വേർതിരിച്ച് കാണിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ അവകാശ വാദങ്ങളെ തള്ളുന്നതാണ് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ പുതിയ ഭൂപടം. മേഖലയിലെ ദീർഘകാലമായുള്ള തർക്കങ്ങൾക്കും അയൽരാജ്യങ്ങളുടെ അവകാശവാദങ്ങൾക്കും ഇടയിലാണ് ഇത്തരമൊരു ഭൂപടം വരുന്നത് എന്നത് ശ്രദ്ധേയമാണ്.വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് യുഎസിന്റെ ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്.
advertisement
2020-ൽ ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനാഗഡ്, മനവദർ, സർ ക്രീക്ക് എന്നിവ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം അംഗീകരിച്ചിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ വിഡ്ഢിത്തം ആണെന്ന് പറഞ്ഞ് ഇന്ത്യ പാകിസ്ഥാന്റെ അവകാശ വാദങ്ങളെ പൂർണമായും തള്ളിയിരുന്നു.
ചൈനയും ഇന്ത്യൻ പ്രദേശങ്ങൾക്കുമേൽ ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട്. 2023 ഓഗസ്റ്റിൽ ബീജിംഗ് പുറത്തിറക്കിയ 'സ്റ്റാൻഡേർഡ് മാപ്പിൽ' തെക്കൻ തിബറ്റ് എന്ന് അവർ വിളിക്കുന്ന അരുണാചൽ പ്രദേശും 1962-ലെ യുദ്ധകാലത്ത് ചൈന കൈവശപ്പെടുത്തിയ അക്സായ് ചിന്നും തങ്ങളുടെ ഭാഗമായാണ് കാണിച്ചിരുന്നത്. എന്നാൽ ഇത്തരം നടപടികൾ യഥാർത്ഥ വസ്തുതകളിൽ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ചുകൊണ്ട് ഇന്ത്യ ഈ അവകാശവാദങ്ങളെയും നിരന്തരം തള്ളിക്കളയാറുണ്ട്.
