വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ആക്ടിംഗ് പ്രസിഡന്റായി വെനിസ്വേല സുപ്രീം കോടതി നിയമിച്ചു.വെനിസ്വേലയിൽ യുഎസ് വ്യോമാക്രമണം നടത്തി പ്രസിഡന്റ് നികോളാസ് മഡുറോയെ പിടികൂടിയതിന് ഒരു ദിവസത്തിന് ശേഷമാണ് നടപടി. നിക്കോളാസ് മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേൽക്കാൻ വെനിസ്വേലയുടെ സുപ്രീം കോടതിയുടെ കോൺസ്റ്റിറ്റ്യൂഷണൽ ചേംബർ ശനിയാഴ്ച ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
advertisement
"രാഷ്ട്രത്തിന്റെ സമഗ്രമായ പ്രതിരോധവും ഭരണപരമായ തുടർച്ചയും ഉറപ്പാക്കുന്നതിനായി, ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനം റോഡ്രിഗസ് ഏറ്റെടുക്കുമെന്ന്" സുപ്രീം കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ഭരണകൂടത്തിന്റെ തുടർച്ച, സർക്കാർ ഭരണം, റിപ്പബ്ലിക് പ്രസിഡന്റിന്റെ അഭാവത്തിൽ പരമാധികാരം സംരക്ഷിക്കൽ എന്നിവ ഉറപ്പാക്കുന്നതിന് ബാധകമായ നിയമ ചട്ടക്കൂട് നിർണ്ണയിക്കുന്നതിന് കോടതി വിഷയം ചർച്ച ചെയ്യുമെന്നും വിധിയിൽ കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെ വെനിസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടതായി വെനിസ്വേലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.ശനിയാഴ്ചയാണ് അമേരിക്കൻ പ്രത്യേക സേന വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയത്. ഫോർട്ട് ടിയുന പോലുള്ള സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു യുഎസ് ആക്രമണം. മയക്കുമരുന്ന് ഭീകരവാദ കുറ്റമാണ് ന്യൂയോർക്ക് ഫെഡറൽ കോടതി വെനിസ്വേലൻ നേതൃത്വത്തിനെതിരെ ചുമത്തിയത്.
