യുദ്ധം വന്നപ്പോൾ, ദൈനംദിന തീരുമാനങ്ങൾ കുറച്ചുകൂടി സുരക്ഷിതമാക്കാൻ പ്രോഗ്രാമർമാർ ആപ്പുകൾ നിർമ്മിക്കുന്നതിലേക്ക് തിരിഞ്ഞു. "എനിക്ക് ഇപ്പോൾ കുളിക്കാമോ?" (Can I Shower?) എന്ന വെബ്‌സൈറ്റും ആപ്പുമാണ്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. മിസൈൽ ആക്രമണങ്ങൾക്കിടയിൽ കുളിക്കാൻ ഏറ്റവും സുരക്ഷിതമായ സമയം കണക്കാക്കാൻ ഇത് ഇസ്രായേലികളെ സഹായിക്കുന്നു. മിസൈൽ മുന്നറിയിപ്പ് ലഭിച്ചാൽ സുരക്ഷിത സ്ഥാനത്തെത്താൻ ഇസ്രായേലികൾക്ക് വെറും 30 മുതൽ 90 സെക്കൻഡ് വരെ മാത്രമാണ് ലഭിക്കുന്നത്. കുളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സൈറൺ കേൾക്കാനും വസ്ത്രം ധരിച്ച് പെട്ടെന്ന് ഓടാനും ബുദ്ധിമുട്ടായതിനാൽ ഈ ആപ്പ് പ്രായോഗികമായി ഏറെ ഗുണകരമാണ്.
advertisement
റോക്കറ്റ് ആക്രമണങ്ങളുടെ മുൻകാല രീതികളും മുന്നറിയിപ്പ് വിവരങ്ങളും വിശകലനം ചെയ്താണ് ഈ സംവിധാനം അപകടസാധ്യത കുറഞ്ഞ സമയം കണ്ടെത്തുന്നത്. ഉപയോക്താക്കൾക്ക് തങ്ങൾ കുളിക്കാൻ എടുക്കുന്ന സമയം, അതിനുശേഷം സുരക്ഷിത സ്ഥാനത്തെത്താൻ വേണ്ട സമയം എന്നിവ ഇതിൽ നൽകാം. ഇതൊരു ഔദ്യോഗിക സുരക്ഷാ സംവിധാനമല്ലെന്നും നൂറ് ശതമാനം കൃത്യമാകണമെന്നില്ലെന്നും ഡെവലപ്പർമാർ സമ്മതിക്കുന്നുണ്ടെങ്കിലും, പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തിൽ ഒരു ഏകദേശ ധാരണ ലഭിക്കാൻ ആപ്പ് സഹായകരമാകുന്നുണ്ട്.
ഇതുകൂടാതെ ഹോം ഫ്രണ്ട് കമാൻഡ് ആപ്പ്, റെഡ് അലർട്ട് പ്ലാറ്റ്‌ഫോമുകൾ എന്നിവയും മിസൈലുകളെക്കുറിച്ച് തത്സമയ മുന്നറിയിപ്പുകൾ നൽകുന്നു. മറ്റ് ചില ആപ്പുകളാകട്ടെ, ബോംബ് ഷെൽട്ടറുകൾക്ക് പുറത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉള്ളിൽ ആരെല്ലാമുണ്ടെന്ന് മനസ്സിലാക്കാനും അവരുമായി സംസാരിക്കാനും സൗകര്യമൊരുക്കുന്നു. സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളെ ഒരു സംഭാഷണത്തിനോ സൗഹൃദത്തിനോ ഉള്ള അവസരമാക്കി മാറ്റാൻ ഇത് സഹായിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഈ ആപ്പുകൾക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. റോക്കറ്റ് സൈറണുകൾ മുഴങ്ങാൻ സാധ്യതയുള്ള സമയത്ത് കുളിക്കണമോ വേണ്ടയോ എന്ന തീരുമാനം പോലും വിവരശേഖരണത്തിലൂടെ (Data-driven) എടുക്കുന്ന ഇസ്രായേലിലെ ഈ രീതിയെ പലരും 'ബുദ്ധിപരം' എന്നാണ് വിശേഷിപ്പിച്ചത്.
