"നിങ്ങളുടെ ശവകുടീരത്തിന് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?" എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. ഖമനയിയുടെ മരണത്തെ "ദയനീയമായ അന്ത്യം" എന്ന് വിശേഷിപ്പിച്ച അവർ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ചുകൊണ്ട് "അയാൾ ഒരു എലിയെപ്പോലെ ചത്തു" എന്നും കൂട്ടിച്ചേർത്തു.
ജനുവരിയിൽ ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഈ യുവതി ആഗോള ശ്രദ്ധ നേടിയത്. ഇറാനിൽ അക്കാലത്ത് നടന്ന വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രതീകമായി ആ ദൃശ്യങ്ങൾ മാറിയിരുന്നു. വലിയ തോതിൽ പ്രചരിക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചെറിയൊരു പ്രവൃത്തിയെ പ്രതിരോധത്തിന്റെ ശക്തമായ അടയാളമാക്കി മാറ്റി. സാമ്പത്തിക പ്രതിസന്ധിയും സ്ത്രീാവകാശങ്ങൾക്കായുള്ള പോരാട്ടവും ഇറാനിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണങ്ങൾ വരുന്നത്.
advertisement
ഒരു ഇറാനിയൻ അഭയാർത്ഥിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ സുരക്ഷാ കാരണങ്ങളാൽ മറ്റൊരു പേരാണ് ഉപയോഗിക്കുന്നത്. ഇറാനിലെ തന്റെ പ്രതിഷേധ പ്രവർത്തനങ്ങളെത്തുടർന്ന് താൻ അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും പിന്നീട് തുർക്കിയിലേക്ക് കടന്നതായും ഇവർ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സ്റ്റുഡന്റ് വിസയിൽ ടൊറന്റോയിലാണ് ഇവർ താമസിക്കുന്നത്.
