അന്നത്തെ ആ വധഭീഷണി അല്ലെങ്കിൽ ഫത്‌വ പിന്നീടുള്ള റഷ്ദിയുടെ ജീവിതത്തിൽ ഉടനീളം സ്വാധീനം ചെലുത്തിയിരുന്നു. 10 വർഷത്തോളം അദ്ദേഹം ഒളിവിൽ കഴിഞ്ഞു. പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും അടുപ്പമുള്ളവർക്കും ഭീഷണികൾ വർദ്ധിച്ചു.
എന്നാൽ എന്താണ് ഫത്‌വ? 2,500 പേരുടെ സദസ്സിനു മുന്നിൽ വച്ച് സൽമാൻ റഷ്ദിയ്ക്ക് കുത്തേറ്റ സംഭവത്തിൽ ഫത്‌വ എങ്ങനെ ഒരു ഘടകമാകും? ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം..
ആരാണ് സൽമാൻ റഷ്ദി? എന്താണ് അദ്ദേഹത്തിന്റെ പശ്ചാത്തലം?
advertisement
1947 ജൂണിൽ ഇന്ത്യയിൽ ജനിച്ച റുഷ്ദി ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറും മുമ്പ് ബോംബെയിലാണ് വളർന്നത്. പബ്ലിക് ബോർഡിംഗ് സ്കൂൾ, യൂണിവേഴ്സിറ്റി പഠനം എന്നിവ ഇംഗ്ലണ്ടിലായിരുന്നു. വർഷങ്ങളോളം അദ്ദേഹം ഒരു പരസ്യ കമ്പനിയിൽ കോപ്പിറൈറ്ററായി ജോലി ചെയ്തിരുന്നു. തുടർന്ന് 1975-ൽ തന്റെ ആദ്യ നോവൽ "ഗ്രിമസ്" പ്രസിദ്ധീകരിച്ചു. എന്നാൽ രണ്ടാമത്തെ പുസ്തകമായ "മിഡ്‌നൈറ്റ്‌സ് ചിൽഡ്രന്" 1981-ലെ ബുക്കർ പ്രൈസ് ലഭിക്കുന്നത് വരെ അദ്ദേഹത്തിന് സാഹിത്യ പ്രശംസ ലഭിച്ചിരുന്നില്ല.
2006ൽ പിബിഎസിൽ സംസാരിക്കുമ്പോൾ താൻ "ഒരു കടുത്ത നിരീശ്വരവാദി" ആണെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നു. 2007ൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി സാഹിത്യത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നൈറ്റ് പദവി നൽകി ആദരിച്ചു. ഇതുവരെ, 14 നോവലുകൾ റഷ്ദി എഴുതിയിട്ടുണ്ട്. അവസാന നോവൽ 2019 ലെ "ക്വിചോട്ട്" ആണ്.
ഇതുവരെ നാല് വിവാഹങ്ങൾ കഴിച്ചിട്ടുള്ള സൽമാൻ റഷ്ദി അവസാനമായി വിവാഹം കഴിച്ചത് മികച്ച പാചക പരിപാടിയായ "ടോപ്പ് ഷെഫിന്റെ" അവതാരക പത്മ ലക്ഷ്മിയെ ആണ്. 2004 മുതൽ 2007 വരെയാണ് ഈ വിവാഹബന്ധം നീണ്ടു നിന്നത്. അദ്ദേഹത്തിന് രണ്ട് ആൺമക്കളുമുണ്ട് - ഒരാൾ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ക്ലാരിസ ലുവാർഡിലും മറ്റൊരു മകൻ മൂന്നാമത്തെ ഭാര്യ എലിസബത്ത് വെസ്റ്റിലുമുള്ളതാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ അമേരിക്കൻ എഴുത്തുകാരി മാരിയന്നെ വിഗ്ഗിൻസ് ആയിരുന്നു.
എന്താണ് ഫത്‌വ?
ഇസ്ലാമിക മത നേതാക്കൾ പുറപ്പെടുവിക്കുന്ന ഉത്തരവാണ് ഫത്‌വ എന്നറിയപ്പെടുന്നത്. റഷ്ദിയ്ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത് ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള റുഹോള ഖൊമേനി ആണ്. 1989 ഫെബ്രുവരിയിലാണ് "സാത്താനിക് വേഴ്‌സസ്" ദൈവനിന്ദയായി ഖൊമേനി അപലപിക്കുകയും എഴുത്തുകാരന്റെ മരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തത്.
എന്നാൽ ഫത്‌വ എല്ലായ്പ്പോഴും ആക്രമണത്തിനായുള്ള ആഹ്വാനമല്ല. ഉദാഹരണത്തിന്, 2005ൽ യു.എസിലെയും കാനഡയിലെയും ഒരുകൂട്ടം മുസ്ലീം പണ്ഡിതന്മാരും മതനേതാക്കളും മറ്റൊരു ഫത്‌വ പുറപ്പെടുവിച്ചിരുന്നു. "എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും ഹറാമാണ്, അത് ഇസ്ലാം നിരോധിച്ചിരിക്കുന്നു. തീവ്രവാദവുമോ അക്രമ പ്രവർത്തനങ്ങളോ ചെയ്യുന്നതും അതുമായി സഹകരിക്കുന്നതും ഹറാമാണ്. ഇസ്ലാമിന് നിഷിദ്ധമാണ്. സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിയമപാലകരുമായി സഹകരിക്കേണ്ടത് ഒരു പൌരനെന്ന നിലയിലും മതപരമായും എല്ലാ മുസ്ലീങ്ങളുടെയും കടമ ആണെന്നും ഫത്‌വയിൽ പറയുന്നു.
'സാത്താനിക് വേഴ്സസ്' വിവാദമായത് എന്തുകൊണ്ട്?
1988-ൽ പ്രസിദ്ധീകരിച്ച റഷ്ദിയുടെ നാലാമത്തെ നോവലായിരുന്നു "ദ സാത്താനിക് വേഴ്‌സസ്". ഇംഗ്ലീഷിൽ എഴുതിയ നോവലിനെ പ്രധാനമായും കുടിയേറ്റ അനുഭവത്തിന്റെ ചരിത്രരേഖയായിട്ടാണ് എഴുത്തുകാരൻ വിശേഷിപ്പിച്ചത്. എന്നാൽ, മുസ്‌ലിംകൾ നോവലിലെ മുഹമ്മദിന്റെ ചിത്രീകരണത്തെ വിമർശിച്ചു. പ്രവാചകനെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു അവരുടെ ആരോപണം.
1989ലെ ഫത്‌വയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ
1989 ഫെബ്രുവരിയിൽ ഖൊമേനി, സൽമാൻ റഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തതോടെ റഷ്ദി ഒളിവിൽ പോയി. അക്കാലത്ത് അഞ്ച് മാസത്തിനുള്ളിൽ 56 തവണ റഷ്ദിയും കുടുംബവും വീട് മാറിയിരുന്നുവെന്ന് അന്നത്തെ അദ്ദേഹത്തിന്റെ ഭാര്യ വിഗ്ഗിൻസ്, ഒരു യുകെ പത്രത്തോട് പറഞ്ഞിരുന്നു. ടെഹ്‌റാൻ റേഡിയോയിലെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസത്തിലൊരിക്കലാണ് സ്ഥലങ്ങൾ മാറിയിരുന്നത്. എപ്പോഴും ഒരു സായുധ അംഗരക്ഷകനും അവർക്കൊപ്പം ഉണ്ടായിരുന്നു. റഷ്ദിയ്ക്ക് നേരെ ഫത്‌വ പുറപ്പെടുവിച്ച് മാസങ്ങൾക്ക് ശേഷം 1989 ജൂണിൽ ഖൊമേനി മരിച്ചു. എന്നാൽ ഫത്‌വ പിന്നീടും തുടർന്നു.
Also Read- എഴുത്തുകാരൻ സൽമാൻ റഷ്ദി അമേരിക്കയിൽ ആക്രമിക്കപ്പെട്ടു; അക്രമി പിടിയിൽ
1993-ൽ ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി, എഴുത്തുകാരനെതിരെയുള്ള ഫത്‌വ പരസ്യമായി പുതുക്കി. തുടർന്ന് എപ്പോഴും ഒളിവിലായിരുന്ന റഷ്ദി ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ ഒരു ഞായറാഴ്ചയിലെ പ്രാർത്ഥന ചടങ്ങിൽ പ്രത്യക്ഷപ്പെട്ടു, താൻ "തീവ്രവാദ ഭീഷണി" നേരിടുന്നുണ്ടെന്ന് സഭയെ അറിയിച്ചു. ഇനി മുതൽ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം ആ സമയത്ത് പ്രതിജ്ഞയെടുത്തു.
കൊലപാതകങ്ങളും ആക്രമണങ്ങളും
1991 ജൂലൈയിൽ, "സാത്താനിക് വേഴ്സ്" ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത പണ്ഡിതനായ ഹിതോഷി ഇഗരാഷിയെ ടോക്കിയോയുടെ വടക്കുകിഴക്കുള്ള സുകുബ സർവകലാശാല കാമ്പസിലെ ഒരു കെട്ടിടത്തിന്റെ ഇടനാഴിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ കഴുത്തിലും കൈകളിലും മുഖത്തും ആഴത്തിലുള്ള കുത്തേറ്റിരുന്നതായി പോലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ്, "സാത്താനിക് വേഴ്‌സസ്" ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത എറ്റോർ കാപ്രിയോളൊ തന്റെ അപ്പാർട്ട്‌മെന്റിൽ വച്ചും ആക്രമിക്കപ്പെട്ടു. കഴുത്തിലും നെഞ്ചിലും കൈയിലുമാണ് അദ്ദേഹത്തിനും പരിക്കേറ്റത്. എന്നാൽ കാപ്രിയോളോ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. ആക്രമണകാരി കാപ്രിയോളോയൊട് റഷ്ദിയുടെ വിലാസം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും കാപ്രിയോളോ വെളിപ്പെടുത്തിയിരുന്നില്ല.
Also Read- Salman Rushdie| സൽമാൻ റഷ്ദിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; 24 കാരൻ ധരിച്ചിരുന്നത് കറുത്ത വസ്ത്രം
1993 ഒക്ടോബറിൽ, നോവലിന്റെ നോർവീജിയൻ പ്രസാധകനായ വില്യം നൈഗാർഡിന് ഓസ്ലോയിലെ വീടിന് പുറത്ത് വച്ച് വെടിയേറ്റിരുന്നു. പരിക്കേറ്റ ഇദ്ദേഹം സുഖം പ്രാപിക്കാനായി മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. 2018ൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും വെടിവയ്പിന് "സാത്താനിക് വേഴ്‌സസുമായി" ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഫത്‌വ പിൻവലിക്കാൻ ശ്രമം നടന്നിട്ടുണ്ടോ?
ഇല്ല. 1998-ൽ, ബ്രിട്ടനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ ഇറാന്റെ പരമോന്നത നേതാവ് മുഹമ്മദ് ഖതാമി റഷ്ദിക്കെതിരായ വധശ്രമത്തെ ഇറാൻ പിന്തുണയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഏകദേശം ഒരു ദശാബ്ദത്തിന് ശേഷവും ഈ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു. റഷ്ദിയെ കൊല്ലുന്നതിന് വാഗ്ദാനം ചെയ്ത പാരിതോഷികം 3 മില്യൺ ഡോളറായി ഉയരുകയും ചെയ്തു.
പ്രതി ആര്?
കറുത്ത വസ്ത്രം ധരിച്ച് കറുത്ത മുഖംമൂടി ധരിച്ച ഒരാൾ ചൗട്ടക്വാ ഇൻസ്റ്റിറ്റ്യൂഷൻ ലെക്ചറിലെ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു. റഷ്ദിയെ 10 മുതൽ 15 തവണയാണ് ആക്രമി കുത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് പ്രകാരം, സല്‍മാന്‍ ന്യൂയോര്‍ക്കിലെ വേദിയിൽ പ്രഭാഷണം നടത്തുന്നതിനിടെ ഹാദി മത്താർ (hadi matar) എന്നയാളാണ് വേദിയിൽ ഓടിക്കയറി അദ്ദേഹത്തിന്റെ കഴുത്തിലും വയറിലും കുത്തിയത്. ന്യൂജേഴ്‌സിയില്‍ നിന്നുള്ള 24കാരനാണ് പ്രതിയായ ഹാദി മത്താർ എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.