സുഡാന്‍ വീണ്ടും സംഘര്‍ഷത്തില്‍ മുങ്ങുമ്പോള്‍ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. സുഡാന്‍ വിഭജനത്തിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ ഒരു ഭീകരമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നിലവിലെ സംഘര്‍ഷങ്ങള്‍.
പതിനാല് വര്‍ഷം മുമ്പ്, 2011-ലാണ് സുഡാന്‍ വിഭജനം നടക്കുന്നത്. അധികാരം, വംശീയത, പാര്‍ശ്വവത്കരണം എന്നിവയുടെ പേരിൽ നിലവിലുള്ള അതേ സംഘര്‍ഷങ്ങള്‍ തന്നെയാണ് ദക്ഷിണ സുഡാന്‍ എന്ന പുതിയ രാജ്യത്തിന്റെ പിറവിക്ക് കാരണമായതും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് ദക്ഷിണ സുഡാൻ. സുഡാന്‍ രണ്ടായി പിളര്‍ന്നതിന്റെ കാരണം വെറും ചരിത്രമല്ല. ഇന്നും ആ പ്രദേശത്തെ പിടികൂടിയിരിക്കുന്ന സംഘര്‍ഷങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഈ വിഭജനം നിര്‍ണായക പങ്കുവഹിക്കുന്നു.
advertisement
തലസ്ഥാനമായ ജൂബയില്‍ പുതിയ പതാക ഉയര്‍ന്നപ്പോള്‍ ലോകത്തിലെ ഏറ്റവും പുതിയ രാജ്യം ദക്ഷിണ സുഡാന്‍ പിറവിയെടുത്തു. ദുർബലമായിരുന്നു ദക്ഷിണ സുഡാൻ. യുദ്ധാനന്തരമുള്ള രാഷ്ട്രനിര്‍മ്മാണത്തിന്റെ വെല്ലുവിളികളും ദക്ഷിണ സുഡാന്‍ നേരിടാന്‍ തുടങ്ങി. സുഡാന്‍ വിഭജനം പെട്ടെന്നുള്ള ഒരു രാഷ്ട്രീയ നടപടി ആയിരുന്നില്ല. മറിച്ച് അരനൂറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര യുദ്ധങ്ങളുടെയും തകര്‍ന്ന സമാധാന കരാറുകളുടെയും ആഴത്തില്‍ വേരൂന്നിയ വംശീയവും മതപരവുമായ ഭിന്നതകളുടെ പരിസമാപ്തിയായിരുന്നു.
കൊളോണിയല്‍ ഭരണത്തിന്റെ പാരമ്പര്യം
സുഡാന്‍ വിഭജനവും സംഘർഷങ്ങളുമെല്ലാം അതിന്റെ കൊളോണിയല്‍ കാലഘട്ടവുമായും ബന്ധപ്പെട്ടു കിടക്കുന്നു. ബ്രിട്ടീഷ്-ഈജിപ്ഷ്യന്‍ ഭരണത്തിനുകീഴില്‍ (1899-1956) ആഫ്രിക്കയുടെ വടക്കും തെക്കും വെവ്വേറെ ഭരിക്കപ്പെട്ടു. വടക്ക് അറബ്-ഇസ്ലാമിക ലോകവുമായി ബന്ധിച്ചുനിന്നപ്പോള്‍ തെക്ക് ക്രിസ്ത്യന്‍ മിഷനറിമാരുടെയും പ്രാദേശിക ആഫ്രിക്കന്‍ പാരമ്പര്യങ്ങളുടെയും സ്വാധീനത്തിലായിരുന്നു. മതപരമായ ഈ വ്യത്യാസങ്ങൾ ജനജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. വസ്ത്രധാരണത്തിൽ മുതൽ ഈ മാറ്റങ്ങൾ പ്രകടമായിരുന്നു. സുഡാനിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഇസ്ലാമിക നിയമങ്ങളും സംസ്കാരങ്ങളുമാണ് അവിടെ. എന്നാൽ ദക്ഷിണ സുഡാനിൽ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവരാണ് കൂടുതൽ.
1956-ല്‍ സ്വാതന്ത്ര്യത്തിനുമുമ്പ് രണ്ട് മേഖലകളും കൂടി ലയിച്ചപ്പോള്‍ ആഴത്തിലുള്ള അവിശ്വാസവും ഇതോടൊപ്പം ഇഴചേര്‍ന്നിരുന്നു. വടക്കന്‍ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പെട്ടെന്ന് അറബ് വൽക്കരണവും ഇസ്ലാമിക നിയമങ്ങളും അടിച്ചേല്‍പ്പിച്ചു. എന്നാല്‍ ക്രിസ്തുമതം പ്രബലമായ തെക്കന്‍ സുഡാനിലെ പ്രദേശങ്ങളെ അകറ്റി നിര്‍ത്തുകയും വംശീയ കലാപത്തിന്റെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്തു.
രണ്ട് ആഭ്യന്തര യുദ്ധങ്ങളും ദശാബ്ദങ്ങളുടെ നാശനഷ്ടവും
സ്വാതന്ത്ര്യത്തിന് ഒരു വര്‍ഷം മുമ്പ് 1955-ലാണ് സുഡാനില്‍ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1972-ല്‍ അഡിസ് അബാബ കരാര്‍ ദക്ഷിണ മേഖലയ്ക്ക് പരിമിതമായ സ്വയംഭരണാവകാശം നല്‍കുന്നതു വരെ അത് തുടര്‍ന്നു. സമാധാനം ഒരു പതിറ്റാണ്ട് മാത്രം നീണ്ടുനിന്നു. 1983-ല്‍ അന്നത്തെ പ്രസിഡന്റ് ജാഫര്‍ നിമൈരി തെക്കന്‍ മേഖലയ്ക്ക് സ്വയംഭരണാവകാശം റദ്ദാക്കുകയും ശരീയത്ത് നിയമം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് രണ്ടാമത്തെ യുദ്ധത്തിന് കാരണമായി. ജോണ്‍ ഗരാങ്ങിന്റെ നേതൃത്വത്തിലുള്ള സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (എസ്പിഎല്‍എ) യുദ്ധത്തിന് നേതൃത്വം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഒന്നായി മാറിയ ഈ സംഘര്‍ഷത്തില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തു.
2005-ലെ സമാധാന ഉടമ്പടിയും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും
വര്‍ഷങ്ങളോളം നീണ്ടുനിന്ന അന്താരാഷ്ട്ര തലത്തിലുള്ള മധ്യസ്ഥതയ്ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷം സുഡാന്‍ സര്‍ക്കാരും എസ്പിഎല്‍എയും തമ്മില്‍ 2005-ല്‍ നെയ്‌റോബിയില്‍ സമഗ്ര സമാധാന കരാര്‍ (സിപിഎ) ഒപ്പുവെച്ചു. ശത്രുതകള്‍ അവസാനിപ്പിച്ച് അധികാരം പങ്കിടാന്‍ കരാറില്‍ ധാരണയായി. ആറ് വര്‍ഷത്തിനുശേഷം സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധന നടത്താനുള്ള അവകാശം ദക്ഷിണ മേഖലയ്ക്ക് നല്‍കി. ഒടുവില്‍ 2011-ല്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ഫലം അതിശയിപ്പിക്കുന്നതായിരുന്നു. ദക്ഷിണ സുഡാനില്‍ 98.8 ശതമാനം പേരും സുഡാനില്‍ നിന്ന് വേര്‍പിരിയാന്‍ വോട്ട് ചെയ്തു. സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിലെ അപൂര്‍വ വിജയഗാഥയായി ഈ നിമിഷം ആഫ്രിക്കയിലുടനീളം ആഘോഷിക്കപ്പെട്ടു.
ജൂലായ് 9, 2011- ഒരു രാജ്യത്തെ പിറവി
അങ്ങനെ 2011 ജൂലായ് 9-ന് ലോകത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകരിക്കപ്പെട്ട രാജ്യമായ ദക്ഷിണ സുഡാന്‍ ഔദ്യോഗികമായി പിറവിയെടുത്തു. ആയിരകണക്കിന് പൗരന്മാര്‍ ആര്‍പ്പുവിളികളോടെയും പുതിയ പതാക ഉയര്‍ത്തിയും തലസ്ഥാനമായ ജൂബയില്‍ ആഘോഷം നടന്നു. സാല്‍വ കീര്‍ ദക്ഷിണ സുഡാനിന്റെ ആദ്യ പ്രസിഡന്റായി. 2005-ല്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ജോണ്‍ ഗരാങ് പ്രസ്ഥാനത്തിന്റെ സ്ഥാപക നായകനായി ഓര്‍മ്മിക്കപ്പെട്ടു. പുതിയ രാജ്യത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം വേഗത്തില്‍ ലഭിച്ചു. ഐക്യരാഷ്ട്രസഭ ദക്ഷിണ സുഡാനെ അതിന്റെ 193-ാമത്തെ അംഗരാജ്യമായി അംഗീകരിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ദക്ഷിണ സുഡാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു.
സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷകള്‍ ഫലം കണ്ടില്ല
സ്വാതന്ത്ര്യം സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. എണ്ണയാല്‍ സമ്പന്നമായ അതിര്‍ത്തി പ്രദേശങ്ങളായ അബ്യേയ്, ഹെഗ്ലിഗ് എന്നിവയെച്ചൊല്ലി സുഡാനുമായി തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇത് വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. പുതിയ രാജ്യത്തിനുള്ളില്‍ വംശീയ വൈരാഗ്യങ്ങളും അഴിമതിയും രാഷ്ട്രീയ ഉള്‍പ്പോരുകളും സ്ഥിരത ഇല്ലാതാക്കി. സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വര്‍ഷത്തിനുശേഷം 2013 ഡിസംബറില്‍ പ്രസിഡന്റ് കീറിനെ പിന്തുണയ്ക്കുന്നവരും മുന്‍ വൈസ് പ്രസിഡന്റ് റീക്ക് മച്ചാറിനെ പിന്തുണയ്ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇത് ദക്ഷിണ സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടു. സംഘര്‍ഷത്തില്‍ ലക്ഷകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി ആളുകൾ പലായനം ചെയ്തു.
സുഡാന്റെ വിഭജനത്തിന്റെ ചാപ്റ്റര്‍ നഷ്ടവുമായി ബന്ധപ്പെട്ട വിമോചനത്തിന്റെ കഥയാണ്. പതിറ്റാണ്ടുകള്‍ നീണ്ട കഷ്ടതകള്‍ക്കുശേഷം നേടിയെടുത്ത വിജയമായിരുന്നു ദക്ഷിണ സുഡാന്‍. എന്നാല്‍ തുടര്‍ന്നുള്ള രാഷ്ട്രനിര്‍മ്മാണത്തിലെ വെല്ലുവിളികള്‍ സമാധാന കരാറുകളിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ലെന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യം നേടി പതിനാല് വര്‍ഷത്തിനിപ്പുറവും ദക്ഷിണ സുഡാന്‍ ദുര്‍ബലമായി തുടരുന്നു. ഭിന്നതകള്‍ പരിഹരിക്കാനും സ്ഥിരതയുള്ള ഭാവി കെട്ടിപ്പടുക്കാനും പാടുപെടുന്നു. ആഭ്യന്തര കലാപത്തിൽ വിറച്ച് ജനങ്ങൾ കൂട്ടത്തോടെയുള്ള പലായനം തുടരുന്നു.
