വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാംഗിന്റെ തലസ്ഥാനമായ ഉറുംഖിയിലാണ് കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായത്. അനിശ്ചിതകാലമായി ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് ലോക്ഡൗണ്‍ രക്ഷാപ്രവര്‍ത്തനങ്ങളെ വരെ ബാധിച്ചുവെന്ന് ജനങ്ങൾ പറയുന്നു.
ഷാങ്ഹായില്‍ ഒത്തുച്ചേര്‍ന്ന പ്രതിഷേധക്കാരില്‍ ചിലര്‍ രോഗം ബാധിച്ച് മരിച്ചവര്‍ക്ക് വേണ്ടി മെഴുകുതിരികളും പൂക്കളും സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ ഈ സമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെതിരെ മുദ്രാവാക്യവുമായാണ് രംഗത്തെത്തിയത്. ഷി ജിന്‍ പിംഗ് രാജിവെയ്ക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കുക എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് തടിച്ചുകൂടിയ ജനം പ്രതിഷേധസൂചകമായി ഒരു വെള്ളകടലാസും ഉയര്‍ത്തിപ്പിടിച്ചിരുന്നു.
advertisement
വെള്ളക്കടലാസും വെള്ള നിറമുള്ള കൊടികളുമാണ് പ്രതിഷേധത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു രീതി എന്നല്ലേ? കൂടുതലറിയാം.
സെന്‍സര്‍ഷിപ്പിന് എതിരെയുള്ള വിയോജിപ്പ്
ദേശീയ സുരക്ഷാ നയത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഹോങ്കോങ്ങിലെ ജനങ്ങൾ വെള്ളക്കടലാസ് ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകാം ചൈനയിലും സമാന രീതി ജനങ്ങള്‍ പിന്തുടരുന്നത്. ചൈനയില്‍ സര്‍ക്കാരിനെതിരെയോ പ്രസിഡന്റിന് എതിരെയോ ഉള്ള വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് നല്‍കുന്നത്.
2020 ജൂണില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കലയിലുടെയും ഗ്രാഫിറ്റിയിലൂടെയുമാണ് പൊതുസമൂഹത്തില്‍ ചലനമുണ്ടാക്കിയത്. ചൈനയുടെ അധികാരത്തിലുള്ള പ്രവിശ്യയുടെ വിമോചനത്തിന് വേണ്ടിയുള്ളതായിരുന്നു ഈ പ്രതിഷേധങ്ങളെന്ന് ചിലര്‍ പറയുന്നു.
എന്നാല്‍ നഗരത്തിലെ തന്നെ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെയാണ്: ”ഹോങ്കോംഗിനെ മോചിപ്പിക്കുക, എന്ന ആവശ്യം വിഘടനവാദത്തിനും അട്ടിമറിയ്ക്കുമുള്ള ആഹ്വാനത്തിന് തുല്യമാണ്. നീണ്ട കാലം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്”. ഉദ്യോഗസ്ഥന്‍ പറഞ്ഞു പൂര്‍ത്തിയാകുന്നതിന് അദ്ദേഹത്തിന് മുമ്പില്‍ വെള്ളക്കടലാസ് ഉയര്‍ത്തി ഒരു മധ്യവയസ്‌കന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
”ഈ മുദ്രാവാക്യങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും. വെള്ളക്കടലാസില്‍ അവ എന്നും നിലനില്‍ക്കും. ഒരിക്കലും അതിനെ മായ്ച്ച് കളയാന്‍ കഴിയില്ല”, പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.
ഒരിക്കല്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ കൊണ്ട് വര്‍ണാഭമായിരുന്ന നഗരത്തിലെ എല്ലാ ചുമരുകളിലും ഇന്ന് സര്‍ക്കാര്‍ വെള്ളപൂശിയിരിക്കുകയാണ്. ചിലയിടത്ത് അവയെല്ലാം പൂര്‍ണ്ണമായി മായ്ച്ചുകളഞ്ഞിരിക്കുന്നതും കാണാമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
മറ്റ് ചില പ്രതിഷേധക്കാര്‍ പ്രക്ഷോഭത്തിനായി ചില ആര്‍ട്ട് ഡിസൈനുകളും ഉപയോഗിക്കുന്നുണ്ട്. ഹോങ്കോംഗിനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം മറച്ചുവെയ്ക്കുന്ന രീതിയില്‍ ഡിസൈനില്‍ മാറ്റം വരുത്തിയാണ് ഉപയോഗിക്കപ്പെടുന്നത്. ചിലര്‍ ഷി ജിന്‍പിംഗ് രാജിവെയ്ക്കണം എന്ന് മുദ്രാവാക്യം ഉറക്കെ വിളിക്കുന്നുമുണ്ട്.
Also read: ഭൂമിയുടെ തൂക്കം ഇനി റോണാഗ്രാമിൽ; ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ അളവുകൾ ഇനി ഇങ്ങനെ പറയാം
എന്താണ് ബ്രിഡ്ജ് മാനും ടാങ്ക് മാനും
ഇക്കഴിഞ്ഞ ഒക്ടോബറിലെ ഒരു ഉച്ചസമയത്ത് ബീജിംഗിലെ ഹൈദിയന്‍ സര്‍വകലാശാല നഗരം കടന്നെത്തിയ ഒരു യുവാവ് നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു കാര്‍ഡ് ബോര്‍ഡ് ബോക്‌സും ടയറുകളുമായിട്ടാണ് അദ്ദേഹം എത്തിയത്. ഓറഞ്ച് തൊപ്പി ധരിച്ച ഒരു കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയെ മറികടന്നാണ് അദ്ദേഹം മുന്നോട്ട് പോയത്. തുടര്‍ന്ന് അദ്ദേഹം വെള്ള ബാനറില്‍ ചുവപ്പ് നിറത്തില്‍ എഴുതിയ മുദ്രാവാക്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച ശേഷം ടയറുകള്‍ക്ക് തീയിട്ടു. കറുത്ത പുകപടലങ്ങള്‍ ഉയരുമ്പോഴും അദ്ദേഹം ചില മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. സ്‌കൂളുകളിലും ജോലിസ്ഥലത്തും പണിമുടക്ക് നടത്തണം, ഏകാധിപതിയായ ഷി ജിന്‍ പിംഗിനെ നീക്കുക, ഞങ്ങള്‍ക്ക് ഭക്ഷണവും സ്വാതന്ത്ര്യവും വേണം എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍.
ഷി ജിന്‍പിംഗിന്റെ ഭരണകാലത്ത് കണ്ട ഏറ്റവും ശ്രദ്ധേയമായ പ്രതിഷേധങ്ങളില്‍ ഒന്നായിരുന്നു അത്. മൂന്നാം തവണയും അധികാരത്തിലേറുന്ന ഘട്ടത്തില്‍ ഷി ജിന്‍പിംഗിന് മുന്നിലെത്തിയ ഏറ്റവും വലിയ കടമ്പയായിരുന്നു ആ പ്രതിഷേധം.
സമീപ വര്‍ഷങ്ങളില്‍ ചൈന കണ്ട ഏറ്റവും വ്യാപകമായ സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ക്കാണ് ഇവ തുടക്കം കുറിച്ചത്. സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കും പ്രചോദനമായത് ഈ സംഭവമാണ്.
ആരാണ് ടാങ്ക് മാന്‍?
1989 ജൂണ്‍ 5-ന് ചൈനീസ് ഗവണ്‍മെന്റിന്റെ ബീജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നിന്ന് പുറപ്പെടുന്ന ടൈപ്പ് 59 ടാങ്കുകളുടെ ഒരു നിരയ്ക്ക് മുന്നില്‍ നിന്ന ഒരു അജ്ഞാത ചൈനക്കാരന് നല്‍കിയ വിളിപ്പേരാണ് ടാങ്ക് മാന്‍ (അജ്ഞാത പ്രതിഷേധക്കാരന്‍ അല്ലെങ്കില്‍ അജ്ഞാത വിമതന്‍ എന്നും അറിയപ്പെടുന്നു). ടിയാനന്‍മെന്‍ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തിയ സംഭവത്തിന് പിറ്റേദിവസമാണ് ടാങ്ക് മാന്റെ ആവിര്‍ഭാവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുകയും ചെയ്തിരുന്നു.
എന്നാല്‍ ചൈനയ്ക്കുള്ളില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും ഇത്തരം സംഭവങ്ങളും കനത്ത സെന്‍സര്‍ഷിപ്പിന് വിധേയമാണെന്നുള്ളതാണ് മറ്റൊരു വസ്തുത.
സേച്ഛാധിപത്യത്തെ തടയുന്ന ഒരു മുഖമായി ടാങ്ക് മാന്‍ മാറുകയായിരുന്നു. ടാങ്കുകള്‍ തടയുന്ന ചിത്രം ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ടാങ്ക് മാനെ ഒരു തെമ്മാടിയായിട്ടാണ് ചൈനീസ് ടെലിവിഷന്‍ മുദ്രകുത്തിയത്. സാധാരണക്കാര്‍ സൈന്യത്തിന് മുന്നിലെത്തുമ്പോള്‍ പട്ടാളക്കാര്‍ എത്രമാത്രം സംയമനം പാലിക്കുന്നുവെന്ന് കാണിക്കാനാണ് ചൈനീസ് മാധ്യമങ്ങള്‍ ഈ ചിത്രം ഉപയോഗിച്ചത്.
ടാങ്ക് മാനെ പോലെ ചരിത്രപരമായ പ്രാധാന്യം ഇന്നത്തെ ബ്രിഡ്ജ് മാനും ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.