ഉക്രെയ്നിലെ നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കാൻ റഷ്യ ഉപയോഗിക്കുന്ന അതേ 'ഷാഹെദ്' ഡ്രോണുകളാണ് ഇറാൻ ഇപ്പോൾ ഗൾഫ് രാജ്യങ്ങൾക്കെതിരെയും പ്രയോഗിക്കുന്നതെന്ന് സെലെൻസ്‌കി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാൻ 800-ലധികം മിസൈലുകളും 1400-ലധികം ഡ്രോണുകളും വിക്ഷേപിച്ചതായും ഇത് ആഗോള വിപണിയിൽ എണ്ണ, ഗ്യാസ് വില വർധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുഎഇ, ഖത്തർ, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി താൻ സംസാരിച്ചുവെന്നും കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഗൾഫ് രാജ്യങ്ങളെ സഹായിക്കുന്നതിന് പകരമായി ഉക്രെയ്ൻ ഒരു സുപ്രധാന ഉപാധിയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് റഷ്യയുമായുള്ള നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തി ഉക്രെയ്നിൽ ഒരു താൽക്കാലിക വെടിനിർത്തലിന് റഷ്യയെ പ്രേരിപ്പിക്കണമെന്നാണ് സെലെൻസ്‌കിയുടെ ആവശ്യം. ഒന്ന് അല്ലെങ്കിൽ രണ്ട് മാസത്തേക്ക് റഷ്യ വെടിനിർത്തലിന് തയ്യാറാണെങ്കിൽ, പശ്ചിമേഷ്യയിലെ സിവിലിയൻമാരെ സംരക്ഷിക്കാൻ തങ്ങളുടെ വിദഗ്ധരെ അയക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം 5 മുതൽ 9 വരെയുള്ള തീയതികളിൽ സമാധാന ചർച്ചകൾ നടക്കണമെന്നാണ് ഉക്രെയ്ൻ ആഗ്രഹിക്കുന്നത്.
ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച യുദ്ധം ആറാം ദിവസവും കടുത്ത രീതിയിൽ തുടരുകയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇപ്പോൾ പ്രത്യാക്രമണം നടത്തുന്നത്.
