നാടിനെ വിറപ്പിച്ച PT 7 എന്ന കാട്ടുകൊമ്പനെ തളച്ചത്; സിനിമാക്കഥയെ വെല്ലുന്ന അനുഭവ കഥ
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രസാദ് ഉടുമ്പുശ്ശേരി
advertisement
1/23

2023 ജനുവരി 22. രാവിലെ 7.03. രണ്ടു വർഷത്തോളമായി ഒരു നാടിന്റെ ഉറക്കം കെടുത്തിയ PTസെവൻ (Palakkad Tusker 7) എന്ന കാട്ടാന നാടിന് കീഴടങ്ങിയ നിമിഷം. ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ PT സെവനെ മയക്കുവെടി വെച്ച സമയമാണിത്. സമീപകാലത്ത് വനം വകുപ്പ് നടത്തിയ പ്രധാനപ്പെട്ട ഒരു ദൗത്യത്തിലെ വിജയ നിമിഷം.
advertisement
2/23
പക്ഷേ ഈ സമയത്തിലേക്ക് ദൗത്യസംഘം എത്തിയത് അത്ര പെട്ടെന്നായിരുന്നില്ല. എങ്ങനെയാണ് നാടിനെ വിറപ്പിച്ച കാട്ടുകൊമ്പനെ തളച്ചത്. ഉദ്വേഗവും ആശങ്കയും ആവേശവും നിറഞ്ഞു നിന്ന മിഷൻ PT സെവൻ ദൗത്യസംഘത്തിന് മാത്രമല്ല കണ്ടു നിന്ന നാട്ടുകാർക്കും മാധ്യമ പ്രവർത്തകർക്കും മറക്കാനാവാത്തതാണ്.
advertisement
3/23
2022 ഡിസംബർ 31 നാണ് നാടിന് ശല്യമായ PT സെവനെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടുന്നത്. PT സെവനെ പിടികൂടിയ ശേഷം വയനാട് മുത്തങ്ങയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യത്തെ ആലോചന. ഇതിനായി മുത്തങ്ങയിൽ കൂട് നിർമ്മിച്ചു. എന്നാൽ പാലക്കാട് നിന്നും മുത്തങ്ങയിലേക്ക് 200 കിലോമീറ്ററോളം ദൂരമുണ്ട്.
advertisement
4/23
ഇത്രയും ദൂരം മയക്കുവെടിയേറ്റ കാട്ടാനയെ കൊണ്ടുപോകുന്നത് അപകടകരമാണെന്ന വിലയിരുത്തലിനെ തുടർന്ന് ധോണിയിൽ തന്നെ കൂട് നിർമ്മാണം തുടങ്ങി. യൂക്കാലി മരങ്ങൾ കൊണ്ടാണ് കൂട് നിർമ്മാണം. കൂടിനായി യൂക്കാലി മരങ്ങൾ ഉപയോഗിക്കാൻ ഒരു കാരണമുണ്ട്. കൂട്ടിലാക്കപ്പെട്ട കാട്ടാന പുറത്ത് ചാടാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. കൂട് തകർക്കാൻ ശ്രമിക്കും.
advertisement
5/23
ഈ സമയം ആനയ്ക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ട്. എന്നാൽ യൂക്കാലി മരങ്ങൾ ആണെങ്കിൽ ആന ശക്തമായി ഇടിക്കുമ്പോൾ ചതയുക മാത്രമാണ് ചെയ്യുക. അതിനാൽ മുറിവ് ഉണ്ടാവുന്നത് തടയാൻ കഴിയും. പതിനഞ്ച് അടി നീളവും വീതിയുമുള്ള കൂടിൻ്റെ നിർമ്മാണം ജനുവരി 12 ന് പൂർത്തിയായി.
advertisement
6/23
ഇതിനിടയിലാണ് വയനാട്ടിൽ PM 2 എന്ന കാട്ടാന ഇറങ്ങുന്നത്. ഡോ. അരുൺ സഖറിയ തന്നെയായിരുന്നു അവിടെയും മയക്കുവെടി വെക്കുന്നതിന് നേതൃത്വം നൽകേണ്ടത്. PM 2 (പന്തല്ലൂർ മഗ്ന) വിനെ പിടികൂടിയെങ്കിലും കാട്ടാനയെ കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ടുള്ള ആക്രമത്തിൽ അരുൺ സഖറിയയുടെ കാലിന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെങ്കിൽ കുറച്ചു ദിവസം കൂടി വിശ്രമം വേണമായിരുന്നു. ഇതോടെ PT സെവൻ ദൗത്യം നീണ്ടു.
advertisement
7/23
ജനുവരി 16 ന് വയനാട്ടിൽ നിന്നും രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നു. ഭരതൻ, വിക്രം. PT സെവനെ പിടിക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുയാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. നാട്ടാനകളെ പോലെയല്ല കുങ്കിയാന. കാട്ടാനയുടെ പകുതി സ്വഭാവങ്ങളുള്ള എന്നാൽ പാപ്പാന് മെരുങ്ങി നിൽക്കുന്ന ആനയാണ് കുങ്കിയാന. കാട്ടിലെ പൊലീസ് എന്ന് വേണമെങ്കിൽ പറയാം.
advertisement
8/23
വിക്രമും ഭരതനും ഇതുപോലെ നാട്ടിൽ ശല്യമായപ്പോൾ മയക്കുവെടി വെച്ച് പിടികൂടി കുങ്കിയാന ആക്കിയതാണ്. എന്നാൽ PT സെവനെ പിടികൂടാൻ ഒരു കുങ്കിയാന കൂടി വേണമെന്ന് ദൗത്യസംഘം ആവശ്യപ്പെട്ടു. എന്നാൽ രണ്ട് കുങ്കിയാനയെ ഉപയോഗിച്ച് ദൗത്യം നടത്താനായിരുന്നു വനം വകുപ്പിലെ തലസ്ഥാനത്തെ ഉന്നതരുടെ നിർദ്ദേശം. വയനാട്ടിൽ അരുൺ സഖറിയയ്ക്ക് പരുക്കേറ്റത് ആവശ്യത്തിന് കുങ്കിയാന ഇല്ലാത്തത് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ പിടിവാശിയിൽ തന്നെ.
advertisement
9/23
എന്നാൽ മൂന്നാമത്തെ കുങ്കിയാന ഇല്ലാതെ ദൗത്യം നടത്താനാവില്ലെന്ന് സംഘവും നിലപാടെടുത്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രാഷ്ട്രീയ നേതൃത്വവും ഇടപെട്ടു. ഒടുവിൽ കോന്നി സുരേന്ദ്രൻ എന്ന കുങ്കിയാനയെ വിട്ടു നൽകാൻ തീരുമാനമായി. ജനുവരി 19 ന് പുലർച്ചെ വയനാട്ടിൽ നിന്നും ആദ്യ സംഘമെത്തി. ട്രാക്കിംഗ് ടീം അംഗങ്ങളായിരുന്നു ആദ്യം വന്നത്. അപ്പോഴും ഒരു പ്രശ്നം.
advertisement
10/23
കോന്നി സുരേന്ദ്രനെ വിട്ട് നൽകിക്കൊണ്ടുള്ള ഉത്തരവ് ദൗത്യസംഘത്തിന്റെ കയ്യിൽ ലഭിച്ചില്ല. ഉത്തരവ് കിട്ടാതെ വയനാട് ഇറങ്ങില്ലെന്ന് ദൗത്യസംഘത്തിലെ പ്രധാന അംഗങ്ങളും നിലപാടെടുത്തു. വൈകീട്ടോടെ ദൗത്യസംഘത്തിന് ഉത്തരവ് ലഭിച്ചു. രാത്രി തന്നെ അരുൺ സഖറിയയും സംഘവും കോന്നി സുരേന്ദ്രനുമായി വയനാടൻ ചുരമിറങ്ങി പാലക്കാട് ധോണിയിലേക്ക് പുറപ്പെട്ടു.
advertisement
11/23
ജനുവരി 20 ന് പുലർച്ചെ അരുൺ സഖറിയയും സംഘവും ധോണിയിലെത്തി. വിശ്രമിക്കാൻ പോലും നിൽക്കാതെ ദൗത്യസംഘം മുന്നൊരുക്കങ്ങളിലേക്ക് കടന്നു. PT സെവനെ പിടികൂടിയാൽ പാർപ്പിക്കേണ്ട കൂടിന്റെ ബല പരിശോധന നടത്തി. കുങ്കിയാനകളെ ഉപയോഗിച്ചാണ് ബലപരിശോധന നടത്തുക. കാട്ടാനയെ ഏതെല്ലാം സ്ഥലത്ത് വെച്ച് മയക്കുവെടി വെക്കാം എന്നത് സംബന്ധിച്ച സ്ഥലപരിശോധന നടത്തി.
advertisement
12/23
നേരത്തേ തന്നെ ഈ സ്ഥലങ്ങളിൽ അരുൺ സഖറിയയും സംഘവും സന്ദർശനം നടത്തി. ഒരിക്കൽ കൂടി അവിടങ്ങളിൽ പോയി വിലയിരുത്തുകയായിരുന്നു ലക്ഷ്യം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതോടെ അടുത്ത ദിവസം മയക്കുവെടി വെക്കാൻ തയ്യാറെടുത്ത് ദൗത്യസംഘം ധോണി ഫോറസ്റ്റ് ക്യാമ്പിൽ തങ്ങി ... ദൗത്യം തുടങ്ങുന്നു.
advertisement
13/23
ജനുവരി 21. പുലർച്ചെ അഞ്ചു മണിയോടെ ട്രാക്കിംഗ് ടീം PT സെവനെ ലൊക്കേറ്റ് ചെയ്തു. ധോണി ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള ചപ്പാത്തിനടുത്തായിരുന്നു PT സെവൻ. ധോണി ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. അവരുടെ ഉറക്കം കെടുത്തിയ എന്ന ഒറ്റയാൻ എത് നിമിഷവും പിടിയിലാകും എന്ന പ്രതീക്ഷയിൽ PT സെവന് മയക്കുവെടിയേറ്റു എന്ന വാർത്തക്കായി അവർ ക്യാമ്പിന് പുറത്ത് കാത്ത് നിന്നു. ആനയെ പിടിച്ചാൽ പുറത്താണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹവും എത്തി.
advertisement
14/23
ദൗത്യത്തിനിടയിൽ ആർക്കെങ്കിലും പരുക്കേറ്റാൽ അവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും ഫയർഫോഴ്സ് യൂണിറ്റും ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സജ്ജമാക്കി നിർത്തിയിരുന്നു. അരുൺ സഖറിയയും സംഘവും വനത്തിനകത്തേക്ക് കയറി. എന്നാൽ ദൗത്യ സംഘം PT സെവന് അടുത്തെത്തിയെങ്കിലും വെടി വെക്കാൻ പറ്റിയ സാഹചര്യത്തിലല്ലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. ചെരിഞ്ഞ പ്രദേശത്ത് നിൽക്കുന്ന ആനയെ വെടിവെച്ചാൽ അതിന്റെ ജീവൻ തന്നെ അപകടത്തിലാകും.
advertisement
15/23
ഇതോടെ നിരപ്പായ സ്ഥലത്തേക്ക് ഇറക്കാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ PT സെവൻ കൂടുതൽ ഉള്ളിലേക്ക് കയറുകയായിരുന്നു. നാലു മണിക്കുള്ളിൽ അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ കഴിഞ്ഞാൽ മയക്കുവെടി വെക്കാൻ തയ്യാറായി ദൗത്യസംഘവും സജ്ജമായി. പക്ഷേ ആന കൂടുതൽ കൂടുതൽ ഉള്ളിലേക്ക് പോവുകയായിരുന്നു. പന്ത്രണ്ടു മണിയോടെ അന്നത്തെ ദൗത്യം അവസാനിപ്പിക്കുന്നതായി സംഘം അറിയിച്ചു.
advertisement
16/23
പൊലീസും ഫയർഫോഴ്സുമെല്ലാം മടങ്ങി. വനത്തിനുള്ളിലുണ്ടായിരുന്ന സപ്പോർട്ടിംഗ് ടീമിനെ വനം വകുപ്പും പിൻവലിച്ചു. എന്നാൽ ട്രക്കിംഗ് ടീം അവിടെ തുടർന്നു. ദൗത്യസംഘം അടുത്ത ദിവസം മിഷൻ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലേക്ക് കടന്നു. ദൗത്യം രണ്ടാം നാൾ, PT സെവൻ പിടിയിലാകുന്നു.
advertisement
17/23
ജനുവരി 22. പുലർച്ചെ നാലരക്ക് ട്രാക്കിംഗ് ടീം PT 7 നെ പുതുപ്പരിയാരം പഞ്ചായത്തിലെ കോർമ അരിമണി ഭാഗത്ത് കണ്ടെത്തുന്നു. അവിടെ പാടത്തിറങ്ങിയ ആനയെ മെല്ലെ സമീപത്തെ വനത്തിലേക്ക് കയറ്റി. PT സെവനൊപ്പം മറ്റൊരു മോഴയാന കൂടി ഉണ്ടായിരുന്നു. ദൗത്യസംഘത്തിന് വിവരം കൈമാറി. വിവരം ലഭിച്ചതോടെ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള ടീം ശരവേഗത്തിൽ കോർമയിലേക്ക് കുതിച്ചു. മയക്കുവെടി വെക്കാനുള്ള തോക്കും മറ്റ് ആയുധങ്ങളും ഒന്നു കൂടി പരിശോധിച്ച് ആറു മണിയോടെ സംഘം വനത്തിലേക്ക് പ്രവേശിച്ചു. കാത്തിരിപ്പിൻ്റെ നിമിഷങ്ങൾ. വനം വകുപ്പ് ടീം അംഗങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പാലക്കാട് ഡിഎഫ്ഒ കുറെ ശ്രീനിവാസ്, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി. രഞ്ജിത് എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.
advertisement
18/23
കാടിനകത്ത് PT സെവന് സമീപം അരുൺ സഖറിയയും സംഘവും എത്തിയിരുന്നു. അനുയോജ്യമായ സ്ഥലം. മയക്കുവെടി വെക്കാനുള്ള മരുന്ന് തയ്യാറാക്കി. ഒരു കിലോയ്ക്ക് ദശാംശം ഒരു ഗ്രാം എന്ന നിലയ്ക്കാണ് കൂട്ട് തയ്യാറാക്കുക. PT സെവന് മൂന്നര ടൺ തൂക്കമുണ്ടെന്നാണ് അരുൺ സഖറിയ കണക്കാക്കിയത്. അപ്പോഴേക്കും PT സെവനൊപ്പം ഉണ്ടായിരുന്ന മോഴ ആനയെ ട്രാക്കിംഗ് ടീം മാറ്റി. സമയം.. 7. 03. PT സെവന് മയക്കുവെടിയേറ്റു.
advertisement
19/23
അടുത്ത അരമണിക്കൂർ നിർണായകമായിരുന്നു. മയക്കു വെടിയേറ്റ കാട്ടാന ഏത് ദിശയിലേക്കും ഓടാൻ സാധ്യതയുണ്ട്. കാടിൻ്റെ ഒരു വശത്ത് റബർ തോട്ടമാണ്. അങ്ങോട്ട് പോയാൽ കൂടുതൽ പ്രശ്നമാകും. മയക്കു വെടിയേറ്റ PT സെവൻ ഓടി. പുറകെ ദൗത്യ സംഘവും. 200 മീറ്റർ ദൂരം ഓടിയ PT സെവൻ, റബർതോട്ടത്തിൻ്റെ 50 മീറ്റർ അകലെ നിന്നു. ആന മയങ്ങി തുടങ്ങി. ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും കുങ്കിയാനകളെ എത്തിച്ചു.
advertisement
20/23
കോന്നി സുരേന്ദ്രനും ഭരതനും വിക്രമും PT സെവന് മുന്നിൽ മതിലു പോലെ നിന്നു. മയക്കത്തിലേക്ക് വീണ കാട്ടുക്കൊമ്പൻ്റെ കണ്ണുകൾ കറുത്ത തുണിവെച്ച് മൂടി. മയങ്ങി നിൽക്കുന്ന ആനയുടെ കണ്ണിലേക്ക് വെളിച്ചമടിച്ചാൽ കൂടുതൽ അസ്വസ്ഥമാകും. ഇതിനിടെ ആനയെ കൊണ്ടു പോകാനുള്ള നടപടികൾ ആരംഭിച്ചു. PT സെവൻ മയങ്ങി നിൽക്കുന്ന സ്ഥലത്തേക്ക് ലോറി എത്താൻ പ്രയാസമായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അവിടേക്ക് വഴിയൊരുക്കി തുടങ്ങി.
advertisement
21/23
അപ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാർ എത്തിതുടങ്ങി. എട്ടു മണിയോടെ കോർമയിൽ നാട്ടുകാർ തിങ്ങി നിറഞ്ഞു. ആനക്കരികിൽ ലോറി എത്തിയതോടെ PT സെവനെ വാഹനത്തിൽ കയറ്റാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ PT സെവൻ അഞ്ചു തവണ ഉണർന്നിരുന്നു. അഞ്ചു തവണയും മരുന്ന് ടോപ് അപ് ചെയ്ത് അരുൺ സഖറിയയും സംഘവും ആനയെ മയക്കി നിർത്തി. മൂന്ന് കുങ്കിയാനയുടെ സഹായത്തോടെ PT സെവനെ ലോറിയിൽ കയറ്റി.
advertisement
22/23
പതിനൊന്നരയോടെ PT സെവനുമായി ലോറി കാടിന് പുറത്തേക്ക് സഞ്ചരിച്ചു. PT സെവനെ കൂട്ടിലടയ്ക്കാൻ ധോണിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ച കാണാൻ റോഡരികിൽ വൻജനക്കൂട്ടമാണ് തടിച്ചു കൂടിയത്. പൊലീസിന്റേയും വനംവകുപ്പിൻ്റെയും സുരക്ഷാ അകമ്പടിയോടെ PT സെവനെ 12.19 ന് ധോണിയിലെത്തിച്ചു.
advertisement
23/23
ഒന്നരയോടെ കൂട്ടിലേക്ക് കയറ്റി. അങ്ങനെ രണ്ടു വർഷത്തിലേറെയായി നാടിനെ വിറപ്പിച്ച് നടന്ന PT സെവൻ എന്ന കാട്ടുക്കൊമ്പന്റെ സ്വതന്ത്ര സഞ്ചാരം അവസാനിച്ചു. PT സെവന് വനംവകുപ്പ് മന്ത്രി ധോണി എന്ന് പേരിട്ടു. ധോണിയെ ഇനി കുങ്കിയാനയാക്കാനുള്ള പരിശീലനം നൽകും. ദൗത്യം പൂർത്തിയാക്കി ദൗത്യസംഘം വയനാട്ടിലേക്ക് മടങ്ങി.
മലയാളം വാർത്തകൾ/Photogallery/Kerala/
നാടിനെ വിറപ്പിച്ച PT 7 എന്ന കാട്ടുകൊമ്പനെ തളച്ചത്; സിനിമാക്കഥയെ വെല്ലുന്ന അനുഭവ കഥ