അഹമ്മദാബാദ് വിമാന അപകടം; ബോയിങ് മുന്‍ ജീവനക്കാരന്റെ മുന്നറിയിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ വര്‍ഷം ദുരൂഹ സാഹചര്യത്തിലാണ് ബോയിങിന്റെ മുന്‍ ജീവനക്കാരൻ മരണപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഉയര്‍ത്തിയ ആശങ്കകള്‍ സമൂഹത്തില്‍ ശ്രദ്ധനേടാന്‍ തുടങ്ങിയത്
രാജ്യത്തെ നടുക്കിയ വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് മൂന്നാം നാള് ആണ്. ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും കൊല്ലപ്പെട്ടു.
2009-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ച ശേഷം ബോയിങ് 787 ഉള്‍പ്പെട്ട ആദ്യത്തെ ദാരുണമായ അപകടമാണിത്. ബോയിങ്ങിന്റെ നിര്‍മ്മാണ മാനദണ്ഡങ്ങളെ കുറിച്ചുള്ള പരിശോധനയ്ക്ക് ഈ ദുരന്തം വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. ഇതോടെ ഡ്രീംലൈനറിലെ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച ബോയിങ്ങിലെ മുന്‍ ജീവനക്കാരനും വിസില്‍ബ്ലോവറുമായ ജോണ്‍ ബാര്‍നെറ്റിലേക്ക് വീണ്ടും ശ്രദ്ധതിരിയുകയാണ്. കഴിഞ്ഞ വര്‍ഷം ദുരൂഹ സാഹചര്യത്തിലാണ് ബാര്‍നെറ്റ് മരണപ്പെട്ടത്. ഇതിനുശേഷമാണ് അദ്ദേഹം ഉയര്‍ത്തിയ ആശങ്കകള്‍ സമൂഹത്തില്‍ ശ്രദ്ധനേടാന്‍ തുടങ്ങിയത്.
ആരായിരുന്നു ജോണ്‍ ബാര്‍നെറ്റ് ?
1962 ഫെബ്രുവരി 23-ന് ജോണ്‍ ബാര്‍നെറ്റ് കാലിഫോര്‍ണിയയില്‍ ജനിച്ചു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനുശേഷം അദ്ദേഹം അമ്മയ്ക്കും മൂന്ന് ജ്യേഷ്ഠ സഹോദരന്മാര്ക്കുമൊപ്പം ലൂസിയാനയിലേക്ക് താമസം മാറിയതായി റിപ്പോര്‍ട്ടുണ്ട്. ബോള്‍ട്ടണ്‍ ഹൈസ്കൂളില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്യാന്‍ തുടങ്ങി. പിന്നീട് യുഎസ് വ്യോമസേനയില്‍ ചേര്‍ന്നു.
advertisement
എന്നാല്‍ പരിശീലനത്തിനിടെ പരാജയപ്പെട്ടതോടെ അദ്ദേഹം കാലിഫോര്‍ണിയയിലെ പാംഡെയ്ലിലുള്ള റോക്ക് വെല്‍ ഇന്റര്‍നാഷണലില്‍ ചേര്‍ന്നു. ഇവിടെ അദ്ദേഹം നാസയ്ക്കുവേണ്ടി സ്പേസ് ഷട്ടില്‍ പ്രോഗ്രാമില്‍ ജോലി ചെയ്തു. 1980-ല്‍ അദ്ദേഹം ബി1 ലാന്‍സര്‍ ബോംബറില്‍ ഇലക്ട്രീഷ്യനായും ജോലി ചെയ്തു. ഒടുവില്‍ വാഷിംഗ്ടണിലെ കാമാനോ ദ്വീപില്‍ സ്ഥിരതാമസമാക്കിയ ജോണ്‍ ബാര്‍നെറ്റ് 1988-ലാണ് ബോയിങ്ങില്‍ ചേരുന്നത്. ബോയിങ്ങില്‍ ഗുണനിലവാര പരിശോധകനായിരുന്നു അദ്ദേഹം. ജോണ്‍ ബോയിങ്ങില്‍ തന്റെ കഴിവുകളിലൂടെ ഉയര്‍ന്നുവന്നു. 2010 ആയപ്പോഴേക്കും 787 ഡ്രീംലൈനര്‍ പ്രൊഡക്ഷന്‍ ലൈനിന്റെ ആസ്ഥാനമായ നോര്‍ത്ത് ചാള്‍സ്റ്റണിലുള്ള ബോയിങ്ങിന്റെ സൗത്ത് കരോലിന പ്ലാന്റില്‍ അദ്ദേഹത്തെ നിയമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
advertisement
2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ബോയിങ്ങിന്റെ ചാള്‍സ്റ്റണ്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോള്‍ ജോണ്‍ ചില സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാണ ലക്ഷ്യം നിറവേറ്റുന്നതിന് തെറ്റുകള്‍ അവഗണിക്കാന്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം നേരിടുന്നതായി അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ വിമാനങ്ങളുടെ അസംബ്ലിങ് ഘട്ടത്തില്‍ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടതായും ചിലത് ശരിയായ ഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോയിങ് വിമാനങ്ങളുടെ സുരക്ഷാ മേല്‍നോട്ടത്തിലെ ഗുരുതരമായ പിഴവുകളിലേക്ക് ഇത് വിരല്‍ച്ചൂണ്ടി.
2017-ല്‍ ജോണ്‍ ബാര്‍നെറ്റ് ഈ പിഴവുകളും തന്റെ ആശങ്കകളും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനിലും (എഫ്എഎ) ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷനിലും (ഒഎസ്എച്ച്എ) ഒദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. എഫ്എഎ അദ്ദേഹം ഉന്നയിച്ച ചില പ്രശ്നങ്ങള്‍ അംഗീകരിക്കുകയും അവ പരിഹരിക്കാന്‍ ബോയിങ്ങിനോട് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഒഎസ്എച്ച്എ ബാര്‍നെറ്റിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളയുകയും 2021-ല്‍ ബോയിങ്ങിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. പിന്നീട് ഇതില്‍ ബാര്‍നെറ്റ് അപ്പീല്‍ നല്കി.
advertisement
എന്നാല്‍ ഈ സംഭവങ്ങള്‍ക്കുശേഷം ബോയിങ് തന്നോട് പ്രതികാര നടപടി സ്വീകരിച്ചതായി ബാര്‍നെറ്റ് പറഞ്ഞു. സംസാരിക്കുന്നത് വിലക്കിയും സ്ഥാനക്കയറ്റം നിഷേധിച്ചും സഹപ്രവര്‍ത്തകരില്‍ നിന്ന് ഒറ്റപ്പെടുത്തിയും പ്രതികൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയും ബോയിങ് തന്നോട് പ്രതികാരം ചെയ്തതായും അദ്ദേഹം ആരോപിച്ചു. തുടര്‍ച്ചയായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ബാര്‍നെറ്റ് അതേ വര്‍ഷം തന്നെ വിരമിക്കാന്‍ തീരുമാനിച്ചു.
2019-ല്‍ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ബാര്‍നെറ്റ് മാധ്യമ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തി. ഇത് വ്യാപകമായ ശ്രദ്ധനേടി. 737 മാക്സ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ചോദ്യംചെയ്ത 2022-ലെ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി 'ഡൗണ്‍ഫാള്‍: ദി കേസ് എഗൈന്‍സ്റ്റ് ബോയിങ്ങി'ല്‍ ബാര്‍നെറ്റിന്റെ വിസില്‍ബ്ലോവര്‍ പങ്ക് ചിത്രീകരിച്ചു. വിരമിച്ചതിനു ശേഷവും ബോയിങ്ങിനെതിരെയുള്ള ആരോപണങ്ങള്‍ ബാര്‍നെറ്റ് തന്റെ നിലപാട് തുടര്‍ന്നു. 2024-ന്റെ തുടക്കത്തില്‍ തന്റെ വാദങ്ങള്‍ ശക്തമാക്കികൊണ്ട് അദ്ദേഹം വീണ്ടും രംഗത്തെത്തി. അലാസ്ക എയര്‍ലൈന്‍സിന്റെ ഡോര്‍ പ്ലഗ് പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നായിരുന്നു അത്. ബോയിങ്ങിലെ സുരക്ഷാ പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അന്ന് അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നല്കി.
advertisement
ജോണ്‍ ബാര്‍നെറ്റ് മരിച്ചതെങ്ങനെ?
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 9-ന് ജോണ്‍ ബാര്‍നെറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചാള്‍സ്റ്റണിലെ ഒരു ഹോട്ടലിന് പുറത്ത് അദ്ദേഹത്തിന്റെ പിക്ക്അപ്പ് ട്രക്കിലാണ് മൃതദേഹം ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോയിങ്ങിനെതിരായ കേസില്‍ സാക്ഷി പറയാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹം അവിടെ താമസിച്ചത്.
ബോയിങ്ങിനെതിരായ കേസില്‍ ഒരു സെക്ഷനില്‍ അദ്ദേഹം ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചലിലാണ് തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ മൃദേഹം കണ്ടെത്തിയത്. വലതുകൈയ്യില്‍ നിന്ന് ഒരു തോക്കും കണ്ടെത്തി. ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇത് ഒരു ആത്മഹത്യയാണെന്ന് പോലീസ് വിധിയെഴുതി. ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. "എനിക്കിത് ചെയ്യാന്‍ കഴിയില്ല. ബോയിങ് ഇതിന് കണക്ക് പറയേണ്ടി വരും", എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 62 വയസ്സായിരുന്നു പ്രായം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
June 14, 2025 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അഹമ്മദാബാദ് വിമാന അപകടം; ബോയിങ് മുന്‍ ജീവനക്കാരന്റെ മുന്നറിയിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു