നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Mahindra Tractor | ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെൺകുട്ടി എത്തിയത് ട്രാക്റ്ററിൽ; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

  Mahindra Tractor | ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെൺകുട്ടി എത്തിയത് ട്രാക്റ്ററിൽ; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

  തന്റെ 15-ാം ജന്മദിനം ആഘോഷിക്കുന്നതിനായിട്ടായിരുന്നു ആ പെണ്‍കുട്ടി വേദിയിലേക്ക് ചെറിയൊരു മഹീന്ദ്ര ട്രാക്ടര്‍ ഓടിച്ച് എത്തിയത്.

  (Image: Anand Mahindra/Twitter)

  (Image: Anand Mahindra/Twitter)

  • Share this:
   ഇന്ത്യയിൽ ട്രാക്ടറിനെ(Tractor) കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനോടൊപ്പം, 'കരുത്തി'ന്റെയും 'അഭിമാന'ത്തിന്റെയുമൊക്കെ പ്രതീകമായും ആളുകൾ കാണാറുണ്ട്. പഞ്ചാബിലും ഹരിയാനയിലും ആളുകള്‍ ട്രാക്ടറിനെ ഒരു അഭിമാനസ്തംഭമായി ഇന്നും കൊണ്ടുനടക്കുന്നു. സ്ത്രീകളും പുരുഷന്മാരും ട്രാക്ടര്‍ ഓടിക്കുന്നത് അവിടെ പതിവ് കാഴ്ചകളാണ്. വിദേശ രാജ്യങ്ങളിലും ട്രാക്ടറും മറ്റും ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും അവര്‍ക്ക് അതിനോട് വൈകാരികമായ അടുപ്പമുള്ളതായി നമ്മൾ അധികം കണ്ടിട്ടില്ല. അവരെ സംബന്ധിച്ചടത്തോളം ട്രാക്ടര്‍ എന്നത് ഒരു വാഹനത്തെക്കാള്‍ ഉപരി ഒരു യന്ത്രമാണ്. എന്നാല്‍ ഇപ്പോള്‍ മഹീന്ദ്ര ഗ്രൂപ്പ് (Mahindra Group) ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര (Anand Mahindra) തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഒരു ബ്രസീലിയന്‍ പെണ്‍കുട്ടി ട്രാക്ടര്‍ ഓടിച്ച് തന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ആ വീഡിയോയിൽ ഉള്ളത്.

   തന്റെ 15-ാം ജന്മദിനം ആഘോഷിക്കുന്നതിനായിട്ടായിരുന്നു ആ പെണ്‍കുട്ടി വേദിയിലേക്ക് ചെറിയൊരു മഹീന്ദ്ര ട്രാക്ടര്‍ ഓടിച്ച് എത്തിയത്. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ അതിഥികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന, മനോഹരമായി അലങ്കരിച്ച ഒരു ഹാള്‍ കാണാം. അവിടേക്ക് ആ 15 വയസ്സുള്ള പെണ്‍കുട്ടി തന്റെ ട്രാക്ടര്‍ ഓടിച്ചുവരുകയാണ്. അവസാനം പ്രധാന വേദിയുടെ അരികില്‍ എത്തുമ്പോള്‍ ആ പെണ്‍കുട്ടി ട്രാക്ടര്‍ നിര്‍ത്തുകയും അവളെ അതില്‍ നിന്ന് ഇറങ്ങാന്‍ പിതാവ് സഹായിക്കുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. പെണ്‍കുട്ടിയുടെ അസാധാരണമായ രീതിയിലുള്ള വരവ് കണ്ട് ആദ്യം അതിഥികൾ അമ്പരന്നെങ്കിലും പിന്നീട് സന്തോഷത്തോടെ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.


   ''ഞങ്ങളുടെ ബ്രിസിലീല്‍ നിന്നുള്ള ഒരു ഉപഭോക്താവ് തന്റെ മകളുടെ പതിനഞ്ചാം ജന്മദിനാഘോഷം വ്യത്യസ്തതയോടെ നടത്താൻ തീരുമാനിച്ചു. ബ്രസീലിലെ ജനങ്ങൾ ഈ പ്രായം വലിയൊരു നാഴികകല്ലാണെന്ന് വിശ്വസിക്കുകയും വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ആ പെണ്‍കുട്ടിക്ക് ട്രാക്ടറുകൾ വലിയ ഇഷ്ടമാണ്, മഹീന്ദ്ര ബ്രാന്‍ഡിനെ പ്രത്യേകിച്ചും! അതിനാല്‍ അവിടുത്തെ ഞങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍ ആഘോഷത്തിനായി ഒരു ട്രാക്ടര്‍ വിട്ടുകൊടുത്തു'' എന്നാണ് നവംബര്‍ 25 ന് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്.

   രണ്ടേകാല്‍ ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് പതിനേഴായിരത്തിലധികം ലൈക്കുകളും ഒട്ടേറെ കമന്റുകളും ലഭിച്ചു. "തെക്കേ അമേരിക്കന്‍, മധ്യ അമേരിക്കന്‍ സംസ്കാരത്തിൽ 15-ാം ജന്മദിനം ആഘോഷിക്കുന്നതിനെ ക്വിന്‍സെനറ (quinceañera) എന്നാണ് പറയുന്നത്. കുട്ടിത്തത്തിൽ നിന്ന് സ്ത്രീത്വത്തിലേക്കുള്ള ഒരു പെൺകുട്ടിയുടെയാത്രയെ അടയാളപ്പെടുത്തുന്ന ആഘോഷമാണ് ഇത്" എന്ന് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് കമന്റില്‍ കുറിച്ചു.

   ഇന്ത്യന്‍ ബ്രാന്‍ഡ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായതിൽ അഭിമാനമുണ്ടെന്ന തരത്തിലുള്ള അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിച്ചു. 'മഹീന്ദ്രയെ അന്താരാഷ്ട്ര ബ്രാന്‍ഡാക്കി മാറ്റിയ ആനന്ദ് മഹീന്ദ്ര.. നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു,' എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
   Published by:Sarath Mohanan
   First published: