'നർത്തകി, അഭിനേത്രി, ചിത്രകാരി, എല്ലാമായിരുന്നു എന്‍റെ കുഞ്ഞാവ' ഷെഹലയുടെ ഓർമകളിൽ ഇളയമ്മ

ഷെഹലയുടെ ഇളയമ്മ ഫസ്ന ഫാത്തിമ, തന്‍റെ കുഞ്ഞാവയുടെ ഓർമകൾ പങ്കുവെച്ചുകൊണ്ടുള്ള ഹൃദയഹാരിയായ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: November 23, 2019, 6:58 AM IST
'നർത്തകി, അഭിനേത്രി, ചിത്രകാരി, എല്ലാമായിരുന്നു എന്‍റെ കുഞ്ഞാവ' ഷെഹലയുടെ ഓർമകളിൽ ഇളയമ്മ
shahla
  • Share this:
ഷെഹല എന്ന പത്തുവയസുകാരിയുടെ വിയോഗം നാടിന് ഏൽപ്പിച്ച് മുറിവ് വളരെ വലുതാണ്. അപ്പോൾ ഷെഹലയുടെ കുടുംബത്തിന്‍റെ നൊമ്പരം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഷെഹലയുടെ ഇളയമ്മ ഫസ്ന ഫാത്തിമ, തന്‍റെ കുഞ്ഞാവയുടെ ഓർമകൾ പങ്കുവെച്ചുകൊണ്ടുള്ള ഹൃദയഹാരിയായ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്... അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷെഹലയുടെ വിശേഷണം'- ഫസ്ന പറയുന്നു. 'ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ...'- ഫസ്നയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഫസ്ന ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്... അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ... അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.

അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ...
First published: November 23, 2019, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading