ഭാര്യയെ കൊന്ന് 40 വര്‍ഷത്തിന് ശേഷം ശിക്ഷ ലഭിച്ച ഭര്‍ത്താവിനെപ്പറ്റിയുള്ള വാർത്തയാണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ക്രൈം പോഡ്കാസ്റ്റിലെ ചില സൂചനകളാണ് പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിലേക്ക് എത്താന്‍ സഹായിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
ക്രിസ്റ്റഫര്‍ മൈക്കിള്‍ ഡോവ്‌സണ്‍ എന്നാണ് പിടിയിലായ പ്രതിയുടെ പേര്. ഇപ്പോള്‍ ഏകദേശം 74 വയസ്സുള്ള ഇയാൾ 1982 ജനുവരിയില്‍ സ്വന്തം ഭാര്യ ലിനെറ്റിനെകൊലപ്പെടുത്തിയ ശേഷം അന്ന്കൗമാരക്കാരിയായിരുന്ന ഒരുവിദ്യാര്‍ത്ഥിനിയോടൊപ്പംഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിനെറ്റിന്റെ തിരോധാനത്തെപ്പറ്റി ചോദിക്കുമ്പോള്‍ ക്രിസ്റ്റഫര്‍ പറഞ്ഞിരുന്ന മറുപടി അവര്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയി എന്നാണ്.
എന്നാൽ 2018ല്‍ പുറത്തിറങ്ങിയ ദി ടീച്ചേഴ്‌സ് പെറ്റ് എന്ന ക്രൈം പോഡ്കാസ്റ്റാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടാക്കിയത്. ഈ പരിപാടിയോടെ ലിനെറ്റ് കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിന് സമ്മര്‍ദ്ദമേറുകയും ക്രിസ്റ്റഫര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുനരന്വേഷണവുമായി പൊലീസ് രംഗത്തെത്തുകയുമായിരുന്നു.
ദമ്പതികളുടെ ജീവിതവും കൊലപാതകവും
ഒരു റഗ്ബീ കളിക്കാരനായിരുന്ന ഡോവ്‌സണ്‍ 1965ലെ ഒരു സ്‌കൂള്‍ പരിപാടിക്കിടെയാണ് ലിനെറ്റ് സിമ്മസ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അവര്‍ക്ക് രണ്ട് പേര്‍ക്കും പ്രായം 16 ആയിരുന്നു. 1970ല്‍ ഇരുവരും വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ടായി. എന്നാല്‍ 1982 ജനുവരിയില്‍ പെട്ടെന്ന് ഒരു ദിവസം ലിനെറ്റിനെ കാണാതാകുകയായിരുന്നു. പിന്നീട് ലിനെറ്റിന്റെ തിരോധാനത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഡോവ്‌സണ്‍ ജോന്‍ കര്‍ട്ടിസ് എന്ന 16കാരിയെ വീട്ടിലേക്ക് കൊണ്ടുവരുന്നു. ലിനെറ്റിനെ കാണാതായി രണ്ട് ദിവസം കഴിയുമ്പോഴായിരുന്നു ജോനിനെ ഡോവ്‌സണ്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് അതേവര്‍ഷം ഫെബ്രുവരി 18നാണ് ലിനെറ്റിനെ കാണാനില്ലെന്നും താനുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് തന്നെ വിട്ട് പോയിയെന്നും പറഞ്ഞ് ഡോവ്‌സണ്‍ രംഗത്തെത്തിയത്. ഇത് കാണിച്ച് 1993ല്‍ തന്നെ ഡോവ്‌സണ്‍ വിവാഹമോചനം നേടുകയും ചെയ്തു.
1984ല്‍ ഡോവ്‌സണ്‍ ജോന്‍ കര്‍ട്ടിസിനെ വിവാഹം കഴിച്ചു. പിന്നീട് ഇരുവരും 1993ല്‍ വിവാഹ മോചനം നേടുകയും ചെയ്തു. ലിനെറ്റിനെ കാണാതായ ശേഷം അവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും അവരുടെ മൃതശരീരം ഇതുവരെ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 2001ലും 2003ലും നടത്തിയ അന്വേഷണത്തിനെ തുടര്‍ന്ന് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇങ്ങനെയാണ്’ ലിനെറ്റ് ഡോവ്‌സണ്‍ അജ്ഞാതനായ ഒരാളാല്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ്.
കേസന്വേഷണം പൂര്‍ത്തിയാക്കിയത് എങ്ങനെ?
2015ല്‍ പുതിയൊരു അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ അന്വേഷണ സംഘം 2018ല്‍ ഡോവ്‌സണിന്റെ വീട് പൂര്‍ണ്ണമായി പരിശോധിച്ചു. എന്നാല്‍ ലിനെറ്റിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും തന്നെ അവിടുന്ന് ലഭിച്ചിരുന്നില്ല.
അതേസമയം പോലീസ് പറയുന്നതനുസരിച്ച്, ആ വര്‍ഷം 28 ദശലക്ഷത്തിലധികം പേര്‍ ആരാധകരായ ഒരു പോഡ്കാസ്റ്റ് ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സമയമായിരുന്നു. ഈ പോഡ്കാസ്റ്റാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായതെന്ന് പൊലീസ് പറയുന്നു.
2018ല്‍ പുറത്തിറങ്ങിയ ഓസ്ട്രേലിയന്‍ ക്രൈം പോഡ്കാസ്റ്റായ ദി ടീച്ചേഴ്സ് പെറ്റിലാണ് ലിനറ്റ് ഡോസന്റെ തിരോധാനത്തപ്പറ്റി പറയുന്നത്. ഹെഡ്ലി തോമസായിരുന്നു ഷോയുടെ അവതാരകൻ. പോഡ്കാസ്റ്റിന്റെ നിര്‍മ്മാതാവ് സ്ലേഡ് ഗിബ്‌സണ്‍ ആയിരുന്നു. 2020-ലെ കണക്കനുസരിച്ച്, ഈ സീരീസ് മൊത്തം 30 ദശലക്ഷത്തോളം തവണ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കേട്ടിരുന്നു.
ലിനെറ്റിന്റെ ഭര്‍ത്താവും റഗ്ബി കളിക്കാരനുമായ ഡോവ്‌സണിനെപ്പറ്റിയും അദ്ദേഹത്തിന് 16കാരിയായ ഒരു വിദ്യാര്‍ത്ഥിനിയുമായുള്ള വിവാഹേതര ബന്ധത്തെപ്പറ്റിയും പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നു. കൂടാതെ നോര്‍ത്തേണ്‍ ബീച്ചിലെ ക്രോമര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലൈംഗികാരോപണങ്ങള്‍, പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ എന്നിവ ഇഴകീറി പോഡ്കാസ്റ്റില്‍ വിശദീകരിച്ചിരുന്നു.
അതേസമയം പോഡ്കാസ്റ്റിന്റെ അവതാരകരായ ഹെഡ്‌ലി തോമസിനും ഗിബ്‌സണും ധാരാളം അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. രണ്ട് പേർക്കും 2018-ലെ ഗോള്‍ഡ് വാക്ക്ലി അവാര്‍ഡും ലഭിച്ചിരുന്നു. ഈ പോഡ്കാസ്റ്റിലെ വിവരങ്ങളാണ് 1982ല്‍ കാണാതായ
ലിനെറ്റ് ഡോവ്‌സണിന്റെ ശരീരം കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങള്‍ കൂടുതൽ ഊര്‍ജിതമാക്കിയത്.
ഡോവ്‌സണിനെതിരെയുള്ള കുറ്റം
മൈക്കിള്‍ ക്രിസ്റ്റഫര്‍ ഡോവ്‌സണിനെ പ്രധാന പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഉണ്ടായിരുന്നത്. കേസ് പരിഗണിച്ച അന്നത്തെ ജഡ്ജിയായിരുന്ന ഇയാന്‍ ഹാരിസണ്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒന്ന് ഡോവ്‌സണ്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയോട് ഉള്ള ഇയാളുടെ ബന്ധം. ലിനെറ്റിന്റെ കൊലപാതകത്തിന് മുമ്പും ശേഷവും ഈ ബന്ധത്തിലുണ്ടായ പുരോഗതി. വിവാഹ ബന്ധത്തിൽ തുടരാന്‍ ആഗ്രഹിച്ച ലിനെറ്റിന് ഈ ബന്ധത്തെപ്പറ്റി അറിവുണ്ടായിരുന്നതും ഡോവ്‌സണിനെതിരെ തെളിവായി എത്തി.
ലിനെറ്റിന്റെ മുന്‍കാല സ്വഭാവത്തെപ്പറ്റി പഠിച്ച ജഡ്ജി പറഞ്ഞത് ഒരിക്കലും അവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകാന്‍ സാധ്യതയില്ലെന്നും ഒരു പുനരാലോചനയ്ക്ക് ശ്രമിച്ചിരിക്കാന്‍ സാധ്യത കാണുന്നുണ്ടെന്നുമാണ്.
അതേസമയം ലിനെറ്റ് വീട്ടില്‍ നിന്ന് പോയ ശേഷവും തന്നെ തുടര്‍ച്ചായി ഫോണിലൂടെ വിളിച്ചിരുന്നുവെന്നാണ് ഡോവ്‌സണ്‍ കോടതിയ്ക്ക് നല്‍കിയ മൊഴി. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് കള്ളമാണെന്ന് തെളിയുകയും ചെയ്തു.
എന്തിനാണ് പോഡ്കാസ്റ്റ് താല്‍കാലികമായി നീക്കം ചെയ്തത് ?
എന്‍എസ്ഡബ്ല്യൂ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ ഓഫീസിന്റെ നിർദേശ പ്രകാരം 2019 ഏപ്രിലില്‍ ഓസ്ട്രേലിയന്‍ പത്രം എല്ലാ വിതരണ പ്ലാറ്റ്ഫോമുകളില്‍ നിന്നും പോഡ്കാസ്റ്റ് നീക്കം ചെയ്തു. ന്യായമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഈ നടപടി.
അതേസമയം നീതിന്യായ വ്യവസ്ഥയെ തന്നെ സ്വാധീനിച്ച പല സംഭവങ്ങളും പോഡ്കാസ്റ്റിലൂടെ ഉരുത്തിരിഞ്ഞിരുന്നു. കര്‍ട്ടിസ് ഫ്‌ളവേഴ്‌സ് എന്ന ചെറുപ്പക്കാരനെതിരെയുള്ള കൊലപാതക കുറ്റവുമായി ബന്ധപ്പെട്ട കേസും പോഡ്കാസ്റ്റില്‍ പരിശോധിച്ചിരുന്നു. ഇന്‍ ഡാര്‍ക്ക് എന്ന പോഡ്കാസ്റ്റ് സീരിസ് ആണ് ഈ കേസ് അവലോകനം ചെയ്തത്. ഇത് വീണ്ടും കേസന്വേഷണത്തിന് വഴിത്തിരിവായി മാറിയിരുന്നു.
എന്നാല്‍ പോഡ്കാസ്റ്റിലൂടെ വ്യാപകമായ മാധ്യമ വിചാരണയെ കുറിച്ചും ഓസ്ട്രേലിയയിലെ ജുഡീഷ്യറി എങ്ങനെ മാധ്യമ സ്വാധീനത്തില്‍ നിന്ന് സ്വയം ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നു എന്നതിനെ കുറിച്ചും റിച്ചാര്‍ഡ് അക്ലാന്‍ഡ് ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു, ‘വലിയ കൊലപാതക കഥകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അവിടെ ഒരു കാചിംഗ് ഘടകം പ്രവര്‍ത്തിക്കുന്നു. അതായത് പൊതുതാല്‍പ്പര്യത്താല്‍ നയിക്കപ്പെടുന്ന വില്‍പ്പനയും വരുമാനവും. അതേസമയം ഒരു കുറ്റാരോപിതനെക്കുറിച്ച്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ന്യായാധിപന്‍മാര്‍ക്ക് മുന്‍വിധികള്‍ പാടില്ലെന്ന നിയമത്തിന്റെ വസ്തുതയും പാലിക്കപ്പെടേണ്ടതുണ്ട്’.
അതേസമയം ലിനെറ്റ് കേസില്‍ നീതിന്യായ വ്യവസ്ഥയെ തന്നെ പുനരുജ്ജീവിപ്പിക്കാന്‍ പോഡ്കാസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ജൂറി അധിഷ്ഠിത സംവിധാനത്തെ മാധ്യമങ്ങള്‍ക്ക് എത്രത്തോളം സ്വാധീനിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ജഡ്ജിമാരുടെ പക്ഷാപാതത്തെപ്പറ്റിയുള്ള വിശദീകരണങ്ങളും ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
ഇന്ന് ഇന്ത്യയിലും സുപ്രധാന കൊലപാതക കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ ഇടപെടലുകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടാറുണ്ട്. ഈയടുത്ത് ഡല്‍ഹിയില്‍ നടന്ന ശ്രദ്ധവാല്‍ക്കര്‍ കേസിന് മാധ്യമങ്ങള്‍ നല്‍കിയ വിപുലമായ കവറേജ് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നാണ് മുന്‍ യുപി ഡിജിപി വിക്രം സിംഗ് പറഞ്ഞിരുന്നു. ഇവ അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.