പ്രേത അന്വേഷകന്‍ ഗൗരവ് തിവാരി മരിച്ചതെങ്ങനെ? പിന്നില്‍ അമാനുഷിക ശക്തികളെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍
Last Updated:
സണ്ണി ലിയോണിനൊപ്പമുളള ഹോണ്ടഡ് വീക്കെന്‍ഡ്‌സ് അടക്കം ടിവി ഷോകള്‍, സിനിമകളില്‍ വേഷം, കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന മോഹിപ്പിക്കുന്ന ജോലി ഉപേക്ഷിച്ച് പ്രേതങ്ങളെ അന്വേഷിച്ചിറങ്ങിയ ഗൗരവ് തിവാരി എന്ന ചെറുപ്പക്കാരന്റെ ജീവിതം ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. 32ാം വയസിലെ ഗൗരവ് തിവാരിയുടെ മരണവും ജീവിതം പോലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ബാക്കിവയ്ക്കുന്നത്.
പ്രേതങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഉത്തരം തേടി അലഞ്ഞവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന പേരാണ് ഗൗരവിന്റേത്. ലോകത്ത് പ്രേത സാന്നിധ്യമുണ്ടെന്ന് പ്രചരിച്ചിടത്തൊക്കെ ധൈര്യപൂര്‍വ്വം എത്തിയ ഗൗരവ് വാര്‍ത്തകളില്‍ നിറഞ്ഞത് നിരവധി തവണ. പലയിടത്തെയും അന്ധവിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ യുവാവ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. 2009ല്‍ ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ച ഗൗരവ് ഒടുവില്‍ ദുരൂഹതകള്‍ ബാക്കിവച്ച് യാത്രയായപ്പോള്‍ മരണകാരണം എന്താണെന്നത് ഉറ്റവര്‍ക്കിടയില്‍ ചോദ്യചിഹ്നമായി ശേഷിക്കുന്നു.

2016 ജൂലൈ ഏഴിനാണ് ഡല്‍ഹി ദ്വാരകയിലെ സ്വന്തം ഫ്‌ളാറ്റിനുള്ളില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ ഗൗരവിനെ കണ്ടത്. ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇവിടെ ഗൗരവ് താമസിച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഗൗരവിനെ കണ്ടു എന്നാണ് ഭാര്യ ആര്യാ കാശ്യപ് പൊലീസിന് നല്‍കിയ മൊഴി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗരവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വീടും ഗൗരവിന്റെ മൊബൈല്‍ ഫോണും പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഗൗരവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ മടക്കി. എന്നാല്‍ ഇത് ബന്ധുക്കള്‍ ഇന്നും വിശ്വസിക്കുന്നില്ല. ഗൗരവ് ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് വീട്ടുകാരുടെ നിലപാട്.
advertisement
അമേരിക്കയില്‍ പഠനശേഷം കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുത്ത് ഇഷ്ടജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഗൗരവ്. പ്രേതബാധയുണ്ടെന്നു പരക്കെ പറഞ്ഞിരുന്ന ഒരു വീട്ടിലേക്കു താമസം മാറിയതോടെയാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന കരിയറില്‍ നിന്നും ഗൗരവ് പിന്തിരിയാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. ജോലി വിട്ടശേഷം പാരാനോര്‍മല്‍ വിഷയങ്ങളില്‍ പഠനം നടത്തിയ ഗൗരവ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് പാരാനോര്‍മല്‍ അന്വേഷകനും പാരാ നെക്‌സസ് പ്രതിനിധിയുമായിരുന്നു.
advertisement
പ്രേതബാധയുള്ളതെന്ന് പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ രാത്രി തങ്ങുകയുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. ഇന്ത്യയിലും വിദേശത്തും അടക്കം ഇത്തരം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകള്‍ വിഷയമായ ടിവി പരിപാടികള്‍ക്കും പ്രേക്ഷകരേറെയായിരുന്നു. ഭൂത് ആയാ, ഫിയര്‍ ഫയല്‍സ് തുടങ്ങിയ ടിവി പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 ഡിസംബര്‍, ടാങ്കോ ചാര്‍ളി എന്നീ സിനിമകളിലും ഗൗരവ് അഭിനയിച്ചിട്ടുണ്ട്. പ്രേതബാധയുണ്ടെന്ന് പറയുന്ന ആറായിരത്തോളം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചുണ്ടെന്നാണ് ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
advertisement
മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഗൗരവ് വിവാഹിതനായത്. ഏതോ വിപരീതശക്തി തന്നെ അതിലേക്കു നയിക്കുന്നുവെന്നും പിന്തിരിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നും ഗൗരവ് ഭാര്യ ആര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിയിലുള്ള അമിതഭാരമോ സമ്മര്‍ദ്ദമോ മൂലം പറഞ്ഞതാകാമെന്ന് കരുതി ഭാര്യ അതു കാര്യമാക്കിയിരുന്നില്ല. തിവാരിയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റം കറുത്തപാട് കണ്ടിരുന്നു. ഏതോ അദൃശ്യ ശക്തികള്‍ തിവാരിയുടെ മരണത്തിന് പിന്നിലുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്.
പ്രേതങ്ങളിലും കെട്ടുകഥകളിലും ഭയന്ന് കഴിയുന്ന ജനങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൗരവ് തിവാരി പാരനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. എന്നാല്‍ മരണത്തിലെ ദുരൂഹത മൂലം അദ്ദേഹം ലക്ഷ്യം വച്ചതിന്റെ വിപരീത പ്രചാരണമാണ് ഇന്ന് പലരും നടത്തുന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2019 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രേത അന്വേഷകന്‍ ഗൗരവ് തിവാരി മരിച്ചതെങ്ങനെ? പിന്നില്‍ അമാനുഷിക ശക്തികളെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍