Viral Video | സുപ്രിയയാണ് കേരളത്തിന്‍റെ മാതൃക; കോവിഡ് കാലത്ത് മനസു നിറച്ച ഒരു കാഴ്ചയ്ക്കു പിന്നിലെ യുവതി
- Published by:Asha Sulfiker
- news18-malayalam
Last Updated:
രാത്രിയോടെ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് വീഡിയോ വൈറലായി എന്ന കാര്യം അറിയുന്നത്. വീഡിയോ കണ്ട് തന്‍റെയും കണ്ണ് നിറഞ്ഞുവെന്നാണ് സുപ്രിയ ന്യൂസ്18 മലയാളത്തോട് പറഞ്ഞത്.
കോവിഡ് രോഗവും പ്രതിസന്ധിയും മൂലം പല വിഷമഘട്ടങ്ങളിലൂടെയാണ് പലരും കടന്നു പോകുന്നത്. ശുഭകരമല്ലാത്ത വാർത്തകളാണ് കോവിഡുമായി ബന്ധപ്പെട്ട് പലപ്പോഴും പുറത്തു വരുന്നതും. സാമൂഹിക അകലം അടക്കം പല നിയന്ത്രണങ്ങളും നിലവിലുള്ളതിനാൽ പരസ്പരം സഹായിക്കാൻ പോലും രണ്ടു തവണ ആലോചിച്ച് നിൽക്കുന്ന അവസ്ഥ.
ഈ പ്രതിസന്ധി കാലത്തും കണ്ണും മനസും നിറയ്ക്കുന്ന ചില കാഴ്ചകളും നമ്മള്‍ക്ക് മുന്നിലെത്തുന്നുണ്ട്. കോട്ടയം തിരുവല്ലയിൽ നിന്നുമുള്ള ഇത്തരം ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തിരക്കേറിയ റോഡിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന അന്ധനായ വയോധികനെ സഹായിക്കുന്ന ഒരു യുവതിയാണ് വീഡിയോയിൽ.
അദ്ദേഹത്തിന്‍റെ അടുത്തെത്തി എന്തോ ചോദിച്ച യുവതി അതുവഴി വന്ന കെഎസ്ആർടിസി ബസിന് കൈ കാണിക്കുന്നു. കുറച്ച് മുമ്പിലേക്കാണ് ബസ് നിർത്തിയത്. വയോധികനെ ആ വഴിയിൽ ഒതുക്കി സുരക്ഷിതമായി നിർത്തിയ ശേഷം ബസിനരികിലേക്ക് ഓടി വന്ന് കണ്ടക്ടറോട് എന്തോ പറയുന്നു. പിന്നീട് തിരികെ പോയ വയോധികനെ കൈ പിടിച്ച് കൊണ്ടു വന്നു ബസില്‍ കയറ്റി മടങ്ങുന്നു.. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ആരോ പകർത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
തിരുവല്ല തുകലശ്ശേരി സ്വദേശിയായ സുപ്രിയ സുരേഷാണ് ഈ വൈറൽ വീഡിയോയിലെ ആ നന്മ മുഖം. തിരുവല്ല ജോളി സിൽക്സ് ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് തിരക്കേറിയ റോഡിൽ നിൽക്കുന്ന വയോധികനെ കാണുന്നത്.. 'കാറും ബൈക്കും ചീറിപ്പാഞ്ഞ് പോകുന്ന റോഡിൽ ആ അച്ഛൻ നടക്കുന്നത് കണ്ടാണ് ഓടി അരികിലെത്തിയത്. റോഡിന് നടുവിലൂടെയായിരുന്നു നടന്നിരുന്നത്.. ബൈക്കൊക്കെ അടുത്തു വന്ന് വളഞ്ഞു പോകുന്നു.. ഞാനോടി അടുത്ത് ചെന്ന് സൈഡിലേക്ക് മാറ്റി നിർത്തി.. ചേട്ടൻ എന്തായാലും വരുമല്ലോ അപ്പോൾ ബൈക്കിൽ കയറ്റി സ്റ്റാന്‍ഡിലേക്ക് വിടാം എന്നാണ് ആദ്യംചിന്തിച്ചത്.. പെട്ടെന്ന് ബസ് വന്നപ്പോ കൈ കാണിച്ച് നിർത്തി.. അച്ഛനിവിടുന്ന് എവിടേയും പോകല്ലേ എന്നു പറഞ്ഞ് ഓടിപ്പോയി ബസുകാരോട് കാര്യം പറഞ്ഞു.. അച്ഛനെ പിടിച്ചു കൊണ്ടു വന്ന് ബസിലേക്ക് കയറ്റി.. അതു കണ്ട് സമാധാനത്തിലാ മടങ്ങിയത്'' നടന്ന സംഭവം സുപ്രിയ ഇങ്ങനെയാണ് വിവരിക്കുന്നത്..
advertisement
കോവിഡ് കാലത്ത് മനസു നിറച്ച ഒരു കാഴ്ച തിരുവല്ലയിൽ നിന്ന്..#ViralVideo #Kerala #Thiruvalla pic.twitter.com/IK7aWjPNlP
— News18 Kerala (@News18Kerala) July 8, 2020
സമീപത്തുണ്ടായിരുന്ന ആളുകൾ വീഡിയോ ചിത്രീകരിക്കുന്നതൊന്നും സുപ്രിയ അറിഞ്ഞിരുന്നില്ല.. വയ്യാത്ത ഒരാളെ സഹായിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ഈ മുപ്പത്തിമൂന്നുകാരിയായ യുവതി പറയുന്നത്. രാത്രിയോടെ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് വീഡിയോ വൈറലായി എന്ന കാര്യം അറിയുന്നത്. വീഡിയോ കണ്ട് തന്‍റെയും കണ്ണ് നിറഞ്ഞുവെന്നാണ് സുപ്രിയ ന്യൂസ്18 മലയാളത്തോട് പറഞ്ഞത്. ജോലി ചെയ്യുന്ന സ്ഥാപനം നടത്തുന്ന പല സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ പങ്കാളി കൂടിയാണ് ഈ യുവതി.
advertisement

സുപ്രിയ സുരേഷ്
ഇവിടെ സമീപത്തെ ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ സെയിൽസ്മാനായ ജോഷ്വാ അത്തിമൂട്ടിൽ ആണ് വീഡിയോ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് വീഡിയോ പകർത്തിയത്. ഇയാൾ ഇത് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. ഇത് വൈകാതെ വൈറലാവുകയും സുപ്രിയയുടെ സത്പ്രവർത്തി ജനം അറിയുകയും ചെയ്തു. തന്‍റെ വീഡിയോ പകർത്തിയ ജോഷ്വായെ കാണാൻ സുപ്രിയന നേരിട്ടു തന്നെ എത്തുകയും ചെയ്തു.
advertisement
ഈ വാർത്തയിൽ അധികം ശ്രദ്ധിക്കാതെ പോയ എന്നാൽ സുപ്രിയക്കൊപ്പം തന്നെ ആഘോഷിക്കപ്പെടേണ്ട രണ്ട് പേർ കൂടിയുണ്ട്. ആ കെഎസ്ആർടിസി ബസിലെ കണ്ടകട്റും ഡ്രൈവറും. സുപ്രിയയുടെ വാക്കു കേട്ട് അന്ധനായ വയോധികന് വേണ്ടി ആ വാഹനം കാത്തു കിടന്നു. ഡോർ തുറന്ന് കൈപിടിച്ച് അകത്തു കയറ്റിയത് കണ്ടക്ടറായ പി.ഡി.റെമോൾഡാണ്. ഒപ്പം ക്ഷമയോടെ കാത്ത് ഡ്രൈവർ എസ്.സുനിൽ കുമാറും.
മാതാപിതാക്കളെ ദ്രോഹിക്കുന്ന മക്കളുടെ വാർത്തകൾ നമ്മൾ പലപ്പോഴും കാണ്ടാറുണ്ട്. ഇതിനിടയിലാണ് ഇതുപോലെയുള്ള ചില സുപ്രിയമാരുടെയും കരുതലിന്‍റെ കഥകളുമെത്തുന്നത്. നടുറോഡിൽ പകച്ചു നിന്നയാളെ സ്വന്തം അച്ഛനെ കരുതി പോലെ കരുതലോടെ സഹായിക്കാൻ മനസ് കാണിച്ച സുപ്രിയ തന്നെയാണ് കേരളത്തിന്‍റെ മാതൃകയും..
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2020 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | സുപ്രിയയാണ് കേരളത്തിന്‍റെ മാതൃക; കോവിഡ് കാലത്ത് മനസു നിറച്ച ഒരു കാഴ്ചയ്ക്കു പിന്നിലെ യുവതി