ജടായുവിനെ കടലാസ്സിലാക്കാൻ ദേശീയ കാർട്ടൂണിസ്റ്റുകൾ
Last Updated:
ദേശീയ തലത്തിൽ പ്രശസ്തരായ 25 ഓളം കാർട്ടൂണിസ്റ്റുകൾ ഒന്നിച്ച് ജടായുവിനെ വരക്കും
കൊല്ലം: മലമുകളിൽ ചിറകു വിരിച്ചു വിശാലമായി കിടക്കുന്ന ജടായു. പുരാണ കഥാപാത്രം മനുഷ്യർക്കിടയിലേക്കു പറന്നിറങ്ങിയ ഇടമാണ് ചടയമംഗലം ജടായു പാറ. എന്നാൽ ഫെബ്രുവരി 24, ഞായറാഴ്ച ജടായുപ്പാറയിലേക്കെത്തുന്ന സഞ്ചാരികളെ കൗതുകമുണർത്തുന്ന ഒരു കാഴ്ചാനുഭവും കാത്തിരിക്കുന്നു. ദേശീയ തലത്തിൽ പ്രശസ്തരായ 25 ഓളം കാർട്ടൂണിസ്റ്റുകൾ ഒന്നിച്ച് ജടായുവിനെ വരക്കും.
ജടായു എർത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവർ രാവിലെ ജടായുപാറ സന്ദർശിക്കുന്നത്. കാഴ്ചകൾ പകർത്താനെത്തുന്ന കലാകാരന്മാരൊക്കെയും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും പ്രശസ്തരായവരാണ്. കാണികളുടെ ഇടയിൽ ഇരുന്ന് തത്സമയം ജടായുവിനെ ഇവർ അവരവരുടെ കാഴ്ചപ്പാടിലാണ് വരക്കുക.

പ്രശസ്ത കാർട്ടൂണിസ്റ്റുകൾ ആയ മനോജ് സിൻഹ (ഹിന്ദുസ്ഥാൻ ടൈംസ്), ഡോ.രോഹിത് ഫോരെ (ഫിനാൻഷ്യൽ ടൈംസ് ), മനോജ് ചോപ്ര (കശ്മീർ ടൈംസ് ), സന്ദീപ് അദ്വാരിയു (ടൈംസ് ഓഫ് ഇന്ത്യ ), സുബ്ഹാനി (ഡെക്കാൻ ക്രോണിക്കിൾ) തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടാകുക. കൂടാതെ മലയാളത്തിലെ പ്രശസ്തരായ കാർട്ടൂണിസ്റ്റുകളും ഉണ്ടാകും. കാണികൾക്കും ഈ കാഴ്ച കാണാനും, ആശയവിനിമയം നടത്താനും അവസരമുണ്ടാകും. ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയിലെ പുത്തൻ വിനോദസഞ്ചാര കേന്ദ്രം ആയി ജടായു എർത്ത് സെന്റർ മാറുകയാണ്. ജടായുവിനെ സാംസ്‌കാരിക വിനിമയത്തിന്റെ ഇടം കൂടിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
advertisement
വരച്ച കാർട്ടൂണുകളുടെ പ്രദർശനം ജടായുവിൽ പിന്നീട് സംഘടിപ്പിക്കും. ഈ ചിത്രങ്ങളെല്ലാം കോർത്തിണക്കി ഒരു കോഫി ടേബിൾ ബുക്ക് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് ജടായു എർത്ത് സെന്റർ എം.ഡിയും ചെയർമാനുമായ രാജീവ് അഞ്ചൽ അറിയിച്ചു. മലയാള കാർട്ടൂണിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്തു സംഘടിപ്പിക്കുന്ന കാർട്ടൂൺ കോൺക്ലേവിന്റെ ഭാഗമായാണ് കലാകാരന്മാർ ജടായുപ്പാറ സന്ദർശിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2019 12:29 PM IST


