നൂറ് വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ പൊളിച്ചു; കിട്ടിയത് നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇതിൽ 13 കുപ്പികൾ ഫുൾ ബോട്ടിലാണ്. ഓരോ കുപ്പിക്കും ഇന്ന് ലക്ഷങ്ങൾ വില വരും. ഫുൾ ബോട്ടിലുകൾ വിൽക്കാനാണ് ഇവരുടെ തീരുമാനം
ഒരു വർഷം മുമ്പാണ് ന്യൂയോർക്കിലുള്ള ഈ പഴയ വീട് നിക്ക് ഡ്രമണ്ടും പാട്രിക് ബക്കറും വാങ്ങുന്നത്. കുപ്രസിദ്ധനായ മദ്യക്കച്ചവടക്കാരനായിരുന്നു ഈ വീടിന്റെ ഉടമ എന്ന് കേട്ടിരുന്നെങ്കിലും വീട്ടിൽ തങ്ങളെ കാത്ത് നൂറ് വർഷത്തോളം പഴക്കമുള്ള 'നിധി' ഉണ്ടാകുമെന്ന് ദമ്പതികൾ കരുതിയിരുന്നില്ല. നൂറ് വർഷം പഴക്കമുള്ള വീടാണ് ഇരുവരും സ്വന്തമാക്കിയത്.
പഴക്കം ചെന്ന വീട് പുതുക്കി പണിയാനുള്ള ശ്രമങ്ങൾ ഡ്രമണ്ടും പാട്രിക്കും നടത്താൻ തീരുമാനിച്ചു. ഇതിനായുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയതോടെയാണ് തങ്ങൾ കേട്ടിരുന്ന വാർത്തകളിൽ വാസ്തവമുണ്ടെന്ന് ഇരുവർക്കും മനസ്സിലായത്.
പുതുക്കിപ്പണിയാനായി വീടിന്റെ ചുമര് പൊളിച്ചപ്പോഴുള്ള കാഴ്ച്ച കണ്ട് ഇരുവരും ഞെട്ടി. ചുമരിനോട് ചേർന്നുള്ള രഹസ്യ അറയാണ് ആദ്യം കണ്ണിൽപെട്ടത്. ഇതിൽ നിന്നും കണ്ടെത്തിയതാകട്ടെ നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികളും. നൂറ് വർഷത്തോളം പഴക്കമുള്ള 66 കുപ്പി വിസ്കിയാണ് ദമ്പതികൾ കണ്ടെത്തിയത്.
advertisement
ചുമരിനുള്ളിലെ രഹസ്യ അറയിൽ നിന്നും മദ്യകുപ്പികൾ കണ്ടെത്തുന്നതിന്റെ വീഡിയോ ഡ്രമണ്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീട് പുതുക്കി പണിയുമ്പോൾ തങ്ങൾക്ക് ലഭിച്ച സംഗതി എന്ന കുറിപ്പോടെയാണ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. ഇതിൽ 13 കുപ്പികൾ ഫുൾ ബോട്ടിലാണ്. നാലെണ്ണം കാലപ്പഴക്കം മൂലം കേടുവന്നു. എന്നാൽ ഒമ്പത് കുപ്പികളിലെ മദ്യം ഉപയോഗിക്കാവുന്നതാണെന്ന് ഡ്രമണ്ട് പറയുന്നു.
മദ്യക്കച്ചവടക്കാരനാണ് വീടിന്റെ ഉടമ എന്ന വാർത്ത ആദ്യം വിശ്വസിച്ചിരുന്നില്ലെങ്കിലും വീടിനുള്ളിൽ നിന്നും കാലപ്പഴക്കം ചെന്ന മദ്യക്കുപ്പികൾ കണ്ടെത്തിയതോടെ കേട്ടകഥകൾ സത്യമാണെന്ന് മനസ്സിലായതായി ഇരുവരും പറയുന്നു. ഈ വീട് നിർമിച്ചിരിക്കുന്നത് തന്നെ മദ്യം കൊണ്ടാണ്. അയാൾ ശരിക്കുമൊരു ഗംഭീര മദ്യക്കച്ചവടക്കാരൻ തന്നെ.
advertisement
വീടിന്റെ അടിവശത്തായി ചെളി കൊണ്ട് നിർമിച്ച രഹസ്യഅറയിലാണ് മദ്യക്കുപ്പികളുടെ ശേഖരം കണ്ടെത്തിയത്. കൂടാതെ തറയിലും രഹസ്യമായി മദ്യക്കുപ്പികൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ കുപ്പികൾ വീടിന്റെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു വെച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ ദമ്പതികൾ പരിശോധന തുടരുകയാണ്.
ആദ്യം ചുമരിനുള്ളിൽ നിന്നും ഒരു പെട്ടി മദ്യമാണ് കണ്ടെത്തിയത്. പിന്നീട് നാലെണ്ണം കൂടി ലഭിച്ചു. തങ്ങൾക്ക് ഈ കളി വളരെ ഇഷ്ടമായെന്നും കൂടുതൽ കുപ്പികൾ അന്വേഷിക്കലാണ് ഇപ്പോഴത്തെ പ്രധാന പണിയെന്നും ഡ്രമണ്ട് പറയുന്നു.
advertisement
1915 ലാണ് ഈ വീട് നിർമിച്ചതെന്നാണ് ഡ്രമണ്ട് പറയുന്നത്. ജർമൻകാരനായ കൗണ്ട് അഡോൾഫ് ഹംഫ്നർ എന്നയാളാണ് വീട് നിർമിച്ചത് എന്നാണ് കരുതുന്നത്. അക്കാലത്ത് ഇവിടെ മദ്യനിരോധനമുണ്ടായിരുന്നു. ഈ സമയത്ത് ഉടമ വീടിനുള്ളിൽ ഒളിപ്പിച്ചു വെച്ചതാകാം ഈ മദ്യക്കുപ്പികൾ എന്നാണ് കരുതുന്നത്.
അഡോൾഫ് ഹംഫ്നറിനെ കുറിച്ച് അൽപ്പം ഗേവഷണവും ഇതിനകം ഡ്രമണ്ട് നടത്തിയിട്ടുണ്ട്. ആ കാലത്തെ കുപ്രസിദ്ധനായ കള്ളക്കടത്തുകാരനാണ് ഇയാൾ എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. മദ്യക്കച്ചവടം തന്നെയായിരുന്നു മെയിൻ. പെട്ടന്നുള്ള ഹംഫ്നറിന്റെ മരണം അദ്ദേഹം രഹസ്യമായി സൂക്ഷിച്ച മദ്യക്കുപ്പികൾ അനാഥമാക്കി.
advertisement
സ്കോട്ടിഷ് വിസ്കി ബ്രാൻഡിലുള്ള മദ്യമാണ് ലഭിച്ചത്. ഇന്നും ഈ മദ്യം നിർമിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ കുപ്പിയും ഭദ്രമായി ടിഷ്യു പേപ്പറിലും വൈക്കോലിലും പൊതിഞ്ഞ് ആറ് പാക്കേജുകളായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്.
എന്തായാലും ലഭിച്ച മദ്യക്കുപ്പികളിൽ ഉപയോഗ ശൂന്യമായവ സുരക്ഷിതമായി സൂക്ഷിക്കാനാണ് ഡ്രമണ്ടിന്റേയും പാട്രിക്കിന്റേയും തീരുമാനം. ഫുൾ ബോട്ടിലുകൾ വിൽക്കാനും തീരുമാനിച്ചു. ഓരോ കുപ്പിക്കും ലക്ഷങ്ങൾ ആയിരിക്കും ഇന്ന് വില വരിക. നൂറ് വർഷം പഴക്കമുള്ള വീട്ടിൽ നിന്നും ശരിക്കും നിധി ലഭിച്ച സന്തോഷത്തിലാണ് ദമ്പതികൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നൂറ് വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ പൊളിച്ചു; കിട്ടിയത് നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ