• HOME
 • »
 • NEWS
 • »
 • buzz
 • »
 • അടുക്കള ഭരിക്കാൻ ഇനി റോബോട്ടുകൾ, പുട്ട് മുതൽ ബിരിയാണി വരെ തയ്യാറാക്കുന്ന മെഷീനുമായി സ്റ്റാർട്ടപ്പ്

അടുക്കള ഭരിക്കാൻ ഇനി റോബോട്ടുകൾ, പുട്ട് മുതൽ ബിരിയാണി വരെ തയ്യാറാക്കുന്ന മെഷീനുമായി സ്റ്റാർട്ടപ്പ്

പുട്ട്, ഉപ്പുമാവ്, ഏറെ സങ്കീര്‍ണ്ണമായ ബിരിയാണി, മീന്‍ കറി എന്നിവയെല്ലാം നോഷിന് തയ്യാറാക്കാനാകും.

Nosh

Nosh

 • Share this:
  ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളില്‍ തയ്യാറാക്കാന്‍ കഴിയും എന്നതാണ് ഇന്ത്യന്‍ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

  വ്യത്യസ്ഥമായ ധാരാളം വിഭവങ്ങളുള്ള ഇന്ത്യയില്‍ എല്ലാ തരം വിഭവങ്ങള്‍ക്കുമായി ഒറ്റ മെഷീന്‍ എന്നത് ഏറെക്കുറെ അസാധ്യമാണ്. ചപ്പാത്തി മെയ്ക്കര്‍ പോലെ ഓരോ വിഭവങ്ങള്‍ക്കുമായുള്ള പ്രത്യേകം മെഷീനുകള്‍ ലഭ്യമാണ്. ഓരോ ഭക്ഷണവും പാകം ചെയ്യുന്ന രീതിയും എറെ സങ്കീര്‍ണമാണ് എന്നതാണ് ഇതിന് കാരണം. തീ കുറച്ചും കൂട്ടിയും വേവ് കണക്കാക്കിയുമെല്ലാം വേണം ഓരോ വിഭവങ്ങളും തയ്യാറാക്കാന്‍. ഈ കാരണങ്ങള്‍ കൊണ്ട് എല്ലാം തന്നെ ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒരു മെഷീന്‍ എന്ന സങ്കല്‍പ്പം അസാധ്യമാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്.

  എന്നാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്തുകയാണ് ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂഫോട്ടിക്ക് ലാബ് എന്ന സ്റ്റാര്‍ട്ടപ്പ്. ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന 'നോഷ്' എന്ന ഒരു റോബോര്‍ട്ടിനെയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ബിരുദം നേടിയ ഗുജറാത്തില്‍ നിന്നുള്ള യതിന്‍ വരച്ചെയ്യയാണ് ഈ ആശയത്തിന് പിന്നില്‍. മൂന്ന് വര്‍ഷത്തെ പ്രയത്‌നത്തിന് ശേഷമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള നോഷ് വികസിപ്പിച്ചെടുത്തത്. ഈ കാലയളവില്‍ ആറോളം മാതൃകയില്‍ മെഷീന്‍ ഉണ്ടാക്കിയിരുന്നു. ഒരു സാറ്റലൈറ്റിനോളം വലിപ്പമുള്ളതായിരുന്നു ആദ്യ മാതൃക എന്നും പിന്നീട് നിരവധി പരിഷ്‌ക്കാരങ്ങള്‍ വരുത്തി ഇന്ന് ഒരു മൈക്രോവേവ് ഓവന്റെ വലിപ്പത്തിലേക്ക് ചുരുക്കാന്‍ സാധിച്ചെന്നും യതിന്‍ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്ന നോഷ് എന്ന റോബോട്ടിക്ക് മെഷീനിന് പിന്നിലെ പ്രേരണയും ഇതിനായുള്ള പരിശ്രമങ്ങളെ കുറിച്ചും ന്യൂസ്18 നോട് വിവരിക്കുകയാണ് യതിന്‍.

  ''2008 ലാണ് ഐഐഎസ്സി പഠനത്തിനായി ഞാന്‍ ബാംഗ്ലൂരിലെത്തിയത്. നല്ല വിഭവങ്ങള്‍ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് അന്ന് മുതലാണ് തുടങ്ങിയത്. വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്തപ്പോഴും വിവാഹം കഴിച്ച ശേഷവും ഈ ബുദ്ധിമുട്ട് തുടര്‍ന്നു. ഞാനും ഭാര്യയും ജോലി ചെയ്യുന്നുണ്ടായിരുന്നു. ജോലി തിരക്ക് കാരണം നന്നായി ഭക്ഷണം പാകം ചെയ്യാന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും കഴിയാറില്ലായിരുന്നു. എപ്പോഴും ഭക്ഷണം പുറത്ത് നിന്ന് വാങ്ങുന്നത് നല്ല ശീലമായിരുന്നില്ല. ഇതിന് പരിഹാരം കാണണം എന്ന് ഞാന്‍ മനസിലുറപ്പിച്ചിരുന്നു,'' യതിന്‍ പറഞ്ഞു.

  മനസ്സിലുള്ള ആശയത്തെ കുറിച്ച് 100ാളം പേരുമായി സംസാരിച്ച ശേഷം ഒടുവില്‍ സുഹൃത്തുക്കളായ പ്രണവ് റാവല്‍, അമിത് ഗുപ്ത, സുദീപ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും യതിന്‍ പറയുന്നു.മെഷീനിന്റെ വ്യത്യസ്ഥ ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. മസാലകള്‍, വെള്ളം, ഓയില്‍ എന്നിവക്ക് പ്രത്യേകം അറകളുണ്ട്. അരി, പച്ചക്കറി, മാംസം എന്നിവക്കും പ്രത്യേക ഭാഗങ്ങളുണ്ട്. വിഭവത്തിന് ആവശ്യമായ സാധനങ്ങള്‍ ഇതിനായി നല്‍കിയ സ്ഥലത്ത് നിറച്ച ശേഷം വേണ്ട വിഭവം ക്ലിക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്. സാധാരണ ഭക്ഷണം പാകം ചെയ്യുന്ന സമയം നോഷ് ഉപയോഗിക്കുമ്പോഴും വരുമെങ്കിലും നമ്മുടെ പ്രയത്‌നം കുറയുമെന്ന് യതിന്‍ വിവരിക്കുന്നു.

  പുട്ട്, ഉപ്പുമാവ്, ഏറെ സങ്കീര്‍ണ്ണമായ ബിരിയാണി, മീന്‍ കറി എന്നിവയെല്ലാം നോഷിന് തയ്യാറാക്കാനാകും. ഒരു പാത്രം ഭക്ഷണം ഉണ്ടാക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ഥമായ ഇളക്കലുകളെയും, വറുക്കല്‍ രീതിയെയും സഹായിക്കുന്ന നാല് തരം ക്രമീകരണങ്ങളും നോഷില്‍ സജ്ജീകരിച്ചിട്ടുണ്ട്.

  വിഭവങ്ങള്‍ കഴിക്കുമ്പോള്‍ മെഷീനില്‍ തയ്യാറാക്കിയതാണ് എന്ന് തോന്നുകയേ ഇല്ല എന്നതാണ് നോഷിന്റെ സവിശേഷത എന്ന് സഹസ്ഥാപകനായ അമിത് പറയുന്നു. സര്‍ക്കാര്‍, കുടുംബാംഗങ്ങള്‍, നിക്ഷേപകര്‍ എന്നിവരില്‍ നിന്നും എല്ലാം സാമ്പത്തിക സഹായം ലഭിച്ചത് സഹായമായെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ഓളം ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും അമിത് പറഞ്ഞു.
  50,000 രൂപയാണ് നോഷിന്റെ വില. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 40,000 രൂപക്കും ലഭിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ആദ്യ മെഷീനല്ല നോഷ് എന്നാല്‍ ഇന്ത്യന്‍ വിഭവങ്ങള്‍ കാര്യക്ഷമതയോടെ തയ്യാറാക്കുന്ന ആദ്യ റോബോട്ടിക്ക് മെഷീനാണ് നോഷ്.
  Published by:Sarath Mohanan
  First published: