കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ മൂല്യമുള്ള സ്വർണം പിടികൂടി. മൂന്ന് പേരിൽ നിന്നായി 4.7 കിലോഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിൻ്റെ ഏകദേശ മൂല്യം 1.9 കോടി രൂപയാണ്.
ബഹറിനിൽ നിന്ന് വന്ന ഐ എക്സ് 372 വിമാനത്തിലെ യാത്രക്കാരൻ ആയ കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. ഇയാള് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് ഇത് കടത്താൻ ശ്രമിച്ചതെന്ന് എയർപോർട്ട് ഇൻ്റലിജൻസ് അധികൃതർ വ്യക്തമാക്കി.
ഡി ആർ ഐ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് 2.06 കിലോഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്. തിരൂരങ്ങാടി സ്വദേശി രവീന്ദ്രൻ ആണ് സ്വർണ മിശ്രിതവുമായി പിടിയിൽ ആയത്. പാൻ്റിലെ പോക്കറ്റിലെ പ്രത്യേക അറയിലും അടിവസ്ത്രതിലും ഒളിപ്പിച്ച് ആണ് ഇയാള് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്ന് വന്ന എയർ അറേബ്യയുടെ ജി9 487 വിമാനത്തിലെ യാത്രക്കാരൻ ആണ് രവീന്ദ്രൻ.
മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ ആണ് പിടിയിലായ മൂന്നാമത്തെ സ്വർണ കടത്തുകാരൻ. ഇയാള് 355 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്ന് വന്ന ഇൻഡിഗോ 6 ഇ 1849 വിമാനത്തിൽ ആണ് ജലീൽ കരിപ്പൂരിൽ എത്തിയത്.
കഴിഞ്ഞ ദിവസം സ്വർണം കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസിനെ കരിപ്പൂരിൽ പിടികൂടിയിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് ഇവർസ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയിൽ ആയത്.
തിങ്കളാഴ്ചഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 354 വിമാനത്തിലെ ജീവനക്കാരിയെ ആണ് എയർപോർട്ട് ഇൻ്റലിജൻസ് അധികൃതർ പിടികൂടിയത്. ഐ എക്സ് 354 വിമാനത്തിലെ ക്രൂ അംഗമായ ഇവർ 2.4 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിൽ ആണ് കടത്താൻ ശ്രമിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്തിയത്. മിശ്രിതത്തിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണത്തിന് 2054 ഗ്രാം തൂക്കം വരും. 99 ലക്ഷം രൂപ ആണ് വിപണി മൂല്യം കണക്കാക്കുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തിൽ കസ്റ്റംസ് കൂടുതൽ അന്വേഷണം തുടങ്ങി.
ബുധനാഴ്ച ലക്ഷങ്ങൾ മൂല്യമുള്ള വിദേശ കറൻസികൾ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് എയർപോർട്ട് ഇൻ്റലിജൻസ് അധികൃതർ പിടികൂടിയിരുന്നു. ഒമാൻ റിയാലും സൗദി റിയാലുമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലപ്പുറം സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിൽ ആയത്. പിടിച്ചെടുത്ത വിദേശ കറൻസികളുടെ മൂല്യം 30.32 രൂപ ആണ്. ദുബായിൽ നിന്നുള്ള ഫ്ലൈ ദുബൈ എഫ് സെഡ് 8744 വിമാനത്തിലെ യാത്രക്കാരൻ ആണ് പിടിയിൽ ആയ അബ്ദുല് റഷീദ്. ബാഗിനുള്ളിൽ ഒളിപ്പിച്ച് ആണ് ഇയാള് കറൻസി കടത്താൻ ശ്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.