സിം കാര്‍ഡ് ഹാക്കിംഗിലൂടെ 27 ലക്ഷം രൂപ തട്ടി; 44 കാരി കെണിയിൽ വീണതിങ്ങനെ
- Published by:Sarika N
- news18-malayalam
Last Updated:
ആഗസ്റ്റ് 31ന് തനിക്ക് ലഭിച്ച ഒരു വാട്‌സ് ആപ്പ് കോളാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് ജ്യോത്സന പറഞ്ഞു
ഇ-സിം കാര്‍ഡ് തട്ടിപ്പിനിരയായ നോയിഡ സ്വദേശിയായ 44കാരിയില്‍ നിന്നും 27 ലക്ഷം രൂപ കവര്‍ന്നതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജ്യോത്സന ഭാട്ടിയയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയില്‍ നോയിഡ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.ആഗസ്റ്റ് 31ന് തനിക്ക് ലഭിച്ച ഒരു വാട്‌സ് ആപ്പ് കോളാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് ജ്യോത്സന പറഞ്ഞു. ടെലികോം കമ്പനിയിലെ കസ്റ്റമര്‍ എക്‌സിക്യൂട്ടീവ് എന്ന പേരിലാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. പുതിയ ഇ-സിം കാര്‍ഡിന്റെ പ്രത്യേകതകളെപ്പറ്റിയും ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇ-സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാം എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് കസ്റ്റമര്‍ എക്‌സിക്യൂട്ടീവ് തന്നോട് പറഞ്ഞതെന്ന് പരാതിക്കാരി പറഞ്ഞു.
പിന്നാലെ സിം ആപ്ലിക്കേഷനിലെ ഇ-സിം ഓപ്ഷന്‍ സെലക്ട് ചെയ്യാന്‍ ഇയാള്‍ പരാതിക്കാരിയോട് പറഞ്ഞു. അതിന് ശേഷം ലഭിക്കുന്ന കോഡ് കൈമാറാനും തട്ടിപ്പ് സംഘം പരാതിക്കാരിയോട് പറഞ്ഞു. പരാതിക്കാരി സംഘം പറഞ്ഞ നിര്‍ദേശങ്ങള്‍ അതുപോലെ അനുസരിച്ചു. ഇതോടെ ഇവരുടെ മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ആകുകയായിരുന്നു എന്ന് സൈബര്‍ ക്രൈം ബ്രാഞ്ചിലെ എസ്എച്ച്ഒ വിജയ് കുമാര്‍ ഗൗതം പറഞ്ഞു.
സെപ്റ്റംബര്‍ 1ന് തന്നെ പുതിയ സിം കാര്‍ഡ് ലഭ്യമാകുമെന്നാണ് തട്ടിപ്പ് സംഘം ജ്യോത്സനയോട് പറഞ്ഞിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 1ന് സിം കാര്‍ഡ് ലഭിക്കാതായതോടെ ഇവര്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് ഡ്യുപ്ലിക്കേറ്റ് സിം ലഭിക്കുന്നതിനായി സര്‍വീസ് സെന്ററുമായി ബന്ധപ്പെടണമെന്നാണ് ഇവിടെ നിന്നും ജ്യോത്സനയ്ക്ക് ലഭിച്ച നിര്‍ദേശം.മൂന്ന് ദിവസത്തിന് ശേഷം ജ്യോത്സനയ്ക്ക് പുതിയ സിം കാര്‍ഡ് ലഭിച്ചു. എന്നാല്‍ അപ്പോഴേക്കും ബാങ്കില്‍ നിന്ന് നിരവധി സന്ദേശങ്ങളും ജ്യോത്സനയ്ക്ക് ലഭിക്കാന്‍ തുടങ്ങി.
advertisement
അപ്പോഴാണ് താന്‍ തട്ടിപ്പിനിരയായതായി ജ്യോത്സനയ്ക്ക് മനസിലായത്. ഇവരുടെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നും തട്ടിപ്പ് സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ജ്യോത്സനയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി തട്ടിപ്പ് സംഘം പണം പിന്‍വലിച്ചു. കൂടാതെ 7.40 ലക്ഷത്തിന്റെ വായ്പയും എടുത്തുവെന്നാണ് ജ്യോത്സന നല്‍കിയ പരാതിയില്‍ പറയുന്നത്. മൊബൈല്‍ നമ്പറിലൂടെ ജ്യോത്സനയുടെ ഇമെയില്‍ ഐഡി കണ്ടെത്തിയ സംഘം മൊബൈല്‍ ബാങ്കിംഗിലൂടെ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Location :
Noida,Gautam Buddha Nagar,Uttar Pradesh
First Published :
September 16, 2024 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിം കാര്‍ഡ് ഹാക്കിംഗിലൂടെ 27 ലക്ഷം രൂപ തട്ടി; 44 കാരി കെണിയിൽ വീണതിങ്ങനെ


