ഡ്രൈവിങ് പരിശീലനത്തിനിടെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് മർദിച്ച പരിശീലകയ്ക്കെതിരെ കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
പഠനത്തിടെ വാഹനം ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിച്ചെന്ന് പറഞ്ഞാണ് ഇൻസ്ട്രക്ടർ യുവതിയെ ഉപദ്രവിച്ചത്
കൊല്ലം: ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ യുവതിയെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പരിശീലകയ്ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം ആശ്രാമം വൈദ്യശാല സ്വദേശി ഷംനയുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ആശ്രാമം സ്വദേശിയായ ഷൈമയ്ക്കെതിരെയാണ് കേസെടുത്തത്.
രണ്ടാഴ്ച മുമ്പാണ് ഷംന ഡ്രൈവിംഗ് പഠനത്തിന് ആശ്രാമത്തെ ഒരു ഡ്രൈവിങ് സ്കൂളിൽ ചേർന്നത്. തുടക്കം മുതൽ ഇൻസ്ട്രക്ടറായ ഷൈമ ഡ്രൈവിംഗ് പഠനത്തിനിടെ ഷംനയെ ഉപദ്രവിക്കുമായിരുന്നു. പഠനത്തിടെ വാഹനം ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിച്ചെന്ന് പറഞ്ഞാണ് ഇൻസ്ട്രക്ടർ യുവതിയെ ഉപദ്രവിച്ചത്. പഠനത്തിന്റെ ഭാഗമെന്നു കരുതി ആദ്യമൊന്നും ഷംന അത് കാര്യമാക്കിയില്ല.
എന്നാൽ ഓരോ ദിവസവും ഉപദ്രവം കൂടി വന്നു. ഒരു ദിവസം ക്ലച്ച് അമർത്തിയില്ലെന്ന് പറഞ്ഞ് ഷംനയുടെ ഇടത്തേ തോളിൽ ഇൻസ്ട്രക്ടർ പലതവണ ആഞ്ഞടിച്ചു. സഹിക്കവയ്യാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുമെന്ന് ഷംന പറഞ്ഞു. പിറ്റേ ദിവസം അടി കൊണ്ട് തിണിർത്ത ഭാഗത്ത് ബാം പുരട്ടിക്കൊടുത്തു. എന്നാൽ തൊട്ടടുത്ത ദിവസവും സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് നേരത്തേ പരിക്കേൽപ്പിച്ച അതേ ഭാഗത്ത് ശക്തമായി അടിച്ചു. വേദനകൊണ്ട് പുളഞ്ഞ് ഷൈമ ഡ്രൈവിങ് പഠനം മതിയാക്കി, ആശുപത്രിയിൽ ചികിത്സതേടുകയും പൊലീസ് സ്റ്റേഷനിലെത്തി കേസ് കൊടുക്കുകയുമായിരുന്നു.
advertisement
പരാതി പരിശോധിച്ച പൊലീസ് ഡ്രൈവിംഗ് സ്കൂൾ ഉടമയെ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം കേസെടുത്തു. മാനസിക സമ്മർദ്ദം മൂലം അറിയാതെ സംഭവിച്ചു പോയതെന്നായിരുന്നു ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഷൈമയ്ക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നു.
Location :
Kollam,Kollam,Kerala
First Published :
March 31, 2023 6:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവിങ് പരിശീലനത്തിനിടെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് മർദിച്ച പരിശീലകയ്ക്കെതിരെ കേസ്