കോട്ടയം: കോട്ടയം ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായിരുന്ന അമ്മഞ്ചേരി സിബിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി ഗാന്ധിനഗര്‍ ഹൗസിംഗ് കോളനിയിലെ വാടക വീട്ടിനു പുറകുവശത്താണ് രാവിലെ മൃതദേഹം കണ്ടത്. മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജില്‍ ജോണിന്റെ മകന്‍ ആണ് അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി. ജോൺ. വാടക വീടിന്റെ അടുക്കള വശത്ത് ഗ്രില്ലിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഗാന്ധിനഗർ പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അമ്മഞ്ചേരി സിബി തൂങ്ങിമരിച്ചത് ആകാമെന്ന പ്രാഥമികനിഗമനം ആണ് ഗാന്ധിനഗർ പോലീസ് നടത്തുന്നത്. എന്നാൽ ആത്മഹത്യയ്ക്ക് കാരണമെന്ത് എന്ന് വ്യക്തമല്ല.സംഭവ സ്ഥലത്ത് ടെറസില്‍ കയറാന്‍ ഉപയോഗിച്ച ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയ ശേഷം താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് നടത്തുന്ന വിലയിരുത്തൽ. ടെറസിൽ കെട്ടിയ കയർ താഴേക്ക് വലിഞ്ഞു കിടക്കുകയായിരുന്നു. പുതിയ പ്ലാസ്റ്റിക് കയറിൽ ആണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കോട്ടയം ജില്ലയിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ ഏറെയും കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളത്. ഇവിടെ മാത്രം നിരവധി കേസുകൾ പ്രതിക്കെതിരെ ഉണ്ട്. സമീപ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പല കേസുകളിലും അമ്മഞ്ചേരി സിബി പ്രതിയാണ്. കൊലപാതകശ്രമം അടക്കമുള്ള ഗൗരവമേറിയ കുറ്റങ്ങളും ഇയാൾ ചെയ്തിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലും അമ്മഞ്ചേരി സിബി പ്രതിയാണ്. പോലീസ് വാഹനം തല്ലിത്തകർത്ത കേസും ഇയാൾക്കെതിരെ ഗാന്ധിനഗർ പോലീസ് ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, തുടങ്ങിയ ക്രിമിനൽ കേസുകളും സിബിക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ചുമത്തിയിട്ടുണ്ട്. കേസുകളുടെ എണ്ണവും ക്രിമിനൽ സ്വഭാവവും പരിഗണിച്ച് ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.
Also Read-കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അമ്മഞ്ചേരി സിബിയുടെ മരണം ആത്മഹത്യയാണെന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് എത്തിയിട്ടില്ല. വിവിധ ക്രിമിനൽ സംഘങ്ങൾ സമീപകാലത്തായി കോട്ടയത്ത് ഏറെ വ്യാപിച്ച് വരികയാണ്. കോട്ടയത്ത് ചന്തക്കവലയിലെ പെൺവാണിഭ കേന്ദ്രത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക ആയിരുന്നു കാരണം. ഏറെ കഞ്ചാവ് കേസുകളും സമീപകാലത്ത് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read-പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പോലീസുകാരൻ പണം തട്ടിയ കേസ് ഒത്തുതീർപ്പായി
ഗുണ്ടാ നേതാവായ അലോട്ടി ജയിൽമാറ്റത്തിനിടെ കഴിഞ്ഞദിവസം കോട്ടയം ബസ് സ്റ്റാൻഡിനു സമീപം പോലീസിനെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഏറ്റുമാനൂർ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരം ഗുണ്ടാ വിളയാട്ടങ്ങൾ തുടർക്കഥയാണ്. ഈ പശ്ചാത്തലത്തിൽ അമ്മഞ്ചേരി സിബിയുടെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം പരിശോധന ഫലം അടക്കം പുറത്തു വന്നാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത കൈവരു എന്നാണ് ഗാന്ധിനഗർ പോലീസ് അറിയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.