കണ്ണൂരിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പോലീസുകാരൻ പണം കവർന്ന കേസ് ഒത്തുതീർപ്പായി. തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഇ. എൻ. ശ്രീകാന്തിനെതിരായ കേസാണ് പരാതിക്കാരി പിൻവലിച്ചത്.
പരാതിയെ തുടർന്ന് ശ്രീകാന്ത് ഇപ്പോഴും സസ്പെൻഷനിലാണ്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമേ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവു.
ചൊക്ലി ഒളവിലത്തെ കെ.കെ. മനോജ്കുമാറിന്റെ എ.ടി.എം. കാർഡ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പ് വീട്ടിൽ ടി. ഗോകുൽ അടിച്ചുമാറ്റി പണം കവർന്നു എന്നതായിരുന്നു ആദ്യ പരാതി. ഏപ്രിൽ 1 നായിരുന്നു സംഭവം. ഈ കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ശ്രീകാന്ത്.
ഏപ്രിൽ 3 ന് ഗോകുൽ അറസ്റ്റിലായി.
മനോജ് കുമാറിൽ നിന്ന് തട്ടിയെടുത്ത എഴുപതിനായിരം രൂപ ഗോകുൽ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് ശ്രീകാന്ത് സഹോദരിയുടെ എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി എന്നാണ് പരാതി. സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് സാധനങ്ങൾ വാങ്ങുന്നതിനുമായി 28,000 രൂപ ചെലവാക്കി എന്നാണ് കേസ്.
റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസുദ്യോഗസ്ഥന് എതിരായ പരാതി അന്വേഷിച്ചത്. ശ്രീകാന്ത് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന്റെയും എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു.
തനിക്ക് പരാതിയില്ലെന്ന് ഗോകുലിന്റെ സഹോദരി വ്യക്തമാക്കിയതോടെയാണ് കേസ് പിൻവലിക്കാൻ ഹൈകോടതി അനുമതി നൽകിയത്.
Also read: തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ
വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ പോയ രണ്ടു പേർ പിടിയിലായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കെ. എസ്. എഫ്. ഇയില്‍നിന്ന് ഭവന വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തുവിന്‍റെ ആധാരം വാങ്ങിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2017 മുതൽ തുടങ്ങിയ തട്ടിപ്പിനൊടുവിലാണ് പ്രേംചന്ദും അനിൽകുമാറും പണം തട്ടിയെടുത്തത്.
2017ൽ ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെ കെ. എസ്. എഫ്. ഇ ഏജന്റുമാരെന്ന് പരിചയപ്പെടുത്തിയാണ് പ്രേംചന്ദും അനിൽകുമാറും തട്ടിപ്പ് നടത്തിയത്. കെ എസ് എഫ് ഇയിൽനിന്ന് ഭവനവായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ വസ്തുവിന്‍റെ ആധാരവും കരം ഒടുക്കിയ രസീതും കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. കെ. എസ്. എഫ്. ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ നിന്ന് വീട്ടമ്മ അറിയാതെ ചിട്ടികള്‍ പിടിക്കുന്നതിന് ഈ രേഖകൾ ജാമ്യമായി നൽകിയാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തത്. പ്രതികൾ പിടിച്ച ചിട്ടി മുടങ്ങിയതിനെ തുടർന്ന് കെ എസ് എഫ് ഇയിൽനിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് വീട്ടമ്മ തട്ടിപ്പ് മനസിലാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.