2022 ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിലെ സർക്കാർ മേഖലയെ ലക്ഷ്യമാക്കിയുള്ള സൈബർ ആക്രമണങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 95 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോട്ട്. ഹാക്ക്ടിവിസ്റ്റ് (hacktivist) ഗ്രൂപ്പായ ഡ്രാഗൺ ഫോഴ്‌സ് മലേഷ്യയുടെ #OpIndia, #OpsPatuk ക്യാംപെയ്നുകളെ തുടർന്നാണ് ഈ വർദ്ധനവെന്ന് സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ്‌സെക് പറയുന്നു.
നിരവധി ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പുകൾ ഈ ക്യാംപെയ്നുകളിൽ ചേരുകയും ഇത്തരം ആക്രമണങ്ങളെ പിന്തുണക്കുകയും ചെയ്തു. ‘ഹാക്റ്റിവിസം’ കൂടാതെ മറ്റ് കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ സർക്കാർ ഏജൻസികൾ ഫിഷിംഗ് കാമ്പെയ്‌നുകളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്നു എന്നും ക്ലൗഡ്‌സെക് റിപ്പോർട്ടിൽ പറയുന്നു. ഡാറ്റ ചോർത്തുക, അവ സാമ്പത്തിക നേട്ടങ്ങൾക്കായി വിൽക്കുക തുടങ്ങിയവയാണ് ഇത്തരം ഭൂരിഭാഗം സൈബർ അറ്റാക്കർമാരുടെയും ലക്ഷ്യം.
റാൻസംവെയർ ഗ്രൂപ്പുകളും ഇപ്പോൾ വളരെയധികം സജീവമാണ്. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലൊന്നായ എയിംസിൽ വൻതോതിലുള്ള റാൻസംവെയർ ആക്രമണം ഉണ്ടായിയിരുന്നു. ദിവസങ്ങളോളം അവിടുത്തെ നെറ്റ്‌വർക്ക് തകരാറിലാകുകയും ചെയ്തു.
ഇന്ത്യൻ റെയിൽവേയിൽ രജിസ്റ്റർ ചെയ്ത മൂന്ന് കോടിയോളം യാത്രക്കാരുടെ വിവരങ്ങൾ ഹാക്ക് ചെയ്ത് ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) സെർവറുകളിൽ നിന്നുള്ള ഡാറ്റാ ചോർച്ച റെയിൽവേ പിന്നീട് നിഷേധിച്ചു.
കേന്ദ്ര ജലവഭവ മന്ത്രാലയത്തിന്റെ ട്വിറ്റർ ഹാൻഡിൽ ഡിസംബറിൽ രണ്ടുതവണയാണ് ഹാക്ക് ചെയ്യപ്പെട്ടത്.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ, ചൈന എന്നിവയാണ് ഹാക്കർമാർ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന രാജ്യങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാർ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ ആക്രമണങ്ങളുടെ 40 ശതമാനവും ഈ നാല് രാജ്യങ്ങളിൽ നിന്നായിരുന്നു.
സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് എന്നത് രാജ്യത്തിന്റെ നയമാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അടുത്തിടെ പറഞ്ഞിരുന്നു. ലോക്‌സഭയിൽ ഡോ. സുകാന്ത മജുംദാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിവിധ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാരിന് പൂർണ്ണമായും അവബോധമുണ്ടെന്നും അതിന്റെ അടിസ്‌ഥാനത്തിൽ പൗരന്മാരുടെ ഭയാശങ്കകൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
സൈബർ ഭീഷണികളിൽ നിന്നും കമ്പ്യൂട്ടറുകളും നെറ്റ്‌വർക്കുകളും സംരക്ഷിക്കാനുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകി വരുന്നു. വൈറസുകളെ കണ്ടെത്താനും അവ നീക്കം ചെയ്യാനുമുള്ള സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സൈബർ സ്വച്ഛതാ കേന്ദ്രം നൽകുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലൂടെയും വെബ്‌സൈറ്റിലൂടെയും സൈബർ സുരക്ഷ വിവരങ്ങൾ പങ്കിടുന്നുമുണ്ട്. ‘സാമ്പത്തിക തട്ടിപ്പുകളെ സൂക്ഷിക്കുക, ശ്രദ്ധിക്കുക’ എന്ന വിഷയത്തിൽ CERT-In യും റിസർവ് ബാങ്കും സംയുക്തമായി സൈബർ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.