ദേവനന്ദയുടെ മരണം: എല്ലാ മുങ്ങിമരണങ്ങളും മുങ്ങിയാകണമെന്നില്ല
- Published by:Anuraj GR
- news18-malayalam
Last Updated:
Devananda Death Case Probe | മുങ്ങിമരണമെന്ന് വിധിച്ച മരണങ്ങളെല്ലാം മുങ്ങിമരണങ്ങളായിരുന്നോ എന്ന അന്വേഷണത്തിനിടെയാണ് മുമ്പ് സംഭവിച്ച ഒരു മരണത്തെക്കുറിച്ച് ചില അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്
ദേവനന്ദയുടെ മരണമാണ് കേരളമാകെ ഉറ്റുനോക്കുന്നത്. മരണം എങ്ങനെ സംഭവിച്ചുവെന്നറിയാനാണ് കാത്തിരിക്കുന്നത്. മരണം എങ്ങനെ സംഭവിച്ചുവെന്നറിയാൻ ഫോറൻസിക് സംഘം ബുധനാഴ്ച സ്ഥലം സന്ദർശിക്കാനെത്തും. മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സുചനകൾ പുറത്തുവന്നിട്ടും കുട്ടിയുടെ അമ്മ ധന്യയും മുത്തച്ഛൻ മോഹനൻ പിള്ളയും നാട്ടുകാരും ഒരു പോലെ വാദിക്കുന്ന കുറെ അധികം കാര്യങ്ങളുണ്ട് അന്വേഷണ സംഘത്തിന് ഇഴകീറി പരിശോധിക്കാൻ.
മുങ്ങിമരണമെന്ന് വിധിച്ച മരണങ്ങളെല്ലാം മുങ്ങിമരണങ്ങളായിരുന്നോ എന്ന അന്വേഷണത്തിനിടെയാണ് മുമ്പ് സംഭവിച്ച ഒരു മരണത്തെക്കുറിച്ച് ചില അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. മുങ്ങിമരണങ്ങളെല്ലാം അങ്ങനെ മുങ്ങിമരണം ആകണമെന്നില്ലെന്നാണ് ക്രൈം റിക്കോർഡ്സ് ബ്യൂറോയിലെ ചില കേസുകൾ നൽകുന്ന സൂചനയും. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായ കെവിൻ കൊലക്കേസ് മുങ്ങിമരണമാകാത്തത് അങ്ങനെയാണ്.
Read Also: ദേവനന്ദ പോയ വഴിയേ കൃത്യമായി പാഞ്ഞു; ആദ്യ തുമ്പുണ്ടാക്കിയത് പൊലീസ് നായ റീന
കെവിൻ കേസുപോലെ അത്രയധികം രാഷ്ട്രീയ കോളിളക്കമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പാലക്കാടുള്ള ഒരു കോളജ് ഹോസ്റ്റലിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നിൽ ഫോറൻസിക് പരിശോധകരുടെ അതീവ ജാഗ്രത ഉണ്ടായിരുന്നു. ദേവനന്ദയുടെ കാര്യത്തിലും അത്തരം ജാഗ്രത ഫോറൻസിക് സംഘം സ്വീകരിക്കുമെന്ന് തന്നെ വിശ്വസിക്കാം.
advertisement
എന്തായിരുന്നു പാലക്കാട് നടന്ന സംഭവം
ഹോർമിസ് തരകൻ ഡിജിപി ആയിരുന്ന കാലത്താണ് ആ സംഭവം നടന്നത്. മരിച്ച വിദ്യാർഥിയുടെ അച്ഛനും അമ്മയും പ്രവാസികളായിരുന്നു. ഊട്ടിയിൽ പ്ലസ് ടു വരെ പഠിച്ച് 95 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥി ഹോസ്റ്റലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചതെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. നീന്തൽ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള മകൻ ഒരിക്കലും നീന്തൽ കുളത്തിൽ മുങ്ങിമരിക്കില്ലെന്ന മാതാപിതാക്കളുടെ ഉറച്ച വിശ്വാസമാണ് കേസന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപിയെ പ്രേരിപ്പിച്ചത്.
advertisement
ആ മരണത്തെക്കുറിച്ചുള്ള സംശയം ?
രാവിലെ ഏഴരയ്ക്ക് നീന്തൽ കുളത്തിലെ പരിശീലനത്തിനിടെ ഒന്നാം വർഷ വിദ്യാർത്ഥി മുങ്ങിമരിച്ചുവെന്നായിരുന്നു ആദ്യ വിവരം. മകന്റെ വേർപാട് അറിഞ്ഞ് അച്ഛനും അമ്മയും വിദേശത്ത് നിന്ന് നാട്ടിലെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും ഇൻക്വസ്റ്റ് നടപടികളിലെ വിവരങ്ങളും ചേർത്ത് വായിച്ച രക്ഷിതാക്കൾക്ക് മകൻ മുങ്ങിമരിക്കില്ലെന്ന് ഉറപ്പായി.
എന്താണ് ക്രൈംബ്രാഞ്ച് അന്ന് ചെയ്തത് ?
വിശദമായ ഫോറൻസിക് പരിശോധനയും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയും വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. അന്നത്തെ ഏറ്റവും പ്രഗത്ഭരടങ്ങിയ സംഘത്തെ കൊണ്ടാണ് റീ പോസ്റ്റമോർട്ടം ചെയ്യിച്ചത്. എന്തൊക്കെയാണ് ആദ്യ പോസ്റ്റമോർട്ടത്തിൽ വിട്ടുപോയതെന്നായിരുന്നു അവർ പ്രധാനമായും പരിശോധിച്ചത്.
advertisement
മരിച്ച വിദ്യാർഥിയുടെ തലയോട് തുറന്നുള്ള പരിശോധന ആദ്യ പോസ്റ്റുമോർട്ടത്തിൽ നടന്നിരുന്നില്ല. തലയോടും തലച്ചോറും പരിശോധിച്ച രണ്ടാമത്തെ സംഘം തലയുടെ പിൻഭാഗത്ത് ശക്തമായ ഒരു ക്ഷതം കണ്ടെത്തി. കൂടാതെ ശരീരത്തിന്റെ പുറകുവശത്ത് രണ്ടിടങ്ങളിലും സമാനമായ ക്ഷതം കണ്ടെത്തി. വൃക്കകളെ ഈ ക്ഷതം സരമായി ബാധിച്ചിരുന്നുവെന്നും കണ്ടെത്തി. കൂടാതെ മുങ്ങിമരണമാണെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരമാർശം ശരിവയ്ക്കുന്ന ചില കാര്യങ്ങളും രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തി. അന്നനാളത്തിലെയും ആമാശയത്തിലെയും ജല സാനിധ്യമാണ് പ്രധാനം. എന്നാൽ ശരീരത്തിനേറ്റ ക്ഷതങ്ങൾക്ക് ചുറ്റും പ്രത്യേക തരത്തിലുള്ള കോശ വളർച്ച പ്രത്യേകിച്ച തലയോട്ടിയിലെ ത്വക്കിനു പുറത്ത് നിന്ന് കണ്ടെത്തി. ഈ കണ്ടെത്തൽ കേസന്വേഷണത്തിൽ ഏറെ നിർണായകമായി.
advertisement
ദേവനന്ദയുടെ മാതാപിതാക്കളെ പോലെ അന്നും അച്ഛനും അമ്മയും സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. നീന്തൽ കുളത്തിലെ രജിസ്റ്ററിൽ മകനല്ല ഒപ്പ് വച്ചത്, മകന്റെ കൈയക്ഷരം ഇങ്ങനെയല്ല. കൂടാതെ നീന്തൽ താരമായ മകൻ കുളത്തിൽ മുങ്ങി മരിക്കില്ല. ഹൃദ്രോഗിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്നും കോളജ് ക്ലാസുള്ളപ്പോൾ നീന്തൽ പരിശീലനത്തിന് മകൻ പോകില്ലെന്നും അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞു. സാധാരണ വേഷത്തിൽ ഒരിക്കലും മകൻ നീന്തൽ കുളത്തിൽ ഇറങ്ങില്ലെന്നും രക്ഷിതാക്കൾ വാദിച്ചു. കാരണം കോളജിൽ ക്ലാസുള്ള ദിവസമാണ് രാവിലെ ആ മിടുക്കൻ മരിച്ചത്. കൂടാതെ ബെർമൂഡയും ടി ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇത്തരം സംശയങ്ങളുള്ളതുകൊണ്ട് തന്നെ സംഭവം തെളിയിക്കപ്പെടും വരെ മകന്റെ മൃതശരീരം മറവു ചെയ്യില്ലെന്നും ആ മതാപിതാക്കൾ തീരുമാനിച്ചിരുന്നു.
advertisement
ഏതായാലും റി പോസ്റ്റ്മോർട്ടത്തിന്റെയും രാസ പരിശോധനയുടെയും ഫലം വന്നപ്പോൾ മരണം മുങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ചു. എന്നാൽ മരണത്തിന് മുമ്പ് സംഭവിച്ച ക്രൂരമായ റാഗിംഗിന്റെ കഥ കൂടി പുറത്തുവന്നു. കോളജിലെ സീനിയർ വിദ്യാർഥികളുടെ ആറംഗ സംഘം ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കടന്ന് ആ കുട്ടിയെ റാഗ് ചെയ്തിരുന്നു. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന പോലെ ആ കുട്ടി ആറംഗ ക്രിമിനൽ സംഘത്തിലെ ഒരാളെ ശരിക്ക് ഇടിച്ച് പഞ്ഞിക്കിട്ടു. ഇതിനെ തുടർന്ന് ക്രിമിനൽ സംഘം കുട്ടിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കും മുതുകിലും അടിച്ചു. അടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണ വിദ്യാർത്ഥിയെ മണിക്കൂറുകൾക്ക് ശേഷം മരിച്ചെന്ന് തെറ്റിധരിച്ച് നീന്തൽ കുളത്തിലെറിഞ്ഞു. ഇതാണ് സംഭവിച്ചത്.
advertisement
തുടർന്ന് ക്രിമിനൽ സംഘത്തിലെ ആറുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ സിസിടിവി ക്യാമറകൾ ഓഫാക്കി സഹായിച്ച ഹോസ്റ്റൽ അധികാരികളുടെ ഒത്താശക്കാരും കൊലായാളി ഗ്രൂപ്പിനെ സഹായിക്കാൻ മൊഴിമാറ്റുകയും സത്യം മറച്ചുവയ്ക്കുകയും ചെയ്ത കോളജ് അധികാരികളിൽ ചിലരും അന്ന് ആ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു.
അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഫോറൻസിക് സംഘം സ്ഥലത്ത് എത്തുമ്പോൾ അവർ കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ദേവനന്ദയുടെ രക്ഷിതാക്കളുടെ സംശയങ്ങളും ബലമുള്ളതാണ്. കുട്ടി പോകാത്ത വഴി, കുട്ടിയുടെ മൃതശരീരത്തിനൊപ്പം കണ്ടെത്തിയ ദുപ്പട്ട, മരണ സമയം, കുട്ടി തനിച്ചു പുറത്ത് പോകില്ലെന്ന ഉറപ്പ്. കുട്ടിയുടെ പ്രായം, ഇതൊക്കെ ഇഴകീറി പരിശോധിക്കപ്പെടും. കേസിൽ എന്തെങ്കിലും ചീഞ്ഞ് നാറുന്നുണ്ടെങ്കിൽ അത് തെളിയിക്കാനുള്ള തുമ്പ് അവർക്ക് കണ്ടെത്താൻ കഴിയുക തന്നെ ചെയ്യും.
Location :
First Published :
March 02, 2020 5:22 PM IST