'മകളെ കൊലപ്പെടുത്തിയത് ഭർത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാൻ'; സന്ധ്യ പൊലീസിനോട്
- Published by:Rajesh V
- news18-malayalam
Last Updated:
കല്യാണിയെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സ്നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു
നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭർത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭർത്താവ് സുഭാഷിന്റേത് ആൺമക്കൾ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സ്നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതൽ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. സന്ധ്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സുഭാഷ് അറിയാതെ സന്ധ്യ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടിൽ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തൽ.
സന്ധ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഉടൻ പൊലീസ് കോടതിയെ സമീപിക്കും. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും.
advertisement
ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എറണാകുളം ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയിൽ ഹാജരാക്കിയത്. സന്ധ്യ നിലവിൽ കാക്കനാട് വനിതാ സബ് ജയിലിലാണ്.
ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Location :
Ernakulam,Kerala
First Published :
May 21, 2025 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'മകളെ കൊലപ്പെടുത്തിയത് ഭർത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാൻ'; സന്ധ്യ പൊലീസിനോട്


