എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ ഉൾപ്പടെ 3 പേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
രണ്ട് എമര്‍ജന്‍സി ലാമ്പുകളിലെ ബാറ്ററിക്കുള്ളില്‍ വിദഗ്തമായി ഒളിപ്പിച്ച നിലയില്‍ 50 ഗ്രാം വീതം ഭാരമുള്ള 12 ഗോള്‍ഡ് പ്ലേറ്റുകളാണ് പരിശോധനയില്‍ കണ്ടെത്താനായത്
കരിപ്പൂര്‍: റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെയും സ്വര്‍ണ്ണം കൈപ്പറ്റാന്‍ എയര്‍പോര്‍ട്ടിലെത്തിയ രണ്ട് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തു.
റിയാദില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് ഈങ്ങാപ്പുഴ സ്വദേശി അമല്‍ ചെറിയാന്‍ (27) ആണ് എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച 600 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
ചെക്ക് ഇന്‍ ബാഗേജിലെ രണ്ട് എമര്‍ജന്‍സി ലാമ്പുകളിലെ ബാറ്ററിക്കുള്ളില്‍ വിദഗ്തമായി ഒളിപ്പിച്ച നിലയില്‍ 50 ഗ്രാം വീതം ഭാരമുള്ള 12 ഗോള്‍ഡ് പ്ലേറ്റുകളാണ് പരിശോധനയില്‍ കണ്ടെത്താനായത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 3777000 രൂപ വില വരും.
advertisement
ഇന്ന് രാവിലെ ഏഴ് മണിക്ക് റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 322) വിമാനത്തിലാണ് ഇയാള്‍ കരിപ്പുർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.30 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ അമലിനെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും പരിശോധനക്കും ശേഷമാണ് രണ്ട് ചെക്ക് ഇന്‍ ബാഗേജുകളില്‍ രണ്ട് എമര്‍ജന്‍സി ലാമ്പുകളുടെ ബാറ്ററി കേസിനുള്ളില്‍ കറുത്ത ആവരണം കൊണ്ടു പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ 12 ഗോള്‍ഡ് പ്ലേറ്റുകള്‍ കണ്ടെത്താനായത്. ഓരോ ബാറ്ററിക്കുള്ളിലും 6 ഗോള്‍ഡ് പ്ലേറ്റുകള്‍ വീതം ഉണ്ടായിരുന്നെങ്കിലും ഓണ്‍ ചെയ്താല്‍ എമര്‍ജന്‍സി ലാമ്പുകള്‍ പ്രകാശിക്കുന്ന നിലയില്‍ അതിവിദഗ്ധമായാണ് ഗോള്‍ഡ് സെറ്റ് ചെയ്തിരുന്നത്.
advertisement
ഈ സമയം അമലിന്‍റെ കയ്യില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ താമരശ്ശേരി സ്വദേശികളായ റിയാസ് (26), മുസ്തഫ (26) എന്നിവരെ തന്ത്രപൂര്‍വ്വം പോലീസ് വലയിലാക്കുകയായിരുന്നു. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്‍റീവിനും സമര്‍പ്പിക്കും. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന നാലാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
Location :
Kozhikode,Kozhikode,Kerala
First Published :
January 11, 2024 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ ഉൾപ്പടെ 3 പേർ അറസ്റ്റിൽ