മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിയുടെ ചവിട്ടേറ്റ അധ്യാപകന് വയറ്റിൽ നീർക്കെട്ട്; വീണ്ടും ആശുപത്രിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വിദ്യാര്‍ഥി ഷൂസിട്ട് അധ്യാപകന്‍റെ വയറിന്‍റെ ഇടതുവശത്ത് ചവിട്ടിയിരുന്നു, ഇതാകാം വയറിലെ നീര്‍ക്കെട്ടിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു
മലപ്പുറം: കുറ്റിപ്പുറത്ത് പ്രിൻസിപ്പലിന്‍റെ സാന്നിദ്ധ്യത്തിൽ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തിന് ഇരയായ അധ്യാപകൻ സജീഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവിട്ടേറ്റ് വയറ്റിൽ നീർക്കെട്ടുണ്ടായതോടെയാണ് ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥി കൈപിടിച്ച് തിരിച്ചതിനെ തുടർന്ന് കൈക്കുഴ വേര്‍പ്പെട്ട കുറ്റിപ്പുറം പേരശനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കുണ്ടില്‍ചോലയില്‍ സജീഷിനെ (46) നേരത്തെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വീണ്ടും ആശുപത്രിയിലാക്കിയത്.
സിടി സ്കാൻ ഉൾപ്പടെയുള്ള പരിശോധനകളില്‍ വയറിനു താഴെ നീര്‍ക്കെട്ടുള്ളതായി കണ്ടെത്തി. വിദ്യാര്‍ഥി ഷൂസിട്ട് അധ്യാപകന്‍റെ വയറിന്‍റെ ഇടതുവശത്ത് ചവിട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഭാഗത്ത് നീര്‍ക്കെട്ട് വന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ട സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. പ്രിൻസിപ്പലിന്റെ മുന്നിലിട്ടായിരുന്നു അധ്യാപകനെ വിദ്യാർത്ഥി മർദിച്ചത്. കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വിദ്യാർഥി അധ്യാപകനെ ആക്രമിച്ചത്.
advertisement
Also read-മംഗലപുരത്ത് യുവാവിനെ ലഹരിമാഫിയാ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്; പ്രധാന പ്രതി പിടിയിൽ
കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളിൽ ചിലരെ അധ്യാപകൻ ശകാരിച്ചു പ്രിൻസിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മർദിക്കുകയായിരുന്നു.
advertisement
വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പരുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അധ്യാപകൻ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് വിദ്യാർഥിക്കെതിരെ കേസെടുത്ത് ജുവനൈൽ കോടതി ജഡ്ജിക്കു റിപ്പോർട്ട് കൈമാറി.
തുടർന്ന് വിദ്യാർത്ഥിയെ സസ്പെൻസ് ചെയ്തിട്ടുണ്ട്. ഇതേ വിദ്യാർഥിയ്ക്കെതിരെ നേരത്തെ സ്കൂളിലെ അധ്യാപികമാർക്കെതിരെ മോശമായി പെരുമാറിയെന്ന പരാതിയുണ്ടായിരുന്നു.
Location :
Malappuram,Malappuram,Kerala
First Published :
October 30, 2023 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിയുടെ ചവിട്ടേറ്റ അധ്യാപകന് വയറ്റിൽ നീർക്കെട്ട്; വീണ്ടും ആശുപത്രിയിൽ