ഇടുക്കി: ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള ലോഡ്ജിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. വിപണിയിൽ അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ പരിശോധന നടത്തിയത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനാണ് യുവതിയെ ഒപ്പം കൂട്ടിയതെന്ന് യൂനുസ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു.
കുറച്ചുദിവസം മുമ്പ് പൊലീസിന് ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നു. പോലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.
Also Read- കൊച്ചി വിമാനത്താവളത്തിൽ 60 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി
തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂൾ-കോളേജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും ലഹരിമരുന്ന് വിൽപന നടത്തിയിരുന്നത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും ലോഡ്ജ് മുറിയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Idukki news