പാലക്കാട്: പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം പിടിയിലാകുന്നത്. അയൽവാസിക്ക് സമീപകാലത്തുണ്ടായ സാമ്പത്തിക അഭിവൃദ്ധിയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് പിടിയിലായത്. 2021 സെപ്തംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിൻ്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയത്.
2022 ഫെബ്രുവരി 12 ന് ബന്ധുവായ ജാഫറിൻ്റെ വീട്ടിൽ നിന്ന് 30 പവനും മോഷണം പോയി. രണ്ടു മോഷണവും വീട്ടുകാർ വീടടച്ചിട്ട് ദൂരയാത്രക്ക് പോയപ്പോഴാണ് നടന്നത്. പൊലീസ് അന്വേഷണം നടത്തി. സിസിടിവികൾ മുഴുവനും പരിശോധിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബഷീറിൻ്റെ ബന്ധുവിൻ്റെ വീട് സമീപവാസിയായ ജാഫർ അലി 27 ലക്ഷം രൂപയ്ക്ക് വാങ്ങി. 4 ലക്ഷം രൂപയുടെ നവീകരണവും നടത്തി. സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഫർ അലിയെ കസ്റ്റഡിയിലെടുക്കുന്നത്.
Also Read-200 രൂപ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ആലുവയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു
വിരലടയാളം പരിശോധിച്ചതോടെ പ്രതി ഇയാൾ തന്നെയെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മോഷണം നടത്തിയത് താനാണെന്ന് ജാഫർ അലി സമ്മതിച്ചു. മോഷ്ടിച്ച സ്വർണം പല ഘട്ടങ്ങളിലായാണ് വില്പന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മുൻപ് ഗൾഫിലായിരുന്ന ജാഫർ അലി 2019 മുതൽ നാട്ടിലാണ്. പറക്കുന്നത്തെ ഒരു പലചരക്ക് കടയിൽ ജോലി ചെയ്തു വരികയാണ്. നാട്ടുകാരുമായി എല്ലാ കാര്യത്തിനും സഹകരിച്ച് പ്രവർത്തിക്കുന്നയാളാണ്. മോഷണം നടന്നപ്പോൾ പ്രതിയെ പിടിക്കാത്തതിലുള്ള പ്രതിഷേധത്തിന് മുന്നിൽ നിന്നയാളാണ്. ഒരു വർഷത്തിന് ശേഷം പ്രതിയെ പിടിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് നോർത്ത് എസ് ഐ രാജേഷിനെയും സംഘത്തെയും നാട്ടുകാർ അഭിനന്ദിച്ചു.
പറക്കുന്നം മോഷണക്കേസിൽ പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിൻ്റെ അഭിമാന പ്രശ്നമായി മാറിയിരുന്നു. പ്രതിയെ എന്നു പിടിക്കും എന്ന നാട്ടുകാരുടെ ചോദ്യം നിരന്തരം നേരിടേണ്ടി വന്നു. ഒരു റസിഡൻഷ്യൽ മേഖല ആയിട്ടും സിസിടിവികളിലൊന്നും പ്രതിയുടെ ദൃശ്യം ഇല്ലായെന്ന് വന്നതോടെ ആ പ്രദേശം നന്നായി അറിയുന്ന ആളാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. അങ്ങനെയാണ് കോളനിയിലെ ഓരോ വ്യക്തിയേയും പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് ജാഫർ അലി നിരീക്ഷണ വലയത്തിൽ പ്പെടുന്നത്.
2019 ൽ നാട്ടിലെത്തിയ ഇയാൾ പലചരക്ക് കടയിൽ ജീവനക്കാരനായാണ് പ്രവർത്തിച്ചതാണ്. എന്നാൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 27 ലക്ഷം രൂപയുടെ വീടും 4 ലക്ഷം രൂപയുടെ നവീകരണവും നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ഗൾഫിൽ ജോലി ചെയ്തപ്പോൾ സമ്പാദിച്ചതാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ അത് തെളിയിക്കുന്നതിനാവശ്യമായ ഒന്നും നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പൊലിസ് ഇയാളുടെ വിരലടയാളം പരിശോധിച്ചതോടെ പ്രതിയാണെന്ന് തെളിഞ്ഞു.
ഒരു വർഷമായെങ്കിലും പ്രതിയെ പിടിച്ചതോടെ പൊലീസിനെ നാട്ടുകാർ അഭിനന്ദനങ്ങൾക്കൊണ്ട് മൂടി. പ്രതിയെ തെളിവെടുപ്പ് നടത്തി മടങ്ങുമ്പോൾ എസ് ഐ രാജേഷിനും സംഘത്തിനെയും കയ്യടിച്ചാണ് നാട്ടുകാർ അഭിനന്ദിച്ചത്. പാലക്കാട് നോർത്ത് എസ് ഐ സികെ രാജേഷ്, പ്രൊബേഷൻ എസ് ഐ തോമസ് ക്ലീറ്റസ്, എസ് ഐ നന്ദകുമാർ, സീനിയർ സി പി ഒ മാരായ സലിം , നൗഷാദ്, പ്രസാദ്, സത്താർ, സന്തോഷ്, സി പി ഒ മാരായ രഘു, മണികണ്ഠദാസ് , സായൂജ്, രതീഷ്, രജിത്, വനിതാ സി പി ഒ ഷജിത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.