രേഷ്മയെ കൊലപ്പെടുത്തിയത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനെന്ന് അനു; അത്മഹത്യ കുറിപ്പ് കണ്ടെടുത്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് കത്ത് കണ്ടെടുത്ത്. 10 പേജുള്ള ഈ കത്ത് അരുൺ സുഹൃത്തുക്കൾക്ക് എഴുതിയതാണെന്ന് പൊലീസ് പറഞ്ഞു.
അടിമാലി: പള്ളിവാസൽ പവർഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയിൽ അരുൺ(അനു–28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് കത്ത് കണ്ടെടുത്ത്. 10 പേജുള്ള ഈ കത്ത് അരുൺ സുഹൃത്തുക്കൾക്ക് എഴുതിയതാണെന്ന് പൊലീസ് പറഞ്ഞു. രേഷ്മയുടെ പിതൃസഹോദരനാണ് അനു എന്ന അരുൺ.
വർഷങ്ങളായി താൻ രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും കത്തിലുണ്ട്. രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെ ആരും കാണില്ലെന്നും കത്തിൽ പറയുന്നു.
രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് പൊലീസ് പറയുന്നത്. അനുവിന്റെ മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഫോണിന്റെ ബാറ്ററിയും പിൻഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ഫേൺ നശിപ്പിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
advertisement
സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
രേഷ്മയെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയശേഷം അനുനയിപ്പിച്ച് റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂർവം എഴുതിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
advertisement
ഉളി പോലുള്ള വസ്തു ഉപയോഗിച്ച് കുത്തിയപ്പോൾ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രേഷ്മയുടെ സംസ്കാര ചടങ്ങുകൾ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടിൽ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാലു ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്കൂളും പരിസരവും അണുവിമുക്തമാക്കി.
Location :
First Published :
February 22, 2021 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രേഷ്മയെ കൊലപ്പെടുത്തിയത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനെന്ന് അനു; അത്മഹത്യ കുറിപ്പ് കണ്ടെടുത്തു