അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി യുവതി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ യേശുദാസിന്റെ ഭാര്യ അന്നമ്മയാണ് (31) മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ അന്നമ്മയും ഭര്‍ത്താവ് യേശുദാസും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഇവരെ പ്രതി കല്ലും, കസേരയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. അടിയേറ്റ് തളര്‍ന്നു വീണ അന്നമ്മയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
തലയ്ക്കും മുഖത്തുമേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതി യേശുദാസിനെ പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു.
പുന്നപ്ര പുത്തന്‍പുരയ്ക്കല്‍ ബൈജു പ്രസാദിന്റേയും റീത്താമ്മയുടേയും മകളായ അന്നമ്മ തെഴിലുറപ്പ് തൊഴിലാളിയാണ്. മക്കള്‍ - ക്രിസ്റ്റി, അയോണ. അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
അശ്ലീലസംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്; അയൽവാസിക്ക് ജീവപര്യന്തം തടവ്
ആലപ്പുഴ: അശ്ലീല സംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ വിധിച്ചത്. നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൈനടി അടിച്ചിറയില്‍ പ്രദീപ് കുമാറിന് (46) ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി - 3 ജഡ്ജ് പി എന്‍ സീതയാണ് 302ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തത്തിന് പുറമെ 447-ാം വകുപ്പ് പ്രകാരം പ്രതി ഒരു വര്‍ഷം കഠിന തടവ് കൂടി അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്‍തൃസഹോദരന്‍ അനിയന്‍ എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു.
2004 മെയ് 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രദീപ് കുമാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രദീപ് കുമാര്‍ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന മകന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെയെന്ന് പറഞ്ഞ് സരസമ്മ തടസം പിടിക്കുന്നതിനിടെയാണ് വീണ്ടും വെട്ടേറ്റത്.
വെട്ടേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് തന്നെ മരണം സംഭവിക്കുകയായിരുന്നു. കൈനടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.