കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ

Last Updated:

ചികിത്സ നല്‍കാൻ വനപാലകർ ശ്രമിച്ചെങ്കിലും പുഴയില്‍ വച്ച് കാട്ടാന ചരിഞ്ഞു.

പാലക്കാട്: സ്ഫോടക വസ്തു നിറച്ച  പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊ‌ടും ക്രൂരത പങ്കുവച്ചിരിക്കുന്നത്.  മണ്ണാർക്കാടിന് സമീപം തിരുവാഴിയോടാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്.
വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്.
advertisement
ചിത്രം: മോഹന കൃഷ്ണൻ
കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ പുഴയിൽ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാൻ വനപാലകർ ശ്രമിച്ചെങ്കിലും പുഴയില്‍ വച്ച്  കാട്ടാന ചരിഞ്ഞു.
ചിത്രം: മോഹന കൃഷ്ണൻ
ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറുടെ കുറിപ്പ് ഇങ്ങനെ
advertisement
മാപ്പ്... സഹോദരീ .. മാപ്പ് ...
അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്നേഹ പരിലാളനകൾക്ക് അവൾ പാത്രമായത് .

ചിത്രം: മോഹന കൃഷ്ണൻ

തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.
ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ...

മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..

RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.
ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.
ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ ....

സഹോദരീ ..... മാപ്പ്
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement