കാർ കടത്തിയ കവർച്ചാ സംഘമെന്ന് സംശയം; കൊച്ചിയിൽ കണ്ടെയ്നർ ലോറി പൊലീസ് പിടികൂടി; ഒരാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
ലോറിയിലുണ്ടായിരുന്ന 3 രാജസ്ഥാൻ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പനങ്ങാട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടത്തിലൊരാൾ ശുചിമുറിയിൽ പോവുകയും ഇവിടുത്തെ ജനാല ഇളക്കി ചാടിപ്പോകുകയും ചെയ്തെന്നാണ് ലഭിക്കുന്ന വിവരം
കൊച്ചി: ഊട്ടിയിൽനിന്ന് കാർ കടത്തിക്കൊണ്ടു വരുന്നുവെന്ന സംശയത്തിൽ രാജസ്ഥാൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറി പൊലീസ് പിടികൂടി. പനങ്ങാട് പൊലീസ് പിടികൂടിയ കണ്ടെയ്നറിലുണ്ടായിരുന്ന 3 രാജസ്ഥാൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാൾ ചാടിപ്പോയി. മോഷ്ടിച്ച കാറുമായി ഊട്ടിയിൽനിന്ന് കണ്ടെ്യനർ വരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെട്ടൂരിൽ വച്ച് ലോറി പിടികൂടുകയായിരുന്നു. എന്നാൽ പരിശോധനയിൽ കാർ കണ്ടെത്താനായില്ല.
കണ്ടെയ്നറിൽ എസിയും അനുബന്ധ ഉപകരണങ്ങളുമാണ് തുടക്കത്തിൽ കണ്ടെത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ ലോറിയിൽനിന്ന് ഗ്യാസ് കട്ടർ കണ്ടെത്തി. കാർ മോഷ്ടിച്ച് കടത്തിക്കൊണ്ടു വരുന്നു എന്ന് ലോറിയുടെ നമ്പർ അടക്കം പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. എന്നാൽ ഒരു കാറാണോ ഒന്നിലധികം കാറുകൾ കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കടത്തിക്കൊണ്ടു വന്ന കാർ മറ്റെവിടെയെങ്കിലും ഇറക്കിയോ എന്നറിയാൻ കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ലോറിയിലുണ്ടായിരുന്ന 3 രാജസ്ഥാൻ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പനങ്ങാട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടത്തിലൊരാൾ ശുചിമുറിയിൽ പോവുകയും ഇവിടുത്തെ ജനാല ഇളക്കി ചാടിപ്പോകുകയും ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ കുറിച്ച് കൂടുതൽ വിവരമറിയാനും പനങ്ങാട് പൊലീസ് ശ്രമിക്കുന്നുണ്ട്.
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 15, 2025 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാർ കടത്തിയ കവർച്ചാ സംഘമെന്ന് സംശയം; കൊച്ചിയിൽ കണ്ടെയ്നർ ലോറി പൊലീസ് പിടികൂടി; ഒരാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു