ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ കൊലപ്പെടുത്തിയ മകൻ ജഡം മറവ് ചെയ്തത് അമ്മായിയപ്പന്റെ സഹായത്തോടെ
- Published by:Nandu Krishnan
- news18-malayalam
Last Updated:
നദീതീരത്ത് മറവ് ചെയ്ത മൃതദേഹം ഗ്രാമവാസികൾ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്
ചെന്നൈയില്‍ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകനെയും അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് മകന്‍ സ്വന്തം അച്ഛനെ കൊലപ്പെടുത്തിയത്. മധുരാന്തകത്തിനടുത്തുള്ള പാലാര്‍ നദിക്കരയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. മേയ് 25-ന് പുലിപ്പാറക്കോവിലിലെ ഗ്രാമവാസികള്‍ നദിക്കരയിലുള്ള മണല്‍ക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ടതായി കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഗ്രാമവാസികള്‍ പാടളം പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ 55-കാരനായ ശങ്കര്‍ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തിരുക്കഴുകുന്ദ്രത്തിനടുത്തുള്ള ഒരു ഇഷ്ടിക ചൂളയിലെ തൊഴിലാളിയാണ് ശങ്കര്‍. അന്വേഷണം എത്തിച്ചേര്‍ന്നത് ശങ്കറിന്റെ മകനിലേക്കാണ്. ചോദ്യം ചെയ്യലില്‍ 35-കാരനായ മുരുകന്‍ കുറ്റം സമ്മതിച്ചു. ദേഷ്യത്തിന്റെ പുറത്താണ് അച്ഛനെ കൊന്നതെന്ന് മുരുകന്‍ പോലീസിനോട് പറഞ്ഞു. ഭാര്യയെ ശങ്കര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതില്‍ പ്രകോപിതനായാണ് ആക്രമിച്ചതെന്നുമാണ് മുരുകന്‍ പോലീസിനോട് വെളിപ്പെടുത്തിതയത്.
അച്ഛനെ കൊലപ്പെടുത്തിയ ശേഷം പുലിപ്പാറക്കോവില്‍ ഗ്രാമത്തിനടുത്തുള്ള പാലാര്‍ നദീ തീരത്തേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഭാര്യാപിതാവ് രവിയുടെ (55) സഹായം തേടുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് നദിക്കരയില്‍ മൃതദേഹം മറവ് ചെയ്തത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മുരുകനെയും രവിയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം മറവ് ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Location :
Chennai,Tamil Nadu
First Published :
May 31, 2025 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ കൊലപ്പെടുത്തിയ മകൻ ജഡം മറവ് ചെയ്തത് അമ്മായിയപ്പന്റെ സഹായത്തോടെ