തിരുവനന്തപുരം: മോഷ്ടാവിനെ പിടികൂടാൻ പൊലീസ് പരാജയപ്പെട്ടിടത്ത് പരാതിക്കാരിയായ യുവതിയുടെ ബുദ്ധിയിൽ പ്രതി കുടുങ്ങി. മംഗലപുരത്ത് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജയാണ് മൊബൈൽ മോഷ്ടിച്ചയാളെ പിടികൂടാൻ സഹായിച്ചത്. തിരുവനന്തപുരം കൈതമുക്ക് പാല്‍ക്കുളങ്ങര സ്വദേശി അമീര്‍ (44) ആണ് പിടിയിലായത്.
മംഗലപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരിയാണ് ബഹിജ. കടയിൽനിന്നുതന്നെയാണ് യുവതിയുടെ മൊബൈൽ ഫോൺ മോഷണം പോയത്. മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴാണ് അമീര്‍ 12,000 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. മൊബൈൽ ഫോൺ മോഷണം പോയെന്ന് മനസിലാക്കിയ ബഹിജ ഉടൻ തന്നെ സമീപത്തുള്ള മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സി.സി.ടിവി ദൃശ്യം പരിശോധിച്ചാണ് അമീര്‍ ആണ് മൊബൈല്‍ മോഷ്ടിച്ചതെന്ന് യുവതി മനസിലാക്കിയത്. തുടര്‍ന്ന് ഈ ദൃശ്യവും പ്രതി അന്ന് വാങ്ങിയ മരുന്നിന്റെ പേരും യുവതി പൊലീസിന് കൈമാറിയിരുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിന് പ്രതിയെക്കുറിച്ച് കാര്യമായ സൂചന ലഭിച്ചിരുന്നില്ല. ദിവസങ്ങൾ കടന്നുപോയിട്ടും അന്വേഷണം നടക്കുന്നുവെന്ന മറുപടി മാത്രമാണ് യുവതിക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ചത്. അതിനിടെ മോഷ്ടാവായ ആൾ വാങ്ങിയ മരുന്നിന്‍റെ വിവരങ്ങൾ സമീപത്തെ മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ യുവതി കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയ പ്രതിയെ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം ഉടൻ ബഹിജയെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് യുവതി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും, പൊലീസിനെ കൂട്ടിയെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ഫോണ്‍ ആറ്റിങ്ങലില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക്ക് വിറ്റതായി അമീര്‍ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.