പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം; ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിലുള്ള പ്രതികാരമെന്ന് കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്
തിരുവനന്തപുരം: കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2023 ഓഗസ്റ്റ് 30നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടർന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടര്‍ന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആദിശേഖർ കൂട്ടുകാർക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടിൽ കളി കഴിഞ്ഞ് ബോൾ ഷെഡിൽ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കുട്ടിയിൽ നിന്ന് ആദിശേഖർ സ്വന്തം സൈക്കിൾ വാങ്ങി കയറാൻ തുടങ്ങുന്നതിനിടെ പിന്നാലെ വേഗത കുറച്ചുവന്ന ഇലക്ട്രിക് കാർ (കെഎൽ 19 എൻ 6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം കടന്നുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്നാട്ടില്‍നിന്നാണ് പൊലീസ് പിടികൂടിയത്. കാർ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്നാണ് ലഭിച്ചത്.
advertisement
പ്രതി പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ആദിശേഖറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 06, 2025 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം; ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിലുള്ള പ്രതികാരമെന്ന് കേസ്