വ്യാജ ഐഡിയിൽ ഡോക്ടറുടെ വീട്ടിൽ ജോലിക്കെത്തി 30 ലക്ഷം കവർന്ന എൽഎൽബി വിദ്യാർത്ഥിനിയടക്കം മൂന്ന് സ്ത്രീകൾ പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഡോക്ടറിന്റെ വീട്ടിൽ ജോലിയിൽ പ്രവേശിച്ച രണ്ടാം ദിവസമാണ് പ്രതി മോഷണം നടത്തിയത്.
ന്യൂഡൽഹി: വ്യാജ ഐഡിയിൽ ഡോക്ടറുടെ വീട്ടിൽ ജോലിക്കെത്തി 30 ലക്ഷം കവർന്ന കേസിൽ മൂന്ന് യുവതികൾ അറസ്റ്റിൽ. നോർത്ത് ഡൽഹിയിലെ മോഡൽ ടൗണിലാണ് സംഭവം. മീററ്റ് സ്വദേശികളായ ശിൽപി (19 ), രജനി (27) സഹാറൻപൂർ സ്വദേശിയായ നേഹ സമാൽറ്റി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 306 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. യുപിയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ 12 നാണ് മോഡൽ ടൗണിലെ താമസക്കാരനായ ഒരു ഡോക്ടറിന്റെ വീട്ടിൽ നിന്നും തൻവീർ കൗർ എന്ന ജോലിക്കാരി 30 ലക്ഷം രൂപയും ഒരു ഐഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞതായി പൊലീസിന് പരാതി ലഭിച്ചത്. സബ് ഇൻസ്പെക്ടർ രവി സൈനിയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ജോലിക്കാരിയെ കൂടാതെ മറ്റ് രണ്ട് യുവതികളും ചേർന്നാണ് കവർച്ച നടത്തിയതെന്ന് തെളിഞ്ഞു.
തുടർന്ന് പൊലീസ് ജോലിക്കാരിയെ നിയമിച്ച പ്ലേസ്‌മെന്റ് ഏജൻസിയോട് തൻവീറിന്റെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. അപ്പോഴാണ് യുവതി വ്യാജ ഐഡന്റിറ്റിയാണ് ഏജൻസിയ്ക്ക് നൽകിയതെന്ന് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഡോക്ടറിന്റെ വീട്ടിൽ തൻവീർ കൗറായി ജോലി ചെയ്തത് ശിൽപി എന്ന 19 കാരിയാണെന്ന് കണ്ടെത്തി. ശിൽപി എൽഎൽബി വിദ്യാർത്ഥിനിയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
പൊലീസ് മീററ്റ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശിൽപിയും രജനിയും അറസ്റ്റിലാവുന്നത്. ഇവരുടെ പക്കൽ നിന്നും 22.5 ലക്ഷം രൂപയും ഐഫോണും പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൂട്ടാളിയായ നേഹയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം നേഹയ്ക്ക് നൽകിയതായി പ്രതികൾ മൊഴി നൽകി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മൂന്നാം പ്രതിയായ നേഹ പിടിയിലാവുന്നത്.
തങ്ങൾ മൂവരും സുഹൃത്തുക്കളാണെന്നും ഒരു ജോലിയുടെ ആവശ്യത്തിനായാണ് മോഷണം നടത്തിയതെന്നും പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശിൽപി ഇതിനുമുൻപും ഒരു വീട്ടിൽ ജോലി ചെയ്തിരുന്നു. ഇതിനായുള്ള വ്യാജ ഐഡി നിർമ്മിച്ച നൽകുന്നത് രജനിയാണെന്ന് പൊലീസ് അറിയിച്ചു. ഡോക്ടറിന്റെ വീട്ടിൽ ജോലിയിൽ പ്രവേശിച്ച രണ്ടാം ദിവസമാണ് പ്രതി മോഷണം നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡിസിപി ഭീഷം സിംഗ് അറിയിച്ചു.
Location :
New Delhi,New Delhi,Delhi
First Published :
June 22, 2025 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജ ഐഡിയിൽ ഡോക്ടറുടെ വീട്ടിൽ ജോലിക്കെത്തി 30 ലക്ഷം കവർന്ന എൽഎൽബി വിദ്യാർത്ഥിനിയടക്കം മൂന്ന് സ്ത്രീകൾ പിടിയിൽ