Murder | യുപിയിലെ ദളിത് സഹോദരിമാരുടെ കൊലപാതകം: 6 പേർ അറസ്റ്റിൽ; രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ വെടിവെച്ചു വീഴ്ത്തി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിയായ ജൂനൈദിനെ എന്‍കൗണ്ടറിലൂടെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ കെട്ടി തൂക്കിയ സംഭവത്തിൽ പോലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനു ശേഷമാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഛോട്ടു, ജുനൈദ്, സൊഹൈൽ, ഹഫീസുൽ, കരിമുദ്ദീൻ, ആരിഫ് എന്നിവരാണ് പിടിയിലായത്. പെൺകുട്ടികളെ ഫാമിലെത്തിച്ച ശേഷം സൊഹൈലും ജുനൈദും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ പ്രതികൾ തങ്ങളെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സൊഹൈലും ഹഫീസുലും ചേർന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കൂട്ടുപ്രതികളായ കരിമുദ്ദീനെയും ആരിഫിനെയും വിളിച്ച് വരുത്തി തെളിവുകൾ ഇല്ലാതാക്കാൻ പെൺകുട്ടികളെ മരത്തിൽ കെട്ടി തൂക്കുകയായിരുന്നുവെന്ന് എസ്പി സഞ്ജീവ് സുമൻ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളുടേത് ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു പ്രതികളുടെ ശ്രമം.
advertisement
ഛോട്ടു ഒഴികെയുള്ള എല്ലാ പ്രതികളും ലഖിംപൂർ ഖേരിയിലെ ലാൽപൂർ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ അയൽവാസിയായ ഛോട്ടുവാണ് രണ്ട് പെൺകുട്ടികയും പ്രതികൾക്ക് പരിചയപ്പെടുത്തിയതെന്നും ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു. എന്നാൽ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ ജൂനൈദിനെ എന്‍കൗണ്ടറിലൂടെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
advertisement
നിലവിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം പെൺകുട്ടികളുടെ പോസ്റ്റ്മാർട്ടം നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയായിരുന്നു ലഖിംപൂർ ഖേരിയിലെ നിഘസൻ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിൽ രണ്ടു സഹോദരിമാരെ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഈ കൊലപാതകത്തെ ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകവുമായി താരതമ്യപ്പെടുത്തികൊണ്ടുമായിരുന്നു ഇരുവരുടെയും പ്രതികരണം. കൂടാതെ എന്തുകൊണ്ടാണ് യുപിയിൽ സ്ത്രീകൾക്ക് എതിരായി ഹീനമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.'ലഖിംപൂരിലെ സഹോദരിമാരുടെ കൊലപാതകം ഹൃദയഭേദകമാണ്. പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നു'. എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.
advertisement
അതേസമയം കൊല്ലപ്പെട്ട ദളിത് പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പ്രകടനം നടത്തി. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയിക്കാൻ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
Location :
First Published :
September 15, 2022 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | യുപിയിലെ ദളിത് സഹോദരിമാരുടെ കൊലപാതകം: 6 പേർ അറസ്റ്റിൽ; രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ വെടിവെച്ചു വീഴ്ത്തി


