ഇറാന്റെ സദാചാര പോലീസിനെ പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. രാജ്യത്തെ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്‌സ അമിനി എന്ന യുവതിയുടെ മരണത്തെ തുടർന്ന് രണ്ട് മാസത്തിലേറെയായി രാജ്യത്ത് പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു. സദാചാര പോലീസിന് ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ലെന്നും അതിനെ പിൻവലിച്ചെന്നും അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാനിൽ വെച്ചാണ് രാജ്യത്തെ മതകാര്യ പോലീസ് മഹ്സ അമിനിയെ അറസ്റ്റ് ചെയ്തത്. ഈ വർഷം സെപ്റ്റംബർ 16 നാണ് കുർദിഷ് വംശജയായ ഈ 22 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരിച്ചത്. ഇതേത്തുടർന്ന് ഇറാനിലുടനീളം സ്ത്രീകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധം നടന്നു വരികയാണ്. അധികാരികൾ ഈ പ്രതിഷേധങ്ങളെ ‘കലാപം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ആരാണ് ഇറാനിലെ സദാചാര പോലീസ്? അവരുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ്?
ഗഷ്റ്റ്-ഇ എർഷാദ് അല്ലെങ്കിൽ ഗൈഡൻസ് പട്രോൾ എന്നറിയപ്പെടുന്ന ഇറാനിലെ മതകാര്യ പോലീസ് അഥവാ സദാചാര പോലീസ് യാഥാസ്ഥിതികനായ മഹ്മൂദ് അഹമ്മദി നെജാദ് പ്രസിഡൻറായിരുന്നപ്പോഴാണ് സ്ഥാപിക്കപ്പെട്ടത്. എളിമയുടെയും ശിരോവസ്ത്രം ധരിക്കുന്നതിന്റെയും സംസ്കാരം ജനങ്ങളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഇറാൻ നടപ്പാക്കിയത്. 2006 മുതൽ സദാചാര പോലീസ് യൂണിറ്റുകൾ ഇറാനിൽ പട്രോളിംഗ് ആരംഭിച്ചു.
”വസ്ത്രം വളരെ ഇറുകിയതാണെങ്കിലോ, ശരീരം കാണിക്കുന്നുതാണെങ്കിലോ, സ്ലീവ് ചെറുതാണെങ്കിലോ, റൈപ്പ്ഡ് ജീൻസ് ധരിച്ചാലോ ആരെങ്കിലും വന്ന് നിങ്ങൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ കൊണ്ടുവരുന്നത് വരെ അവർ നിങ്ങളെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും”, എന്നാണ് നാഷണൽ ഇറാനിയൻ അമേരിക്കൻ കൗൺസിലിലെ റിസർച്ച് ഡയറക്ടർ അസൽ റാഡ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
Also Read-പ്രക്ഷോഭം ഫലം കണ്ടു; ഇറാൻ ഭരണകൂടം മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി
മദ്യപിച്ചിട്ടുണ്ടെങ്കിലോ പരസ്പരം ബന്ധമില്ലാത്ത ആണും പെണ്ണും ഒന്നിച്ച് പാർട്ടികളിലോ ഒത്തുചേരലുകളിലോ പങ്കെടുക്കുന്നത് ശ്രദ്ധയിൽ പെട്ടാലോ അവരെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനുമുള്ള അധികാരവും സദാചാര പോലീസിനുണ്ട്.
ശരി ഉയർത്തിപ്പിടിക്കുന്നതിലും തെറ്റിനെ എതിർക്കുന്നതിനും തങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് സദാചാര പോലീസ് കരുതുന്നു. ഇതേക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും പുറത്തു വന്നിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് കാല മതപരമായ അവധി ദിവസങ്ങളിലും ഇവർ പതിവിലും കർശനമായിട്ടാണ് പെരമാറുന്നത്.
1990-കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തോടെയാണ് രാജ്യത്തെ സദാചാര പോലീസ് ഔദ്യോഗികമായി ഒരു പ്രത്യേക വിഭാഗമായി മാറിയതെന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും അന്തർദേശീയ രാഷ്ട്രീയം പഠിപ്പിക്കുന്ന റോക്‌സൻ ഫാർമാൻഫാർമിയൻ പറയുന്നു. അപ്പോൾ മുതൽ പല സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണം മൂലം പൊതു ഇടങ്ങളിൽ പീഡനങ്ങൾക്ക് ഇരകളായിട്ടുണ്ട്. ഇറാനിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന നിയമം 1979 മുതൽ പ്രാബല്യത്തിലുണ്ട്. 2000 -ാമാണ്ട് മധ്യത്തിൽ മഹമൂദ് അഹമ്മദി നെജാദ് ഇറാന്റെ പ്രസിഡന്റായതിനുശേഷം, ഈ നിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമായി.
എന്താണ് മഹ്സ അമിനി കേസ്?
നിര്‍ബന്ധിത ശിരോവസ്ത്രമായ ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന് ആരോപിച്ചാണ് സെപ്റ്റംബര്‍ പതിമൂന്നിന് സാദാചാര പോലീസ് മഹ്‌സ അമീനയെ കസ്റ്റഡിയില്‍ എടുത്തത്. പടിഞ്ഞാറൻ പ്രവിശ്യയായ കുർദിസ്ഥാനിൽ നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് എത്തിയതായിരുന്നു ഈ 22 കാരി. അറസ്റ്റ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അമിനി കോമയിലായി. സെപ്റ്റംബര്‍ 16 ന് അമിനി മരിച്ചു. സദാചാര പോലീസ് അമിനിയെ മര്‍ദ്ദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അമിനി മര്‍ദ്ദിക്കപ്പെട്ടു എന്ന ആരോപണം ഇറാന്‍ ഭരണകൂടം നിഷേധിക്കുകയാണ് ചെയ്തത്.
പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന അമിനി പോലീസുകാരിയുമായുള്ള വാക്കു തർക്കത്തിനിടെ കുഴഞ്ഞുവീണതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. തടങ്കൽ കേന്ദ്രത്തിൽ വെച്ച് ഹിജാബ് നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ അമിനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഇറാൻ സുരക്ഷാ സേന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ അറസ്റ്റിന് മുമ്പുവരെ അവൾ പൂർണ ആരോഗ്യവതിയായിരുന്നുവെന്നാണ് അമിനിയുടെ വീട്ടുകാർ പറയുന്നത്.
ഇറാനിലെ സദാചാര പോലീസ് ഇല്ലാതായോ?
ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരിയാണ് കഴിഞ്ഞ ദിവസം സദാചാര പൊലീസിനെ പിരിച്ചുവിട്ടെന്ന് അറിയിച്ചത്. മതകാര്യപോലീസിന് ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടു തന്നെ ആ സംവിധാനത്തെ നിര്‍ത്തലാക്കുകയാണ് എന്നാണ് മൊണ്ടസേരി പ്രഖ്യാപിച്ചത്.
മിതവാദിയായ മുൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ കാലത്ത് ഇറുകിയ ജീൻസ് ധരിച്ച സ്ത്രീകളെയും അയഞ്ഞ ശിരോവസ്ത്രങ്ങൾ ധരിക്കുന്നവരെയും രാജ്യത്ത് കാണാമായിരുന്നു. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം ഫൈസി അൽപം കൂടി കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. “ഇറാന്റെയും ഇസ്ലാമിന്റെയും ശത്രുക്കൾ അഴിമതി പ്രചരിപ്പിച്ച്, സമൂഹത്തിന്റെ സാംസ്കാരികവും മതപരവുമായ മൂല്യങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ്” എന്ന് റൈസി പറയുന്നു. അതിനിടയിലും നിരവധി സ്ത്രീകൾ ഇത്തരം നിയമങ്ങൾ ലംഘിക്കുന്ന കാഴ്ച രാജ്യത്ത് കാണാം. തലമുടി കാണുന്ന വിധത്തിൽ ശിരോവസ്ത്രം ധരിച്ചും ജീൻസ് ധരിച്ചും രാജ്യത്തെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലുമൊക്കെ ഇപ്പോൾ സ്ത്രീകൾ പ്രത്യക്ഷപ്പെടാറുണ്ട്.
ഇറാനു സമാനമായി സൗദി അറേബ്യയിലും സ്ത്രീകളുടെ വസ്ത്രധാരണ രീതികളും മറ്റ് പെരുമാറ്റ നിയമങ്ങളും നടപ്പിലാക്കാൻ സദാചാര പോലീസ് ഉണ്ടായിരുന്നു. എന്നാൽ ഇവരെ അപേക്ഷിച്ച് ഇറാനിലെ പോലീസ് അൽപം അയഞ്ഞ സമീപനമാണ് സ്വീകരിച്ചിരുന്നത്. 2016 മുതൽ സൗദി അറേബ്യ സദാചാര പോലീസിനെ പിൻവലിച്ചു.
അടിച്ചമർത്തലുകളും പീഡനങ്ങളും
വർഷങ്ങളായി, സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട് ഇറാനിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 മെയ് മാസത്തിലെ ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, തലസ്ഥാനമായ ടെഹ്‌റാനിൽ മാത്രം, 2017 ഡിസംബർ മുതൽ 35-ലധികം സ്ത്രീ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിജാബ് വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുന്നത്.
2018 ഏപ്രിലിൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ ടെഹ്‌റാനിലെ ഒരു സ്ത്രീയെ ഒരു വനിതാ സദാചാര പോലീസ് ഉദ്യോഗസ്ഥ മർദിച്ചതായും ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. 3 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോക്ക് 30,000-ത്തിലധികം കമന്റുകളും ലഭിച്ചിരുന്നു. ഈ സംഭവം ലോകമെമ്പാടും വിവിധ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇറാനിലെ വുമൺസ് അഫയേഴ്സ് വൈസ് പ്രസിഡന്റ് മസൗമെ എബ്‌തേക്കറും അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവൃത്തികളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല എന്നും അവർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.