• HOME
 • »
 • NEWS
 • »
 • explained
 • »
 • ഒരു ഹിന്ദു പുരുഷന് ഒരേ സമയം രണ്ടു ഭാര്യമാർ ആകാമോ? ഹിന്ദു വിവാഹ നിയമം പറയുന്നതെന്ത്?

ഒരു ഹിന്ദു പുരുഷന് ഒരേ സമയം രണ്ടു ഭാര്യമാർ ആകാമോ? ഹിന്ദു വിവാഹ നിയമം പറയുന്നതെന്ത്?

ഐടി എൻജിനീയർമാരായ സഹോദരിമാർ ഒരു യുവാവിനെ വിവാഹം കഴിച്ചത് നേരത്തെ വലിയ വാർത്തയായിരുന്നു...

 • Share this:

  മഹാരാഷ്ട്രയിലെ ഇരട്ട സഹോദരിമാർ ഒരു പുരുഷനെ വിവാഹം കഴിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. വധുവിന്റെയും വരന്റെയും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 494 പോലീസ് വരനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 494 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് അനുസരിച്ച് ഭർത്താവോ ഭാര്യയോ നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. മുംബൈയിലെ ഐടി എൻജിനീയർമാരായ റിങ്കി, പിങ്കി എന്നീ സഹോദരിമാരാണ് അതുൽ അത്വാഡെ എന്നയാളെ വിവാഹം കഴിച്ചത്.

  ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉം, 1948-ൽ അംഗീകരിച്ച യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സിലെ ആർട്ടിക്കിൾ 16 ഉം ഒരു വ്യക്തിക്ക് വിവാഹം ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ, വിവാഹം സംബന്ധിക്കുന്ന ഒരു ഏകീകൃത നിയമസംഹിതയില്ല. ഇക്കാര്യത്തിൽ വ്യത്യസ്ത മതങ്ങൾ വ്യത്യസ്ത നിയമങ്ങളാണ് പിന്തുടരുന്നത്.

  1955 ൽ നിലവിൽ നന്ന ഹിന്ദു വിവാഹ നിയമമാണ് രാജ്യത്തെ ഹൈന്ദവ വിശ്വാസികൾ പിന്തുടരുന്നത്. മുസ്ലീങ്ങൾ 1937 ലെ മുസ്ലീം വ്യക്തിനിയമവും (ശരിയത്ത്) ക്രിസ്ത്യാനികൾ 1872 ൽ നിലവിൽ വന്ന ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമവും പിന്തുടരുന്നു. പാഴ്സികകൾക്ക് പാഴ്സി വിവാഹ നിയമവും, വിവാഹമോചന നിയമവും ഉണ്ട്. ഒരു പ്രത്യേക മതവിശ്വാസവും പിന്തുടരാത്ത ആളുകൾ തമ്മിലുള്ള വിവാഹങ്ങൾക്കായി 1954-ൽ പ്രത്യേക വിവാഹ നിയമം പാസാക്കിയിരുന്നു.

  ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകൾ എന്തൊക്കെ? ഈ നിയമം ബഹുഭാര്യാത്വം, ബഹു ഭർത‍ൃത്വം എന്നിവയെക്കുറിച്ച് പറയുന്നതെന്ത്?

  ഹിന്ദു വിവാഹങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് 1955 ലാണ് കേന്ദ്ര സർക്കാർ ഹിന്ദു വിവാഹ നിയമം പാസാക്കിയത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നീ മത വിശ്വാസങ്ങൾ പിന്തുടരുന്നവർക്കെല്ലാം ഈ നിയമം ബാധകമാണ്. നിയമത്തിലെ സെക്ഷൻ 5 ൽ ബഹുഭാര്യാത്വമോ ബഹു ഭർത‍ൃത്വമോ പാടില്ലെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. വരന്റെയും വധുവിന്റെയും പൂർണ സമ്മതത്തോടെ ആയിരിക്കണം വിവാഹം നടത്തേണ്ടതെന്നും പറയുന്നുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച വ്യക്തിയാണെങ്കിൽ അടുത്ത വിവാഹം കഴിക്കുമ്പോൾ അവരുടെ പങ്കാളി ജീവിച്ചിരിപ്പുണ്ടാവരുത്. ഇത്തരത്തിലുള്ള വിവാഹമേ സാധുവായി കണക്കാക്കൂ.

  ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹിതരാകുന്ന രണ്ട് കക്ഷികൾക്കും കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണം. ഇവർക്ക് നിരോധിക്കപ്പെട്ട മറ്റു ബന്ധങ്ങളൊന്നും ഉണ്ടാകാൻ പാടില്ല. അടുത്ത രക്തബന്ധം ഉള്ളവർ തമ്മിലുള്ള വിവാഹവും നിയമം വിലക്കുന്നുണ്ട്.

  നിയമത്തിലെ 17-ാം വകുപ്പിൽ ദ്വിഭാര്യത്വം ശിക്ഷാർഹമാണെന്ന് പറയുന്നുണ്ട്. ”ഈ നിയമ പ്രകാരം വിവാഹം കഴിക്കുന്ന രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള ഏത് വിവാഹവും സാധുവാണെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (1860-ലെ 45) 494, 495 വകുപ്പുകളിലെ വ്യവസ്ഥകളെല്ലാം ഇവിടെ ബാധകമാകും എന്നും” ഇന്ത്യൻ കാനൂണിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു.

  രാജ്യത്തെ വിവാഹ നിയമങ്ങളുടെ പരിഷ്കരണം

  വിവിധ മതങ്ങളിലെ വിവാഹം സംബന്ധിക്കുന്ന നിയമം പാസാക്കുന്നതോടൊപ്പം സാമൂഹിക തിന്മകളായി കണക്കാക്കുന്ന ചില ആചാരങ്ങൾ നിരോധിക്കാനും പാർലമെന്റ് നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സതി, ശൈശവ വിവാഹം, മുത്തലാഖ് മുതലായവയെല്ലാം അതിന് ഉദാഹരണങ്ങളാണ്.

  ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ, ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ ആത്മാഹൂതി ചെയ്തിരുന്ന സമ്പ്രദായമായിരുന്നു സതി. 1987 ൽ കമ്മീഷൻ ഓഫ് പ്രിവൻഷൻ ഓഫ് സതി ആക്റ്റ് പ്രാബല്യത്തിൽ വന്നു. ഇന്ത്യയിൽ എല്ലായിടത്തും സതി എന്ന ദുരാചാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം രൂപീകരിച്ചത്. ഒരു വിധവ സ്വമേധയാ ചിതയിലേക്ക് എടുത്തു ചാടുന്നതോ അവരെ കത്തിക്കുന്നതോ ജീവനോടെ കുഴിച്ചുമൂടുന്നതോ ഈ നിയമം വിലക്കുന്നു. സതി എന്ന ആചാരത്തെ മഹത്വവൽക്കരിക്കുന്നതും നിയമം നിരോധിക്കുന്നു.

  വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി നിലവിലുണ്ടായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് വലിയ അളവു വരെ കാരണമായി.

  ശൈശവ വിവാഹം

  2006-ലെ ശൈശവ വിവാഹ നിരോധന നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള 2012-ലെ നിയമം എന്നിവ ഉൾപ്പെടെ, മനുഷ്യാവകാശങ്ങളുടെയും മറ്റ് അവകാശങ്ങളുടെയും ലംഘനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും രാജ്യത്ത് നിരവധി നിയമങ്ങൾ നിലവിലുണ്ട്.

  സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി
  ഈ ​ഗുണത്തിന്റെ ഗുണദോഷങ്ങൾ വിലയിരുത്തി വരികയാണ്. ഇന്ത്യയിലെ വിവാഹങ്ങളെ നിയന്ത്രിക്കുന്ന വിവിധ വ്യക്തിനിയമങ്ങൾക്കൊപ്പം,
  ഈ നിയമം ഭേദഗതി ചെയ്യാനും സർക്കാർ ആഗ്രഹിക്കുന്നുണ്ട്. നിലവിലെ നിയമങ്ങൾ ശൈശവവിവാഹം അവസാനിപ്പിക്കാൻ പര്യാപ്തമല്ലെന്ന് ആക്ടിവിസ്റ്റുകളും സംഘടനകളും പറയുന്നു.

  ബേട്ടി ബച്ചാവോ ബേഠി പഠാവോ പോലുള്ള കേന്ദ്ര സർക്കാർ പദ്ധതികൾക്കു പുറമേ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബോധവൽക്കരണ കാമ്പെയ്‌നുകൾ തുടങ്ങി നിരവധി മുന്നേറ്റങ്ങൾ പല സംസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ‘കന്യാശ്രീ’ പദ്ധതി ഇതിന് ഒരു ഉദാഹരണമാണ്. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. എന്നാൽ പെൺമക്കളുടെ വിവാഹസമയത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് ഒറ്റത്തവണയായി 25,000 രൂപ നൽകുന്ന ‘രൂപശ്രീ’ എന്ന മറ്റൊരു പദ്ധതി വിപരീതഫലമുണ്ടാക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകരിൽ ചിലർ അഭിപ്രായപ്പെടുന്നു. പെൺകുട്ടികൾ സുരക്ഷിതമായി സ്‌കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബീഹാർ അടക്കമുള്ള ചില സംസ്ഥാനങ്ങൾ സൈക്കിൾ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ സ്‌കൂൾ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാരും പ്രത്യേത പദ്ധതി‌ രൂപീകരിച്ചിട്ടുണ്ട്.

  മുത്തലാഖ്

  ട്രിപ്പിൾ തലാഖ് അഥവാ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് 2017 ൽ സുപ്രീം കോടതി വിധിച്ചിരുന്നു.’തലാഖ്’ (വിവാഹമോചനം) എന്ന് മൂന്ന് തവണ പറഞ്ഞുകൊണ്ട് ഒരു മുസ്ലീം പുരുഷന് തന്റെ ഭാര്യയെ മിനിറ്റുകൾക്കുള്ളിൽ വിവാഹമോചനം ചെയ്യാൻ അനുവദിക്കുന്ന രീതിയാണ് ഇത്. സുപ്രീം കോടതി വിധിക്ക് മുൻപ് മുത്തലാഖ് നിലവിലുണ്ടായിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നു. ഈ ആചാരം നിരോധിക്കണമെന്ന മുസ്ലീം സ്ത്രീകളുടെയും മറ്റ് മനുഷ്യാവകാശ പ്രവർത്തകരും പ്രചാരണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പിന്തുണക്കുകയാണ് ചെയ്തത്.

  Published by:Anuraj GR
  First published: