ഒരു കൊതുകു കടിച്ചാൽ എന്തു സംഭവിക്കും? കൊതുകുകൾ പരത്തുന്ന പകർച്ച വ്യാധികളെക്കുറിച്ച് നമുക്കറിയാം. എന്നാൽ അതുമൂലം ഒരാളുടെ കാൽവിരലുകൾ മുറിച്ചു മാറ്റിയെന്നു കേട്ടാൽ വിശ്വസിക്കാനാകുമോ? എന്നാൽ ഇത് കെട്ടുകഥയല്ല. ജർമൻ സ്വദേശിയായ സെബാസ്റ്റ്യൻ റോട്ഷ്കെ എന്ന 27കാരന് കൊതുകടിയേറ്റതിന്റെ പേരിൽ മുപ്പതിലധികം ഓപ്പറേഷനുകൾക്ക് വിധേയനാകേണ്ടി വന്നു. ഈ ചെറുപ്പക്കാരന്റെ രണ്ട് കാൽവിരലുകളും മുറിച്ചുമാറ്റി. ഒരു മാസത്തോളം ഇയാൾ കോമയിലായിരുന്നു.
”ഞാൻ വിദേശത്തൊന്നും പോയിട്ടില്ല. ഇവിടെ നിന്നു തന്നെ ആയിരിക്കണം കൊതുകു കടിയേറ്റത്. വളരെക്കാലം ഞാൻ കിടപ്പിലായിരുന്നു. ബാത്റൂമിൽ പോകാൻ പോലും ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥ. പനിയും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാനും ആകുമായിരുന്നില്ല. ഈ അവസ്ഥ പെട്ടെന്ന് അവസാനിക്കുമെന്നാണ് ആദ്യം ഞാൻ കരുതിയത്”, സെബാസ്റ്റ്യൻ പറയുന്നു.
എന്താണ് സംഭവിച്ചത്?
ഏഷ്യൻ ടൈഗർ എന്ന വിഭാഗത്തിൽ പെട്ട കൊതുകാണ് സെബാസ്റ്റ്യനെ കടിച്ചത്. ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ഇയാളുടെ രക്തത്തിൽ വിഷബാധയുണ്ടായെന്ന് കണ്ടെത്തിയത്. കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെയും അതു ബാധിച്ചു. അവിടം കൊണ്ടും ദുരിതങ്ങൾ അവസാനിച്ചില്ല. സെബാസ്റ്റ്യന്റെ ഇടതു തുടയിൽ ഒരു വലിയ കുരു വന്നു. ‘സെറാറ്റിയ മാർസെസെൻസ്’ എന്ന ബാക്ടീരിയയാണ് അതിനു കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കരുതിയിരുന്നത്. അതോടെ ആ ചെറുപ്പക്കാരന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. എന്നാൽ മുപ്പത് ഓപ്പറേഷനുകൾക്കും രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചു മാറ്റിയതിനും ശേഷം, അവസ്ഥ മെച്ചപ്പെട്ടെന്നും ഇതുവരെ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നും സെബാസ്റ്റ്യൻ പറയുന്നു.
ഏഷ്യൻ ടൈഗർ കൊതുകുകളെക്കുറിച്ച് കൂടുതലറിയാം
ഈഡിസ് ആൽബോപിക്റ്റസ് എന്ന ശാസ്ത്രീയ നാമത്തിലാണ് ഏഷ്യൻ ടൈഗർ കൊതുകുകൾ അറിയപ്പെടുന്നത്. കറുപ്പിൽ വെളുത്ത വരകൾ ഉള്ളവയാണ് ഇത്തരം കൊതുകുകൾ. നാഷണൽ ഹെൽത്ത് ലൈബ്രറിയുടെ കണക്കനുസരിച്ച്, ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന കൊതുകുകളിൽ ഒന്നാണിത്. മറ്റ് കൊതുകുകളെപ്പോലെ, മരങ്ങളിലും പഴയ ടയറുകളിലും വെള്ളം നിറഞ്ഞ ചാലുകളും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഏഷ്യൻ ടൈഗർ കൊതുകുകൾ മുട്ടയിടുന്നത്. മുട്ടയിട്ടുകഴിഞ്ഞാൽ, ഇവ തങ്ങളുടെ പ്രജനനസ്ഥലത്തു നിന്ന് അര മൈലിൽ കൂടുതൽ പറക്കില്ല.
ഏഷ്യൻ ടൈഗർ വിഭാഗത്തിലെ ആൺ കൊതുകുകൾ സാധാരണയായി കടിക്കില്ല. ഇവ ചെടിയുടെ നീരാണ് ഭക്ഷണമാക്കുന്നത്. പെൺകൊതുകുകൾ രക്തമാണ് ഭക്ഷിക്കുന്നത്. രാത്രിയിൽ ഭക്ഷണം തേടിയെത്തുന്ന മറ്റു കൊതുകുകളിൽ നിന്ന് വ്യത്യസ്തമായി, ഏഷ്യൻ ടൈഗർ കൊതുകുകൾ പകൽ വെളിച്ചത്തിൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവയാണ്.
എന്തുകൊണ്ടാണ് ഏഷ്യൻ ടൈഗർ കൊതുകുകൾ ഇത്ര അപകടകാരികളാകുന്നത്?
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, വെസ്റ്റ് നൈൽ പനി, എൻസെഫലൈറ്റിസ്, സിക്ക വൈറസ് തുടങ്ങിയ ഇരുപതിലധികം തരം വൈറസുകൾ പരത്താനുള്ള ശേഷി ഏഷ്യൻ ടൈഗർ വിഭാഗത്തിൽ പെട്ട കൊതുകുകൾക്കുണ്ട്. ഇൻഫ്ലുവൻസ പോലുള്ള അണുബാധ, പനി, കൈകാലുകളിലെ വേദന, ക്ഷീണം എന്നിവയ്ക്കും ഇവ കാരണമാകും. ടൈഗർ കൊതുകുകൾ കടിച്ചാൽ സാധാരണ കൊതുകൾ കടിക്കുന്നതു പോലെയേ തോന്നൂ, പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ വലുതാണ്. സെബാസ്റ്റ്യന്റെ കാര്യത്തിൽ സംഭവിച്ചതു പോലെ അവ വളരെക്കാലം നീണ്ടുനിൽക്കുകയും ദോഷകരമായി ബാധിക്കുകയും ചെയ്തേക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.